ADVERTISEMENT

ഗാസ∙ ഇറാൻ പിന്തുണയോടെ പോരാടുന്ന പലസ്തീൻ സംഘടനയായ ഇസ്‍ലാമിക് ജിഹാദിന്റെ മുഖ്യ കമാൻഡർ ബഹ അബു അൽ അത്തയെ വധിച്ച് ഇസ്രയേൽ. ചൊവ്വാഴ്ച ശക്തമായ റോക്കറ്റ് ആക്രമണത്തിലാണ് ഗാസ മുനമ്പിൽ സംഘടനാ നേതാവിനെ ഇസ്രയേൽ വധിച്ചത്. സിറിയ ദമാസ്കസിലെ അദ്ദേഹത്തിന്റെ വീടിനു നേരെ നടന്ന മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ ബഹ അബു അൽ അത്തയുടെ ഒരു മകനുമുള്ളതായി സിറിയന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേലാണ് ദമാസ്കസ് ആക്രമിച്ചതിനു പിന്നിലെന്ന് സിറിയ ആരോപിച്ചു. എന്നാൽ വിഷയത്തില്‍ പ്രതികരിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല. രാത്രി മുഴുവൻ തുടർന്ന ഇസ്രയേൽ റോക്കറ്റാക്രമണത്തില്‍ 10 പലസ്തീൻകാര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഗാസയിൽനിന്നുള്ള ആക്രമണത്തിൽ 25 ഇസ്രയേലുകാർക്കു പരുക്കേറ്റതായാണു വിവരം. റോക്കറ്റുകൾ ടെല്‍ അവീവിനു സമീപം വരെ എത്തിയതായി റിപ്പോർട്ടുകളുണ്ട്. യുഎന്നിലെ മധ്യപൂർവദേശത്തിനായുള്ള പ്രതിനിധി അടിയന്തര ഇടപെടലുകൾക്കായി ഈജിപ്തിലെ കെയ്റോയിലേക്കു പുറപ്പെട്ടതായി നയതന്ത്ര വൃത്തങ്ങൾ രാജ്യാന്തര വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു.

Baha Abu Al-Atta
ബഹ അബു അൽ അത്തയുടെ മൃതദേഹവും വഹിച്ച് നടത്തിയ വിലാപ യാത്ര

അടുത്ത കാലത്തായി നടക്കുന്ന അതിർത്തി കടന്നുള്ള റോക്കറ്റ്, ഡ്രോൺ, സ്നിപ്പർ ആക്രമണങ്ങളുടെ ഉത്തരവാദി അൽ അത്തയാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിലപാട്. അത്ത ഇനിയും പല ആക്രമണങ്ങൾക്കും പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ നെതന്യാഹു ‘ടിക്കിങ് ബോംബ്’ എന്നാണ് ഇയാളെ വിശേഷിപ്പിച്ചത്. ആക്രമണത്തിന്റെ തീവ്രത കൂട്ടുന്നതിന് ഇസ്രയേലിനു താൽപര്യമില്ല. എന്നാൽ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണു നടപടികളെന്നും നെതന്യാഹു വ്യക്തമാക്കി.

ഗാസയിൽ അൽ അത്തയുടെ സംസ്കാരച്ചടങ്ങുകൾക്ക് എത്തിയവരെല്ലാം ആകാശത്തേക്കു വെടിയുതിർത്തു പ്രതികാര ശബ്ദം മുഴക്കിക്കഴിഞ്ഞു. സിറിയയിലേയും ഗാസയിലേയും 2 സംഘടിതമായ ആക്രമണങ്ങൾ യുദ്ധപ്രഖ്യാപനമാണെന്ന് ഇസ്‍ലാമിക് ജിഹാദ് നേതാവ് ഖാലിദ് അൽ ബത്സ് പറഞ്ഞു. അടുത്ത കാലത്തായി ഇവിടെ നടന്ന ആക്രമണങ്ങൾ ഈജിപ്ത്, യുഎൻ നയതന്ത്ര ചർച്ചകളുടെ ഭാഗമായി അവസാനിച്ചിരുന്നു. ഇസ്‍ലാമിക് ജിഹാദിന് പിന്തുണയുമായി ഗാസ നിയന്ത്രിക്കുന്ന ഹമാസും രംഗത്തുണ്ട്. പ്രത്യാഘാതങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഇസ്രയേലിനു മാത്രമായിരിക്കുമെന്നു ഹമാസ് പ്രതികരിച്ചു കഴിഞ്ഞു.

Baha Abu Al-Atta
ബഹ അബു അൽ അത്തയുടെ വീട് ഇസ്രയേൽ ആക്രമണത്തിന് ശേഷം

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‍ലാമിക് ജിഹാദ് അംഗങ്ങളെയും അവരുടെ താവളങ്ങളെയും ലക്ഷ്യമിട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ എട്ട് പലസ്തീൻകാർ കൊല്ലപ്പെട്ടതായാണു വിവരം. ഇതിൽ നാലുപേർ ഇസ്‌‍ലാമിക് ജിഹാദ് അംഗങ്ങളാണ്. നാലുപേർ മറ്റൊരു സംഘത്തിന്റെ ഭാഗമാണ്. 30 ൽ അധികം പലസ്തീൻകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. പലസ്തീനിൽനിന്ന് ഇരുനൂറോളം റോക്കറ്റുകൾ ഇസ്രയേൽ ലക്ഷ്യമിട്ട് എത്തിയതായാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ദമാസ്കസ് ആക്രമണത്തിലൂടെ രാഷ്ട്രീയ നേതാവ് അക്രം അൽ അജൗരിയെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് ഇസ്‍ലാമിക് ജിഹാദ് ആരോപിച്ചു.

ഇസ്‍ലാമിക് ജിഹാദിന്റെ സൈനിക വിഭാഗത്തിന്റെ തലവനാണ് അല്‍ അജൗരിയെന്നാണ് ഇസ്രയേൽ ആർമി റേഡിയോ അറിയിച്ചത്. ദമാസ്കസ് ആക്രമണത്തിൽ രണ്ട് ഇരുനില കെട്ടിടങ്ങളുടെ മുകൾഭാഗങ്ങൾ പൂർണമായി തകർക്കപ്പെട്ടതായി റോയിട്ടേഴ്സിന്റെ മാധ്യമപ്രവർത്തകൻ പറഞ്ഞു. എന്നാല്‍ അല്‍ അജൗരിക്ക് എന്താണു സംഭവിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

English Summary: Israel killed a top commander from the Iranian-backed Palestinian militant group Islamic Jihad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com