ADVERTISEMENT

ചെന്നൈ∙ മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അഡിഷണല്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. അതിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഐഐടി ക്യാംപസിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്. നിവേദനം സ്വീകരിക്കാതെ കാറിൽ കയറിയ ഡയറക്ടറെ വിദ്യാർഥികൾ തടഞ്ഞു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കള്‍ അടുത്ത ദിവസം തമിഴ്നാട് മുഖ്യമന്ത്രി, ഡിജിപി എന്നിവരെ കാണും.

ഫാത്തിമ ലത്തീഫ് ക്യാംപസിനകത്തു മതപരമായ വിവേചനമടക്കമുള്ളവ നേരിട്ടെന്ന വെളിപെടുത്തലുണ്ടായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ ഐഐടിയില്‍ നേരിട്ടെത്തി ഡയറക്ടര്‍ അടക്കമുള്ളവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇതിനുശേഷമാണ് കേസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനു കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ തീരുമാനമായത്. അഡിഷണല്‍ കമ്മിഷണര്‍ ഈശ്വരമൂര്‍ത്തിയാണു സംഘത്തലവന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗത്തിലെ അഡിഷണല്‍ കമ്മിഷണറും സംഘത്തിലുണ്ട്.

ഐഐടിക്കു മുന്നില്‍ തുടര്‍ച്ചായ രണ്ടാം ദിവസവും പ്രതിഷേധമുണ്ടായി. വര്‍ഗീയ വിവേചനം കാണിച്ച സുദര്‍ശനന്‍ പത്മനാഭനെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഐഐടി ഗേറ്റ് ഉപരോധിച്ചത്. ഇതുവരെ അധ്യാപകരും ഫാത്തിമയുടെ സഹപാഠികളും അടക്കം 24 പേരെ ചോദ്യം ചെയ്തെന്നാണ് പൊലീസിന്റെ വിശദീകരണം.

English Summary : IT-Madras student Fathima Latheef suicide case transferred to crime branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com