ADVERTISEMENT

ന്യൂഡല്‍ഹി∙ റഫാല്‍ ഇടപാടിൽ മോദി സർക്കാരിന് ക്ലീൻ ചിറ്റ് നല്‍കിയ സുപ്രീം കോടതി നടപടിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ വ്യാഴാഴ്ച വിധി പറയും. ശബരിമല യുവതീപ്രവേശ വിഷയത്തിലെ നിർണായക വിധിക്കു പുറമെയാണു റഫാലിലും സുപ്രീം കോടതി ഇതേ ദിവസം തന്നെ വിധി പറയുക. റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെയായിരുന്നു പുനഃപരിശോധനാ ഹർജികൾ എത്തിയത്.

കോടതിക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കള്ളസാക്ഷ്യത്തിനു നടപടി വേണമെന്നും ആവശ്യമുയർന്നു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. റഫാൽ വിഷയത്തെക്കുറിച്ച് ഇല്ലാത്ത സിഎജി റിപ്പോർട്ട് ഉണ്ടെന്നും അതു പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നുമാണ് ഡിസംബറിലെ വിധിയിൽ കോടതി പറഞ്ഞത്.

ഇതിനെതിരെ ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ, എന്നിവരാണു പുനഃപരിശോധനാ ഹര്‍ജികൾ സമർപ്പിച്ചത്. മേയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

English Summary: Supreme Court to pronounce tomorrow its judgement on Rafale review petitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com