sections
MORE

ജൊവാനയായിരുന്നു റിജോഷിന് എല്ലാം; ദിവസവും വീട്ടിൽ വരും, ഒടുവിൽ...?

rijosh-jowana-1
റിജോഷും ജൊവാനയും. ചിത്രം ഫെയ്സ്ബുക്
SHARE

മുംബൈ∙ ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. റിജോഷിന്റെ ഭാര്യ ലിജിയെയും(29) ഫാം ഹൗസ് മാനേജർ വസീമിനെയും(32) വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ ഇന്നലെ മുംബൈ പൻവേലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇളയ മകൾ ജൊവാന(2)യെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. ജൊവാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം മുംബൈയില്‍ത്തന്നെ സംസ്കരിക്കും.  

ശനിയാഴ്ച ഉച്ചയ്ക്കാണു പൻവേലിലെ ലോഡ്ജിൽ ജൊവാനയെ മരിച്ച നിലയിലും ഇവരെ അവശ നിലയിലും കണ്ടെത്തിയത്. വസീമിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടാൽ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഒക്ടോബർ 31 നാണു റിജോഷിനെ കാണാതായത്. തുടർന്നു നവംബർ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.  

കേസിൽ വസീമാണ് ഒന്നാം പ്രതി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനു വസീമിന്റെ സഹോദരൻ ഫഹാദ്(25) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതി ഫഹാദിനെ റിമാൻഡ് ചെയ്തു. വസീമിന്റെ വാട്സാപ് സന്ദേശം പിന്തുടർന്നാണ് അന്വേഷണ സംഘം പൻവേലിൽ എത്തിയത്. 

പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേർന്ന് കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ. 11 വർഷം മുൻപ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. 

ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ്  ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്. വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. 

ഒക്ടോബർ 31ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. റിജോഷിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. ലത്തീൻ സഭയിലെ വൈദികനായ മൂത്ത സഹോദരൻ വിജോഷും ഇളയ സഹോദരൻ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്നേഹ ബന്ധത്തിലായിരുന്നു. സഹോദരങ്ങളെ പോലെ തന്നെ അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും  കൊച്ചുമകൾ ജൊവാനയുടെയും വേർപാട് താങ്ങാവുന്നതിലധികമായി.

English Summary: Rijosh murder case; wife and friend suicide attempt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA