sections
MORE

ശബരിമല വിധി: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; അക്രമമുണ്ടായാൽ കർശനനടപടി

sabarimala-file-photo
SHARE

ശബരിമല ∙ ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി വ്യാഴാഴ്ച വരാനിരിക്കെ സംസ്ഥാനത്തു ജാഗ്രതാ നിര്‍ദേശം. അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടെ 60 ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ച വിധി സുപ്രീംകോടതി തിരുത്തുമോ, അതോ യുവതീപ്രവേശ വിധിയില്‍ ഉറച്ച് നില്‍ക്കുമോ, ഇതു രണ്ടും ചെയ്യാതെ വിഷയം വിശാല ബെഞ്ചിന് വിടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. 2018 സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് യുവതീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞത്.

ഇതിനെതിരായ 56 പുനഃപരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്നകോടതിയില്‍ വാദം കേട്ടു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍എസ്എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മുഖ്യഹര്‍ജിക്കാര്‍. മറുവശത്ത് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും യങ് ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളും.

യുവതീപ്രവേശ വിലക്ക് വിവേചനപരമോ അയിത്തമോ അല്ല, നൈഷ്ഠിക ബ്രഹ്മചാരിയെന്ന നിലയ്ക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങിയവയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. വിലക്കിന്‍റെ അടിസ്ഥാനം അയിത്തവും ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപ്പാടുമാണെന്നും യുവതീപ്രവേശ വിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.

ഭരണഘടനാ ബെഞ്ചിലെ നാല് അംഗങ്ങളില്‍ മൂന്നു പേരും യുവതീപ്രവേശത്തെ അനുകൂലിച്ചവരാണ്. യുവതീപ്രവേശ വിലക്കില്‍ തെറ്റില്ലെന്നു വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം ബെഞ്ചിലെ പുതിയ അംഗമെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാട് നിര്‍ണായകമാകും.

English Summary: Police Alert On Sabarimala Verdict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA