ADVERTISEMENT

കൊച്ചി ∙ വിവാഹ മോചനക്കേസ് കോടതിയിൽ നടക്കുന്നു. അതിനിടെയാണ് ആ പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായത്. അവൾ ഗർഭിണിയായതോടെ കാമുകൻ മുങ്ങി. അവളുടെ സ്വർണവും കിട്ടാവുന്നത്ര പണവും കൊണ്ടായിരുന്നു അവൻ പോയത്. അതോടെ അവളെ വീട്ടുകാരും കയ്യൊഴിഞ്ഞു. പ്രസവം കഴിഞ്ഞപ്പോൾ കാമുകൻ വീണ്ടുമെത്തി കുഞ്ഞിനെ കൊണ്ടുപോയി. അതിനെ തിരിച്ചുകിട്ടാൻ അവൾക്ക് വേറേ കേസ് കൊടുക്കേണ്ടിവന്നു. ആരുമില്ലാത്തവളെ കേസിൽ സഹായിക്കാനെത്തിയ ചിലർക്കും നോട്ടം അവളുടെ ശരീരമായിരുന്നു. ഏതോ സീരിയൽകഥ പോലെ തോന്നുന്നുണ്ടോ? കേരളത്തിൽ നടന്ന സംഭവമാണിത്.

പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാമെന്ന സുപ്രീം കോടതി വിധിയെ ദുരുപയോഗം ചെയ്ത് ചതിക്കപ്പെട്ട നിരവധി യുവതികളിൽ ഒരാൾ മാത്രമാണ് മുകളിൽ പറഞ്ഞ പെൺകുട്ടി. പ്രണയത്തിലും ലൈംഗികതയിലും ആദ്യത്തെ ആവേശം തണുക്കുന്നതോടെ അനാഥരാക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതായി വനിതാ കമ്മിഷനും വ്യക്തമാക്കുന്നു. വനിതാ കമ്മിഷനു മുന്നിലെത്തുന്ന ഇത്തരം പരാതികളുടെ എണ്ണം വർധിക്കുന്നതായാണ് വനിതാ കമ്മിഷന്റെ മെഗാ അദാലത്തിനു ശേഷം അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചത്. വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിച്ച ശേഷം പുരുഷൻമാർ ഉപേക്ഷിച്ചു പോകുന്നതായാണ് പരാതികളിൽ ഏറെയും. 

പ്രണയം കടുത്ത് ഒരുമിച്ച് താമസം ആരംഭിച്ച് ജീവിതം തർക്കങ്ങൾക്കു വഴിമാറിയപ്പോൾ പെൺകുട്ടിയെ യുവാവ് താമസസ്ഥലത്തുനിന്ന് ഇറക്കി വിട്ടു. പക്ഷേ യുവതിയുടെ സർട്ടിഫിക്കറ്റുകൾ യുവാവിന്റെ കൈവശമാണ്. ഇത് തിരികെ ലഭിക്കാൻ സഹായിക്കണം എന്ന അഭ്യർഥനയുമായാണ് അവൾ വനിതാ കമ്മിഷന് മുന്നിലെത്തിയത്. സർട്ടിഫിക്കറ്റുകൾ ഉടൻ ഫോർട്ട് കൊച്ചി പൊലീസിനു കൈമാറാൻ കമ്മിഷൻ യുവാവിന് നിർദേശം നൽകിയിട്ടുണ്ട്. 

വിവാഹേതര ബന്ധങ്ങൾ മൂലം ശിഥിലമാക്കപ്പെടുന്ന കുടുംബങ്ങളിൽ നിന്നുള്ള നിരവധി പരാതികളും കമ്മിഷനു മുന്നിലെത്തി. പരാതിക്കാരിൽ സ്ത്രീകളും പുരുഷൻമാരുമുണ്ടായിരുന്നു. പൊലീസുകാർ പ്രതികളായ ഗാർഹിക പീഡനക്കേസുകൾ വർധിച്ചിട്ടുണ്ട് എന്നതും ആശങ്കയുണ്ടാക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളും സംസ്ഥാനത്ത് വർധിച്ചിട്ടുണ്ടെന്നാണു വ്യക്തമാകുന്നത്. മട്ടന്നൂർ സ്വദേശിനിയായ വൃദ്ധയെ കബളിപ്പിച്ച് കാലടി മാണിക്യമംഗലത്തെ ചാരിറ്റി സ്ഥാപന നടത്തിപ്പുകാരൻ സ്വന്തമാക്കിയത് 22 ലക്ഷം രൂപ. മൂന്നുു ഗഡുക്കളായി ഈ തുക വൃദ്ധയ്ക്കു മടക്കി നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്. ഇതിൽ ഒരു ലക്ഷം രൂപ അദാലത്തിൽ കൈമാറിയിട്ടുണ്ട്. അടുത്ത ഗഡുവായ 7 ലക്ഷം രൂപ 2020 ഫെബ്രുവരി ആദ്യവാരം നടക്കുന്ന അദാലത്തിൽ കൈമാറാനും ധാരണയായിട്ടുണ്ട്.

ബുധനാഴ്ച അദാലത്തിൽ 86 പരാതികളാണ് വനിതാ കമ്മിഷൻ പരിഗണിച്ചത്. ഇതിൽ 26 എണ്ണം തീർപ്പാക്കിയിട്ടുണ്ട്. 4 എണ്ണം വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായും 56 എണ്ണം അടുത്ത അദാലത്തിനായും മാറ്റിവച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com