ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിലപാടിൽ പ്രതികരണവുമായി വിവിധ കക്ഷി നേതാക്കൾ. സുപ്രീം കോടതി നിലപാടിനെ കോൺഗ്രസ് സ്വാഗതം ചെയ്തു. യുവതികളെ പൊലീസ് എത്തിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിശ്വാസം സംരക്ഷിക്കുന്ന വിധിയാണെന്ന് ഉമ്മൻചാണ്ടിയും പ്രതികരിച്ചു. പള്ളി പ്രവേശനത്തിലും വിശ്വാസികളുടെ നിലപാടിനാണു പ്രാധാന്യമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. 

അതേസമയം കോടതി വിധി എന്തായാലും മാനിക്കുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. വിധി പഠിക്കേണ്ടതുണ്ട്. പ്രതിപക്ഷവും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. അയോധ്യ വിധിയിൽ എന്ന പോലെ സംയമനത്തോടെ പ്രതികരിക്കണം. സ്ത്രീകളെ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കോടതി വിധിയെ തർക്ക വിഷയമാക്കരുതെന്നും സുപ്രീം കോടതി വിധി എല്ലാവർക്കും ബാധകമാണെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ വിജയരാഘവന്റെ പ്രതികരണം. രാഷ്ട്രീയലാഭത്തിനായി വിധി ഉപയോഗിക്കരുത്. സർക്കാരിനു നിയമപരമായി മാത്രമേ കാര്യങ്ങൾ ചെയ്യാനാകൂ. ഈ മണ്ഡലകാലത്തു യുവതികൾ ശബരിമലയിൽ വന്നാൽ അപ്പോൾ നോക്കാം. പുതിയ വിധിയോടെ കൂടുതൽ വിശാലമായ ആശയവിനിമയത്തിനു വേദി തുറന്നെന്നും വിജയരാഘവൻ പറഞ്ഞു.

വിധി വക്രീകരിക്കാൻ ആരും ശ്രമിക്കരുതെന്നായിരുന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പ്രതികരണം. യുവതീ പ്രവേശനം പാടില്ല. യുവതികൾ വന്നാൽ തടയണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ആദ്യവിധിയിൽ അപാകതയുള്ളതായി കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് പുനഃപരിശോധനയ്ക്കു വിട്ടതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാർ യുവതികളെ കയറ്റി അനാവശ്യ പ്രകോപനം ഉണ്ടാക്കരുത്. അന്തിമ വിധി വരുന്നതു വരെ ശബരിമല പഴയരീതിയിൽ തുടരണം. പഴയവിധിക്ക് സ്റ്റേയില്ലെന്ന സാങ്കേതിക വശം പറഞ്ഞ് ആക്ടിവിസ്റ്റുകളെ കയറ്റാൻ ശ്രമിച്ചാൽ ബിജെപി ശക്തമായി പ്രതികരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com