ADVERTISEMENT

ന്യൂ‍ഡൽഹി∙ ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ, ഏഴു ജഡ്ജിമാർ ഉൾപ്പെട്ട വിശാലബെ‍ഞ്ചിൽനിന്ന് ഉത്തരങ്ങൾ കിട്ടുന്നതുവരെ മാറ്റിവയ്ക്കാനുള്ള വിധിക്കെതിരെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ കടുത്ത വിയോജിപ്പ് അറിയിച്ച്  ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാനും ഡി.വൈ. ചന്ദ്രചൂഢും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോടൊപ്പം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ജസ്റ്റിസ് ഖന്‍വില്‍ക്കറും മതപരമായ വിഷയങ്ങളില്‍ കോടതി ഇടപെടുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. 

ദാവുദി ബോറ സമുദായത്തിലെ സ്ത്രീ ചേലാകർമവും മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും സമാനസ്വഭാവമുള്ള വിഷയങ്ങളാണെന്നും ഈ കാര്യത്തിൽ തീരുമാനം വരുന്നതു വരെ പുനഃപരിശോധന ഹര്‍ജികള്‍ മാറ്റിവയ്ക്കുകയാണെന്നുമാണ് ഭൂരിപക്ഷ വിധി. ഒരു വിധി പ്രഖ്യാപിച്ചാൽ അതാണ് അന്തിമമെന്നും അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നും നരിമാൻ ചൂണ്ടിക്കാട്ടി. മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശമടക്കമുള്ള കാര്യങ്ങളെ ശബരിമലയുമായി ചേർത്തുവയ്ക്കുന്നതു ശരിയല്ലെന്നും നരിമാൻ പറഞ്ഞു.  

സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടുള്ളതിനാൽത്തന്നെ ഈ രണ്ടുകേസുകളും ശബരിമല കേസിനൊപ്പം പരിശോധിച്ചിട്ടില്ല. അതിനാൽ ഈ കേസുകൾക്കൊപ്പം ശബരിമലകേസും വിശാല ബെഞ്ചിലേക്കു വിടുന്നത് ശരിയല്ലെന്നും ഇരുവരും നിലപാടെടുത്തു. ശബരിമലയിൽ നടന്ന അക്രമസംഭവങ്ങളെ നരിമാൻ രൂക്ഷമായി വിമർശിച്ചു. 

മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങൾ എന്തൊക്കെയാണെന്നും അതിൽ കോടതിക്ക് എത്രമാത്രം ഇടപെടാമെന്നു വിശാല ബെഞ്ച് തീരുമാനമെടുക്കണമെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. 

English Summary: Efforts To Subvert Earlier SC Judgement on Sabarimala Women Entry Must Be Put Down says Justice Nariman 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com