ADVERTISEMENT

ന്യൂഡൽഹി ∙ ഹോസ്റ്റൽ ഫീസ് നിരക്കു പിൻവലിച്ചത് കണ്ണിൽ പൊടിയിടാനുളള തന്ത്രം മാത്രമാണെന്നാണു ജെഎൻയു വിദ്യാർഥികളുടെ പക്ഷം. ബിപിഎൽ വിദ്യാർഥികൾക്കു മാത്രമാണു  നിരക്കിൽ ഇളവു നൽകിയിരിക്കുന്നത്. സ്കോളർഷിപ് ലഭിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുകയുമില്ല. ഹോസ്റ്റൽ മുറിയുടെ നിരക്കു മാത്രമാണു കുറച്ചതെന്നും സർവീസ് ചാർജ് ഉൾപ്പെടെയുള്ളവയിൽ ഇളവു വരുത്തിയിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു. 

ഫീസ് വർധനയിൽ ഭാഗികമായി ഇളവു നൽകിയെന്നു കാട്ടി കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആർ. സുബ്രഹ്മണ്യനാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഹോസ്റ്റൽ മുറിയുടെ നിരക്കു പാതിയായി കുറച്ചുവെന്നായിരുന്നു ആദ്യ സൂചന.  

എന്നാൽ വൈകിട്ട്  എക്സിക്യുട്ടീവ് കൗൺസിൽ തീരുമാനങ്ങൾ വ്യക്തമായതോടെയാണു  ബിപിഎൽ വിദ്യാർഥികൾക്കു മാത്രമാണ് ഇളവ് എന്ന കാര്യം വ്യക്തമായത്. 

വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും കണ്ണിൽ പൊടിയിടാനുള്ള ജെഎൻയു അധികൃതരുടെ നീക്കമാണിതെന്നു വിദ്യാർഥി യൂണിയൻ ആരോപിച്ചു. അതിനാലാണ് സമരം തുടരാൻ തീരുമാനിച്ചത്. 

‘തരംതാണ സമീപനമാണു ജെഎൻയു അധികൃതർ കാട്ടുന്നത്. സമരം അവസാനിപ്പിച്ച് ക്ലാസ് മുറികളിൽ തിരിച്ചെത്താനാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. എന്നാൽ ഫീസ് നിരക്കു പിൻവലിച്ചില്ലെങ്കിൽ ക്ലാസ് മുറിയിൽ നിന്നു മാത്രമല്ല, ജെഎൻയുവിൽ നിന്നു തന്നെ പുറത്തു പോകേണ്ടി വരും’ –വിദ്യാർഥി യൂണിയൻ വ്യക്തമാക്കി. 

എക്സിക്യുട്ടീവ് കൗൺസിൽ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെഎൻയു അധ്യാപക അസോസിയേഷനും (ജെഎൻയുടിഎ) രംഗത്തെത്തിയിട്ടുണ്ട്. ഉയർന്ന ഫീസ് പിൻവലിച്ചിട്ടില്ല. മുഖം മിനുക്കാനുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്’ –  സംഘടന ചൂണ്ടിക്കാട്ടി. 

സമാധാന സമരം നടത്തിയിരുന്ന വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചത് അപലപനീയമാണെന്നും വൈസ് ചാൻസിലർ ജഗദീഷ് കുമാർ  വിദ്യാർഥികളുമായി ചർച്ച നടത്തി പ്രശ്നം അവസാനിപ്പിക്കാത്തതാണ്  പ്രശ്നം വഷളാകാൻ കാരണമെന്നും  അധ്യാപക യൂണിയൻ  പറയുന്നു. 

English Summary: JNU Students Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com