ADVERTISEMENT

വിശ്വാസത്തിന്റെ മാമലയിൽ വിവാദങ്ങൾ‍ നിഴൽ വിരിച്ചത് യുവതീപ്രവേശ വിധിക്കു പിന്നാലെയാണ്. സുപ്രീംകോടതിയില്‍ 2006–ല്‍ നിയമപോരാട്ടം തുടങ്ങി 2018 സെപ്റ്റംബര്‍ 28–നാണ് യുവതീപ്രവേശം അനുവദിച്ചു വിധി പ്രഖ്യാപനം വന്നത്. തുടര്‍ന്നിങ്ങോട്ടു പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശബരിമല വേദിയായി. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം.

ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി ഹൈക്കോടതിയിൽ 1990 സെപ്റ്റംബറിൽ പരാതി നൽകി. ഇതു റിട്ട് ഹര്‍ജിയായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. 1991 ഏപ്രിൽ 5ന് ശബരിമലയിലെ യുവതീപ്രവേശം ഹൈക്കോടതി നിരോധിച്ചു. 2006 ലാണ് യങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ യുവതീപ്രവേശം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28 നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട 56 ഹർജികളിലും അനുബന്ധ ഹർജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂർത്തിയായി.

ശബരിമല യുവതീപ്രവേശം: സംഭവബഹുലമായ നാള്‍വഴി

2018 സെപ്റ്റംബർ 28

∙ ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേർ വ്യക്തമാക്കി.

∙ മതവിശ്വാസത്തിൽ കോടതി ഇടപെട്ടു തീർപ്പ് കൽപിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തി കൊണ്ട് അളക്കരുതെന്നും ഭൂരിപക്ഷവിധിയോടു വിയോജിച്ച് ജസ്റ്റിസ് ഇന്ദു മൽ‍ഹോത്ര വ്യക്തമാക്കി. അയ്യപ്പ ഭക്തരല്ലാത്തവരാണു ഹർജിക്കാർ എന്നതിനാൽ ഹർജി നിലനിൽക്കില്ലെന്നും വിധിച്ചു.

സെപ്‌റ്റംബർ 29

∙ ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അപലപിച്ചു ഹർത്താൽ പ്രഖ്യാപിച്ചും പിന്നീടു പിൻവലിച്ചും ശിവസേന. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണു ഹർത്താൽ പിൻവലിച്ചതെന്നു വിശദീകരണം.

സെപ്റ്റംബർ 30

∙ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീകൾ ദർശനത്തിനെത്തുന്നതിനു മുന്നോടിയായി എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം ബോർഡിനു നിർദേശം നൽകി.

ഒക്ടോബർ 1

∙ കോടതി വിധിക്കെതിരെ പോരാടുമെന്ന് പന്തളം കൊട്ടാരം. അയ്യപ്പ ഭക്തരുടെ പ്രതിനിധികൾ എന്ന നിലയിൽ സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ സമീപിക്കാൻ തീരുമാനം.

ഒക്ടോബർ 2

∙ മാസപൂജയ്ക്കു ശബരിമല നട തുറക്കുമ്പോൾ യുവതീപ്രവേശം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി.

ഒക്ടോബർ 6

∙ എൻഎസ്എസ് ഉൾപ്പടെയുള്ള 17 ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ നാമജപഘോഷയാത്ര. ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികാവകാശത്തിന്റെ ചുമതലക്കാരായ താഴമൺ കുടുംബത്തിലെ കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര് എന്നീ മൂന്നു തന്ത്രിമാരും ആദ്യമായി പരസ്യപ്രതിഷേധത്തിൽ അണിചേർന്നു.

ഒക്ടോബർ 8

∙ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ്, ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മ എന്നിവ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി ഫയൽ ചെയ്തു.

∙ വിഷയത്തിൽ കോൺഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങേണ്ടെന്നു രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തീരുമാനം.

ഒക്ടോബർ 9

∙ പുനഃപരിശോധനാ ഹർജികൾ അടിയന്തരമായി വാദം കേൾക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി. ഈ വിഷയം സാധാരണ നിലയിൽ ലിസ്റ്റ് ചെയ്യുമ്പോൾ മാത്രമേ പരിഗണിക്കാനാവൂ എന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റേത് ഉൾപ്പെടെ മൂന്നു പുനഃപരിശോധനാ ഹർജികൾ കൂടി ഫയൽ ചെയ്തു.

ഒക്ടോബർ 12

∙ വിധിയെ വിമർശിച്ച് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. ജസ്റ്റിസ് ഇന്ദു മൽഹോത്ര എഴുതിയ ന്യൂനപക്ഷ വിധിയെയാണു താൻ അംഗീകരിക്കുന്നത്.

ഒക്ടോബർ 13

∙ ശബരിമല ദർശനത്തിന് ഉടൻ കേരളത്തിലെത്തുമെന്ന് വനിതാ അവകാശ പ്രവർത്തക തൃപ്തി ദേശായി.

ഒക്ടോബർ 14

∙ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്തു വൻപ്രതിഷേധം. അയ്യപ്പ ധർമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ നടന്ന നാമജപയാത്രയിൽ യുപി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരും അണിനിരന്നു. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലെ കേരളവർമ രാജ ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 16

∙ ചെന്നൈയിൽ നിന്നെത്തിയ ദമ്പതികളെ തടഞ്ഞതിനെച്ചൊല്ലി നിലയ്ക്കലിൽ സംഘർഷം. ‌പഴനി (45), ഭാര്യ പഞ്ചവർണം (40) എന്നിവർ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സമരക്കാർ തടഞ്ഞത്.

∙ പരാതികൾ പരിഹരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ചർച്ച പരാജയം. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നു തന്ത്രി കുടുംബാംഗങ്ങളും പന്തളം കൊട്ടാരം പ്രതിനിധികളും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

ഒക്ടോബർ 17

∙ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ, തുലാമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു.

ഒക്ടോബർ 1‌8

∙ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്താത്തതിൽ പ്രതിഷേധിച്ചു ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഹർത്താൽ. നിലയ്ക്കലിലിലെ സംഘർഷ സാഹചര്യത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ. രാവിലെ മല കയറാൻ ഒരുങ്ങിയ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനു പ്രതിഷേധത്തെ തുടർന്നു മടങ്ങേണ്ടി വന്നു.

ഒക്ടോബർ 1‌9

∙ സന്നിധാനത്ത് രണ്ടു യുവതികളെ എത്തിക്കാനുള്ള ശ്രമം പൊലീസ് അവസാനനിമിഷം ഉപേക്ഷിച്ചു. ഹൈദരാബാദിൽനിന്നു മോജോ ടിവി റിപ്പോർട്ടർ കവിത ജക്കാൽ, നടിയും കൊച്ചിയിലെ ബിഎസ്എൻഎൽ ജീവനക്കാരിയുമായ എ.എസ്.ഫാത്തിമ (രഹന ഫാത്തിമ) എന്നിവരെ സന്നിധാനത്ത് എത്തിക്കാനായിരുന്നു ശ്രമം. പമ്പയിൽനിന്നു മലകയറിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ (46) 100 മീറ്റർ നടന്നപ്പോഴേക്കും ഭക്തർ തടഞ്ഞു.

‌ഒക്ടോബർ 20

∙ ദർശനത്തിനെത്തിയ ദലിത് വനിതാ നേതാവ് പൊലീസ് പിന്തിരിപ്പിച്ചതിനെത്തുടർന്നു മടങ്ങി. കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ കൊട്ടിയം സ്വദേശി എസ്.പി.മ‍ഞ്ജുവാണ് എത്തിയത്.

‌ഒക്ടോബർ 21

∙ ശബരിമലയിലേക്കു പോകാൻ ട്രെയിനിൽ യുവതികൾ എത്തുന്നുവെന്ന അഭ്യൂഹത്തെ തുടർന്നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ സംഘർഷാവസ്ഥ. തടയാൻ അയ്യപ്പഭക്തരും സംരക്ഷണം നൽകാൻ പൊലീസും എത്തിയതോടെ സ്റ്റേഷൻ പരിസരം മുൾമുനയിലായി.

ഒക്ടോബർ 22

∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ സ്ഥിതി റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ചു സർക്കാരിന്റെ നിലപാട് അറിയാൻ ദേവസ്വം ബോർഡ് അധികൃതർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

∙ യുവതീപ്രവേശത്തിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു.

∙ കോഴിക്കോട്ട് അധ്യാപികയായ ബിന്ദു ടി.വാസു (43) ശബരിമല ദർശനത്തിനായി എരുമേലിയിൽ എത്തിയപ്പോൾത്തന്നെ പ്രതിഷേധം. തുടർന്ന് പൊലീസ് ഇവരെ മുണ്ടക്കയത്തേക്കും പിന്നീടു കണമലയിലേക്കും മാറ്റി. കണമലയിൽനിന്നു 3 പൊലീസുകാർക്കൊപ്പം പമ്പ കെഎസ്ആർടിസി ബസിൽ കയറ്റിവിട്ടെങ്കിലും വട്ടപ്പാറയിൽ 2 ബൈക്കുകളിലായെത്തിയ 4 പേർ തടഞ്ഞതോടെ തുടർയാത്ര വേണ്ടെന്നുവച്ചു.

ഒക്ടോബർ 23

∙ ശബരിമലയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകൾ ഹൈക്കോടതിയെ സമീപിച്ചു. എ.കെ.മായ കൃഷ്ണൻ, എസ്.രേഖ, ജലജമോൾ, ജയമോൾ എന്നിവരാണു ഹർജി നൽകിയത്.

ഒക്ടോബർ 25

∙ സംഘർഷങ്ങളിൽ സംസ്ഥാന വ്യാപകമായി 440 കേസുകളിലായി 1400 പേരെ അറസ്റ്റ് ചെയ്തു. മൊത്തം രണ്ടായിരത്തിലേറെ പ്രതികളിൽ ശേഷിക്കുന്നവർക്കായി തിരച്ചിൽ.

ഒക്ടോബർ 26

∙ സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച രഹസ്യ സംഘം കേരളത്തിൽ.

∙ യുവതീപ്രവേശമുണ്ടായാൽ കൈമുറിച്ചു ചോരവീഴ്ത്തി നടയടയ്ക്കാൻ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിൽ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.

ഒക്ടോബർ 29

∙ ശബരിമലയിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നു ഹൈക്കോടതി.

ഒക്ടോബർ 30

∙ ശബരിമലയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി.

∙ യുവതികൾക്കു പ്രവേശനം അനുവദിക്കണമെന്നാണു വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ഒക്ടോബർ 31

∙ ശബരിമലയിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാർ ആരും എത്തിയില്ല.

നവംബർ 1

∙ സർക്കാർ സുപ്രീംകോടതി വിധിയാണു നടപ്പാക്കുന്നതെന്നും മറ്റെന്താണു ചെയ്യാൻ കഴിയുക എന്നും ഹൈക്കോടതി.

∙ ഒക്ടോബർ 17 മുതൽ 22 വരെ ശബരിമല നട തുറന്ന സമയത്തെ സമരം ബിജെപി പ്ലാൻ ചെയ്തു നടപ്പാക്കിയതാണ് എന്നു യുവമോർച്ചയുടെ കോഴിക്കോട്ടെ യോഗത്തിൽ പ്രസംഗിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള വിവാദക്കുരുക്കിൽ.

നവംബർ 5

∙ ചിത്തിര ആട്ടത്തിരുനാളിനു ശബരിമല നട തുറന്നു. ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി സേവ് ശബരിമല മുദ്രാവാക്യമുയർത്തി ശബരിമല കർമസമിതി സെക്രട്ടേറിയറ്റിനു മുന്നിൽ അഖണ്ഡനാമജപം തുടങ്ങി.

നവംബർ 6

∙ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തിനു നടുവിൽ ചിത്തിര ആട്ടത്തിരുനാൾ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ആർഎസ്എസ് സംസ്ഥാന പ്രാന്തീയ കാര്യസദസ്യൻ വൽസൻ തില്ലങ്കേരിയും ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിനെച്ചൊല്ലി വിവാദം.

നവംബർ 8

∙ ശബരിമലയെ തകർക്കാനുള്ള മാർക്സിസ്റ്റ് ശ്രമങ്ങൾക്കെതിരെ എന്നു പ്രഖ്യാപിച്ചു പി.എസ്.ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്കു കാസർകോട് മധൂറിൽ തുടക്കം.

∙ ശബരിമലയിലെ പ്രതിഷേധം ബിജെപി ആസൂത്രണം ചെയ്തതാണെന്ന പ്രസംഗത്തിന്റെ പേരിൽ ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കസബ പൊലീസ് കേസെടുത്തു.

∙ ശബരിമല യുവതീപ്രവേശ വിധിക്കെതിരെ സുപ്രീം കോടതിയിൽ റിവ്യൂഹർജി നൽകാൻ ദേവസ്വം ബോർഡിനോടും സാഹചര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാരിനോടും നിർദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.

നവംബർ 12

∙ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏഴു സംസ്ഥാനങ്ങളിലെ അഞ്ചു കോടി ഭവനങ്ങളിൽ തെളിക്കാൻ ശബരിമലയിൽനിന്നു പകർന്ന അയ്യപ്പജ്യോതിയുടെ പ്രയാണത്തിനു തുടക്കം.

∙ ശബരിമലവിധി സംബന്ധിച്ച പുനഃപരിശോധനാ ഹർജികളിൽ ദേവസ്വം ബോർഡിനു വേണ്ടി ഹാജരാകുന്നതിൽനിന്ന് അഭിഭാഷകൻ ആര്യാമസുന്ദരം പിന്മാറി.

∙ വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ അവസരം കിട്ടിയെന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസ്താവന വിവാദമായി.

നവംബർ 13

∙ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

∙ എൻഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്കു സമാപനം.

നവംബർ 16

∙ മണ്ഡല–മകരവിളക്കു തീർഥാടനത്തിനായി നട തുറന്നു. ശബരിമലയിലേക്കു പോകാൻ പുലർച്ചെ 4.40നു വിമാനമിറങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉൾപ്പെടെ ആറു വനിതകൾക്കു വിമാനത്താവളത്തിനു പുറത്തുകടക്കാൻ പോലുമായില്ല. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കാരണം വിമാനത്താവളത്തിൽ കുടുങ്ങിയ ഇവർ 17 മണിക്കൂറിനു ശേഷം മടങ്ങി.

∙ ശബരിമലയിലേക്കു പോകാൻ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല അറസ്റ്റിൽ. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ഏഴു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

‌നവംബർ 17

∙ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹർത്താൽ.

∙ പൊലീസ് നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്കു പോകാൻ ശ്രമിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അടക്കം നാലു പേർ നിലയ്ക്കലിൽ അറസ്റ്റിൽ.

നവംബർ 19

∙ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ശബരിമല സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

∙ കർശന നിബന്ധനകൾ പാലിച്ച് കെ.പി.ശശികല ഇരുമുടിക്കെട്ടുമായി മലകയറി ദർശനം നടത്തി.

നവംബർ 20

∙ നിലയ്ക്കലിലും പമ്പയിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് പ്രതിനിധി സംഘം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

നവംബർ 21

∙ നിലയ്ക്കലിൽനിന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും മറ്റു രണ്ടു പേർക്കുമൊപ്പം സന്നിധാനത്ത് വിരിപ്പന്തലിൽ ഒത്തുകൂടി ശരണം വിളിച്ചതുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന 69 പേർക്കും ജാമ്യം.

∙ കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണൻ സാധാരണ തീർഥാടകനായി സന്നിധാനത്ത്. സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയുമായി വാക്കേറ്റം.

∙ നിരോധനാജ്ഞ ലംഘിച്ചതിന് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവർക്കെതിരെ പൊലീസ് കേസ്

നവംബർ 22

∙ ചിത്തിര ആട്ട വിശേഷത്തിനു നട തുറന്ന ദിവസം അൻപത്തിരണ്ടുകാരിയെ സന്നിധാനത്ത് ആക്രമിച്ച കേസിൽ കെ.സുരേന്ദ്രൻ, വൽസൻ തില്ലങ്കേരി എന്നിവർ ഉൾപ്പെടെ അഞ്ചു നേതാക്കൾക്കെതിരെ ഗൂഢാലോചന, വധശ്രമ കുറ്റങ്ങൾ ചുമത്തി.

∙ ശബരിമലയിലെത്തുന്ന എല്ലാവരെയും ക്രിമിനലുകളെപ്പോലെ കൈകാര്യം ചെയ്യുന്നതു ശരിയല്ലെന്നും കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ ഭക്തരെ കൈകാര്യം ചെയ്യാൻ പൊലീസ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ.

∙ ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും നിരോധനാജ്ഞ നീട്ടി.

നവംബർ 23

∙ സന്നിധാനത്ത് നാമജപം നടത്തിയ, കണ്ടാൽ അറിയാവുന്ന 100 തീർഥാടകർക്കെതിരെ പൊലീസ് കേസ്.

∙ കെ. സുരേന്ദ്രനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

∙ ശബരിമല തീർഥാടനം സാധാരണ നിലയിലെത്തിക്കണമെന്നു ഹൈക്കോടതി പരാമർശം.

നവംബർ 24

∙ സന്നിധാനത്ത് വീണ്ടും കൂട്ട അറസ്റ്റ്. ബാരിക്കേഡുകൾ കെട്ടിത്തിരിച്ച സ്ഥലത്തിനകത്ത് കയറി സംഘം ചേർന്നു നാമജപം നടത്തിയ 40 പേരുൾപ്പെടെ 74 പേരെയാണ് രാത്രി ഹരിവരാസനത്തിനു ശേഷം അറസ്റ്റ് ചെയ്തത്.

∙ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പൊലീസിന്റെ കണ്ണിൽപ്പെടാതെ കിടന്ന മറ്റൊരു കേസിൽ സുരേന്ദ്രന് ജാമ്യം.

നവംബർ 26

∙ ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇലവുങ്കലിലും നിരോധനാജ്ഞ നീട്ടി.

നവംബർ 27

∙ സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നും നടപ്പാക്കാൻ ബാധ്യസ്ഥമാണെന്നും ഹൈക്കോടതി. എന്നാൽ നാമജപത്തിനും ശരണംവിളിക്കും മറ്റുമുള്ള തീർഥാടകരുടെ അവകാശത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ പാടില്ല

നവംബർ 28

∙ ശബരിമല വിഷയം നിയമസഭയിലും. പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ സമ്മേളനം അലങ്കോലപ്പെട്ടു.

∙ ശബരിമല കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭം അവസാനിപ്പിച്ച് ബിജെപി സെക്രട്ടേറിയറ്റ് പടിക്കലേക്ക്.

നവംബർ 30

∙ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി.

∙ ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിലവിലുള്ള നിരോധനാജ്ഞ നീട്ടി.

ഡിസംബർ 1

∙ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിനു കാസർകോടു മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ പടുത്തുയർത്താൻ തീരുമാനം. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സാമൂഹിക, സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണു തീരുമാനം.

∙ ആന്ധ്രപ്രദേശിൽനിന്നു ദർശനത്തിനെത്തിയ സംഘത്തിലെ നവോജമ്മ (32), കൃപാവതി (42) എന്നീ യുവതികളെ മരക്കൂട്ടത്തിനു സമീപം തടഞ്ഞു തിരിച്ചയച്ചു.

∙ ശബരിമലയിലെ ആദ്യഘട്ട ഡ്യൂട്ടിക്കു നേതൃത്വം നൽകിയ മുഴുവൻ ഉന്നത ഉദ്യോഗസ്ഥർക്കും അനുമോദനപത്രം നൽകാൻ സർക്കാർ തീരുമാനം.

ഡിസംബർ 2

∙ നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്കു പോകാൻ ശ്രമിച്ച ബിജെപി നേതാക്കളെ നിലയ്ക്കൽ ഗോപുരം പടിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

∙ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ശബരിമല സന്ദർശിച്ചു.

∙ ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു വി.എസ്.ശിവകുമാർ, എൻ.ജയരാജ്, പാറയ്‌ക്കൽ അബ്‌ദുല്ല എന്നീ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിലും ബിജെപി സെക്രട്ടേറിയറ്റ് പടിക്കലും സത്യഗ്രഹം തുടങ്ങി. 

ഡിസംബർ 4

∙ ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.

ഡിസംബർ 6

∙ ശബരിമലയിൽ മേൽനോട്ടത്തിനു മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.

ഡിസംബർ 8

∙ സന്നിധാനത്ത് 52 വയസ്സുള്ള തീർഥാടകയെ ആക്രമിച്ചതിൽ ഗൂഢാലോചന ആരോപിച്ചുള്ള കേസിൽ ജാമ്യം ലഭിച്ച കെ.സുരേന്ദ്രൻ ജയിൽമോചിതനായി.

∙ ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി.

ഡിസംബർ 10

∙ നിരാഹാരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനു പിന്തുണയുമായി പാർട്ടി, യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.

ഡിസംബർ 12

∙ സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ നീട്ടി

ഡിസംബർ 13

∙ സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിനു മുന്നിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മാഹുതിക്കു ശ്രമിച്ച മുട്ടട അഞ്ചുമുക്ക് ആ‍ഞ്ഞൂർ വീട്ടിൽ വേണുഗോപാലൻ നായർ (49) പിന്നീട് ആശുപത്രിയിൽ മരിച്ചു.

∙ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് എംഎൽഎമാർ 11 ദിവസമായി നടത്തിവന്ന സമരം സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനാൽ അവസാനിപ്പിച്ചു.

ഡിസംബർ 14

∙ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപലൻ നായരോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ബിജെപി ഹർത്താൽ.

ഡിസംബർ 16

∙ ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‍‌ജെൻഡർമാരെ പൊലീസ് എരുമേലിയിൽ തടഞ്ഞു തിരിച്ചയച്ചത് വിവാദത്തിൽ.

∙ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ നീട്ടി

ഡിസംബർ 17

∙ ജാമ്യവ്യവസ്ഥ ലംഘിച്ചതിനു കോടതി ഉത്തരവു പ്രകാരം രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ 18

∙ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ നീട്ടി.

∙ കനത്ത പൊലീസ് സുരക്ഷയിൽ ട്രാൻസ്ജെൻഡർമാർ ശബരിമല ദർശനം നടത്തി.

ഡിസംബർ 19

∙ ബിജെപി മുൻ അധ്യക്ഷൻ സി.കെ.പത്മനാഭനെ ആരോഗ്യനില വഷളായതിനെ തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ നിരാഹാരം ആരംഭിച്ചു.

∙ ശബരിമല തീർഥാടനത്തിനെത്തിയ തന്നോട് ഐപിഎസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ലോക്സഭയിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന്റെ അവകാശ ലംഘന നോട്ടിസ്.

ഡിസംബർ 21

∙ ആന്ധ്രയിൽ നിന്നെത്തിയ തീർഥാടക സംഘത്തിന്റെ വാഹനത്തിൽ യുവതി ഉണ്ടെന്ന് സന്ദേശം ലഭിച്ചതിനെ തുടർന്ന് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് വാഹനം തടഞ്ഞു.

∙ ശബരിമല വിശ്വാസ സംരക്ഷണത്തിനായി 26ന് കാസർകോട് ഹൊസങ്കടിയിൽനിന്ന് ആരംഭിക്കുന്ന അയ്യപ്പജ്യോതി കന്യാകുമാരി ത്രിവേണീ സംഗമം വരെ നീട്ടി.

ഡിസംബർ 22

∙ തമിഴ്നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടന ‘മനിതി’യുടെ നേതൃത്വത്തിൽ ശബരിമലയിലേക്കു തിരിച്ച 13 യുവതികളടങ്ങുന്ന ആദ്യസംഘം കമ്പംമെട്ട് ചെക്പോസ്റ്റ് വഴി കേരളത്തിൽ പ്രവേശിച്ചു.

ഡിസംബർ 23

∙ ശബരിമല ദർശനത്തിനു യുവതികളുമായെത്തിയ ‘മനിതി’ പമ്പയിലെ പ്രതിഷേധത്തെത്തുടർന്നു പിന്തിരിഞ്ഞോടി.

∙ വയനാട് നിന്നെത്തിയ ആദിവാസി വനിതാ നേതാവ് കെ.അമ്മിണി (44) പമ്പയ്ക്കുള്ള വഴിയിൽ കണമലയ്ക്കു സമീപം മുട്ടപ്പള്ളിയിൽ യാത്ര മതിയാക്കി മടങ്ങി. 

ഡിസംബർ 24

∙ തുടർച്ചയായ രണ്ടാം ദിവസവും പൊലീസ് പിന്തുണയോടെയുള്ള യുവതികളുടെ മലകയറ്റ ശ്രമത്തിൽ ശബരിമല സംഘർഷഭരിതം. കണ്ണൂർ സർവകലാശാലയുടെ തലശ്ശേരിയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അധ്യാപികയായ പത്തനംതിട്ട ളാക്കൂർ സ്വദേശി എ.ബിന്ദു, സിവിൽ സപ്ലൈസ് വകുപ്പു താൽക്കാലിക ജീവനക്കാരി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ എന്നിവർ സന്നിധാനത്തിന് 700 മീറ്റർ അകലെ ചന്ദ്രാനന്ദൻ റോഡ് വരെ എത്തി. പ്രതിഷേധം കനക്കുകയും ഉന്നതതല ഇടപെടൽ ഉണ്ടാകുകയും ചെയ്തതോടെ പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ തിരിച്ചിറക്കി.

ഡിസംബർ 26

∙ ആചാരങ്ങളും സംസ്കാരവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയുമായി സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിനു ഭക്തർ അയ്യപ്പജ്യോതി തെളിച്ചു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് മറ്റു സംസ്ഥാനങ്ങളിലെ മലയാളി കൂട്ടായ്മകളും ഏറ്റെടുത്തു.

ഡിസംബർ 27

∙ മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു.

ഡിസംബർ 28

∙ നിരാഹാര സമരം നടത്തിവന്ന ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടർന്ന് അറസ്റ്റു ചെയ്തു ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശിവരാജൻ പകരം നിരാഹാരം ആരംഭിച്ചു.

ഡിസംബർ 30

∙ ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കാലടി പൊലീസ് കേസെടുത്തു.

∙ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ജില്ലാ കലക്ടർ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

∙ പമ്പയിലെത്തിയ 50 വയസ്സിൽ താഴെയുള്ള രണ്ടു സ്ത്രീകളെ പൊലീസ് പിന്തിരിപ്പിച്ചു.

2019 ജനുവരി 1

∙ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി ഇടതു പാർട്ടികളുടെയും വിവിധ സാമുദായിക സംഘടനകളുടെയും നേതൃത്വത്തിൽ കാസർകോടു മുതൽ തിരുവനന്തപുരം വരെ നീളുന്ന വനിതാ മതിൽ സംഘടിപ്പിച്ചു.

ജനുവരി 2

∙ ശബരിമലയിൽ ദർശനം നടത്തിയതായി യുവതികളായ ബിന്ദുവും കനകദുർഗയും വെളിപ്പെടുത്തി. പതിനെട്ടാം പടി ഒഴിവാക്കിയാണു സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഭക്തരില്‍നിന്ന് പ്രശ്നങ്ങളുണ്ടായില്ലെന്നും പൊലീസ് സംരക്ഷണം ലഭിച്ചെന്നും ഇരുവരും പറഞ്ഞു. രണ്ടു യുവതികളും ശബരിമലയിൽ ദർശനം നടത്തിയെന്നു സർക്കാരും സ്ഥിരീകരിച്ചു.

∙ യുവതീപ്രവേശത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപിയും ശബരിമല കർമസമിതിയും പ്രതിഷേധ പ്രകടനം നടത്തി. സിപിഎം– ബിജെപി സംഘർഷമുണ്ടായി. പന്തളത്തു പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം ഓഫിസിനടുത്തു നിന്നുണ്ടായ കല്ലേറിൽ പരുക്കേറ്റാണു കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതെന്ന് ആരോപണം.

∙ സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വിധി എതിരായാൽ ആചാരം സംരക്ഷിക്കുന്നതിനായി വിശ്വാസികൾക്കൊപ്പം കേന്ദ്ര സർക്കാരിനെ സമീപിക്കും.

∙ വനിതാമതിൽ സംഘാടക സമിതി ജോയിന്റ് കൺവീനറായി മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ച ഹിന്ദു പാർലമെന്റ് നേതാവ് സി.പി.സുഗതൻ നിലപാടുമാറ്റി– സുപ്രീംകോടതി വിധി നടപ്പാക്കുന്നതു പാത്തും പതുങ്ങിയുമാകരുത്. ശബരിമലയിൽ ദർശനം നടത്തിയ രണ്ടു യുവതികളും ഭക്തരല്ല, ആക്ടിവിസ്റ്റുകളാണ്.

∙ വനിതാമതിലിനോടനുബന്ധിച്ചു കാഞ്ഞങ്ങാട് ചേറ്റുകുണ്ട് നടന്ന അക്രമസംഭവങ്ങളിൽ ബേക്കൽ പൊലീസ് ഏഴു കേസുകൾ റജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന 200 ൽ അധികം പേരെ പ്രതി ചേർത്തു. 

ജനുവരി 3

∙ ശബരിമല യുവതീപ്രവേശത്തെത്തുടർന്നു ബിജെപി പിന്തുണയോടെയുള്ള ശബരിമല കർമസമിതി ഹർത്താലിൽ കേരളം യുദ്ധക്കളമായി. അനുകൂലികളും എതിർപക്ഷവും തെരുവിൽ ഏറ്റുമുട്ടി. പാലക്കാട് നഗരസഭയിലും കാസർകോട്ടെ മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ.

∙ വാടാനപ്പള്ളിയിൽ മൂന്നും തുറവൂരിൽ രണ്ടും ബിജെപിക്കാർക്കു വെട്ടേറ്റു. തലശ്ശേരിയിലും നെടുമങ്ങാട്ടും ബോംബേറ്.

∙ സംസ്ഥാനമാകെ 745 പേർ അറസ്റ്റിൽ.

∙ ഗവർണർ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നു റിപ്പോർട്ട് തേടി.

ജനുവരി 4

∙ ശ്രീലങ്കൻ സ്വദേശിനി ശശികല (47) ശബരിമല സന്നിധാനത്ത് പ്രവേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ്. എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡോ ക്ഷേത്ര ഉദ്യോഗസ്ഥരോ തന്ത്രിയോ ഇതു സ്ഥിരീകരിച്ചില്ല. പതിനെട്ടാംപടി കയറാനോ ദർശനത്തിനോ പൊലീസ് അനുവദിച്ചില്ലെന്നു ശശികലയും ഭർത്താവ് ശരവണമാരനും പറഞ്ഞു. 

∙ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്നു നടയടച്ചു ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠര് രാജീവരുടെ നടപടി തെറ്റെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടു തന്ത്രിക്കു നോട്ടിസ് നൽകി.  ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കുകയെന്നത് തന്ത്രിയുടെ കടമയാണെന്നും അതുമാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നും തന്ത്രി കണ്ഠര് രാജീവര്.

∙ ശബരിമലയിൽ അയിത്താചരണം നടത്തിയ തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ശബരിമല ആദിവാസികൾക്കു വിട്ടു കൊടുക്കണമെന്നും ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി.

‌∙ യുവതീപ്രവേശ വിഷയത്തിൽ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നു കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ 620 കിലോമീറ്റർ നീളത്തിൽ വനിതാ നവോത്ഥാന മതിൽ കണ്ടു വിറളി പൂണ്ട സംഘ്‌പരിവാർ സംസ്ഥാനമെങ്ങും അക്രമം അഴിച്ചുവിടുകയാണെന്നു സിപിഎം.

∙ സമരം ശക്തമാക്കാൻ ശബരിമല കർമ സമിതി സംസ്ഥാന സമിതി തീരുമാനിച്ചു. മകരവിളക്ക് ദിനത്തിൽ ക്ഷേത്രങ്ങളിലും അയ്യപ്പഭക്തരുടെ ഭവനങ്ങളിലും 18 കോടി അയ്യപ്പജ്യോതികൾ തെളിക്കാനും തീരുമാനം.

∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ശബരിമല പ്രക്ഷോഭം സജീവമായി നിലനിർത്താൻ ബിജെപി - ആർഎസ്എസ് നേതൃയോഗം തീരുമാനിച്ചു.

∙ ശബരിമല വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ചു ലോക്സഭയിൽ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്നത്തിൽ സിപിഎമ്മിനെയും ബിജെപിയെയും കുറ്റപ്പെടുത്തിയ എംപിമാർ, വിഷയം സഭയിലും ഉന്നയിച്ചു.

∙ യുവതീപ്രവേശം അനുവദിക്കണമെന്നാണ് അഭിപ്രായമെങ്കിലും പ്രാദേശിക വികാരം കണക്കിലെടുത്ത് കെപിസിസിക്കു സ്വന്തം നിലയിൽ തീരുമാനമെടുക്കാമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധിയുടെയും നിലപാട്.

ജനുവരി 5

∙ ഹർത്താൽ ദിനത്തിൽ സ്വകാര്യ വസ്തുവകകൾ നശിപ്പിച്ച കേസുകളിൽ പ്രതികളുടെ സ്വത്തു കണ്ടുകെട്ടാൻ നടപടിക്കു പൊലീസ് ആസ്ഥാനത്തുനിന്നു ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം. ആകെ 1286 കേസുകളിലായി 37,979 പ്രതികൾ. 3282 പേർ അറസ്റ്റിലായി. 2795 പേർക്കു ജാമ്യം. 487 പേർ റിമാൻഡിൽ.

∙ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് എന്നിവരുടെ വീടുകൾക്കും ഇരു പാർട്ടിയിലെയും ഏതാനും പ്രാദേശിക നേതാക്കളുടെ വീടുകൾക്കും കർശന പൊലീസ് സുരക്ഷ. സംഘർഷം നിലനിൽക്കുന്ന തലശ്ശേരിയിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി.

∙ ശബരിമല വിഷയത്തിൽ ഓർഡിനൻസ് എന്ന ആവശ്യത്തെക്കുറിച്ചു തനിക്കറിയില്ലെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി

∙ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾക്ക് അറുതിയില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം.

∙ മലകയറാനെത്തിയ വിദേശവനിതകൾ ഉൾപ്പെടെയുള്ളവരെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. സന്നിധാനത്തേക്കു പോകാൻ പൊലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് തെലുങ്ക് ചാനലിന്റെ വനിതാ റിപ്പോർട്ടർ പൊലീസ് കൺട്രോൾ റൂമിന്റെ പടിക്കൽ പ്ലക്കാർഡുമായി പ്രതിഷേധിച്ചശേഷം തിരികെപ്പോയി. തമിഴ്നാട്ടിൽനിന്നുള്ള മാധ്യമപ്രവർത്തക ഗീഥയെയും വൈകുന്നേരം നിലയ്ക്കലിൽനിന്ന് തിരിച്ചയച്ചു.

∙ വിശ്വാസികളായ ആക്ടിവിസ്റ്റുകൾക്ക് ഉൾപ്പെടെ പ്രായഭേദമില്ലാതെ ആർക്കും ശബരിമലയിൽ എത്താമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

∙ വിയോജിപ്പുകളോടെ തുടരേണ്ടതില്ലെന്നും മാറി നിൽക്കുന്നതാണു മാന്യതയെന്നും ശബരിമല തന്ത്രിയോടു മന്ത്രി എ.കെ.ബാലൻ.

∙ സുപ്രീം കോടതി വിധി അനുസരിക്കാൻ ബാധ്യതയുള്ള ശബരിമല തന്ത്രി ഗുരുതരമായ ഭരണഘടനാ ലംഘനം നടത്തിയെന്നു മന്ത്രി വി.എസ്. സുനിൽകുമാർ.

∙ ശബരിമല ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ടു യുവതികൾ കൂടി എത്തി.

∙ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശത്ത് നിരോധനാജ്ഞ മകരവിളക്കു കഴിയും വരെ കലക്ടർ നീട്ടി.

∙ സുപ്രീംകോടതി വിധി മറികടക്കുന്നതിനു കേന്ദ്രം നിയമനിർമാണം നടത്തണമെന്നും ഇതേ ആവശ്യമുന്നയിച്ചു സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടു വരണമെന്നും യുഡിഎഫ് നേതൃയോഗം.

∙ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കണക്കിലെടുത്തു കേരളത്തിലൂടെ സഞ്ചരിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നു യുകെയും യുഎസും അവരുടെ പൗരന്മാർക്കു നിർദേശം നൽകി.

∙ സിപിഎമ്മുമായി വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി സമരം ശക്തമാക്കാൻ ബിജെപി – സംഘപരിവാർ തീരുമാനം.

∙ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ക്ഷേത്ര തന്ത്രിക്കുള്ള അവകാശം അന്തിമമാണെന്ന് പി.എസ് ശ്രീധരൻപിള്ള.

∙ ശബരിമല കർമസമിതി പ്രകടനത്തിനു നേരെയുണ്ടായ കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതികളായ എട്ടു പേർ ഒളിവിൽ. അറസ്റ്റിലായ മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകരെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

∙ ഗുജറാത്ത്, യുപി മാതൃകയിൽ കേരളത്തിലും കലാപം സൃഷ്ടിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്നു മന്ത്രി ഇ.പി.ജയരാജൻ.

ജനുവരി 6

∙ ഹർത്താലിൽ കെഎസ്ആർടിസിക്ക് 3.35 കോടി രൂപയുടെ നഷ്ടം. ആക്രമണങ്ങളിൽ 100 ബസുകൾക്ക് നാശനഷ്ടം

∙ ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിനു കേന്ദ്രം നിയമം നിർമിക്കണമെന്ന കെപിസിസി ആവശ്യം ഹൈക്കമാൻഡ് ശരിവച്ചു.

∙ യുവതീപ്രവേശത്തിന്റെ പേരിലുള്ള അക്രമങ്ങളെയും വർഗീയകലാപ ശ്രമങ്ങളെയും നിർദാക്ഷിണ്യം അടിച്ചമർത്തുമെന്ന് മുഖ്യമന്ത്രി.

∙ നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ശബരിമല യുവതീപ്രവേശത്തിലൂടെ ആചാരങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണു സർക്കാരിന്റേതെന്ന് എൻഎസ്എസ്.

∙ സംസ്ഥാനത്തെ വ്യാപക സംഘർഷങ്ങൾക്കു പിന്നിൽ സംഘടിതശ്രമമെന്നു പൊലീസ് റിപ്പോർട്ട്.

∙ സിപിഎമ്മും ആർഎസ്എസും സംഘപരിവാറും ചേർന്നു കേരളം കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

∙ നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ എസ്എൻഡിപി യോഗത്തെ ചതിച്ചതാണെന്നു പ്രീതി നടേശൻ പറഞ്ഞതു ശരിയാണെന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

∙ ശബരിമല സന്നിധാനത്തു യുവതീപ്രവേശത്തിനു വഴിയൊരുക്കാൻ സർക്കാരിനെയും സിപിഎമ്മിനെയും പ്രേരിപ്പിച്ചതു ബിജെപിയുടെ വിജയദിനാഘോഷത്തിനുള്ള നീക്കമെന്നു വിവരം.

∙ ഹർത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 5769 പേർ അറസ്റ്റിലായതായി ഡിജിപി ലോക്നാഥ് ബെഹ്റ. 1869 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

∙ നിയമിക്കാൻ അധികാരമുണ്ടെങ്കിൽ തന്ത്രിയെ മാറ്റാനും ദേവസ്വം ബോർഡിനു കഴിയുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ജനുവരി 7

∙ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാമർശത്തെച്ചൊല്ലി ലോക്സഭയിൽ വിവാദം.

∙ മനിതി സംഘത്തിനു നിലയ്ക്കലിൽനിന്നു പമ്പയിലേക്കു പോകാൻ സ്വകാര്യ വാഹനം അനുവദിച്ചത് അവരുടെ സുരക്ഷ കരുതിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൂന്നു യുവതികൾ സന്നിധാനത്തെത്തി ദർശനം നടത്തിയെന്നും വ്യക്തമാക്കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സത്യവാങ്മൂലം നൽകി.

ജനുവരി 8

∙ 1949 വരെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചത് മലഅരയ സമുദായം ആയിരുന്നു എന്നും ഇൗ ആചാരം പിന്നീട് കവർന്നെടുത്തിട്ട് സമുദായത്തെ ഒഴിവാക്കിയെന്നും വാദം. 

∙ ഹർത്താലിലുണ്ടായ നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കി ഇരകൾക്കു നൽകണമെന്ന ഹർജിയിൽ ബിജെപി, ആർഎസ്എസ്, ശബരിമല കർമസമിതി ഭാരവാഹികൾ ഉൾപ്പെടെ എതിർ കക്ഷികൾക്കു ഹൈക്കോടതി നോട്ടിസ്.

∙ ശുദ്ധിക്രിയ വിവാദത്തിൽ ശബരിമല തന്ത്രി കണ്ഠര് രാജീവർക്കു സംരക്ഷണമൊരുക്കാൻ ദേശീയ സംസ്ഥാന തലങ്ങളിൽ കൂട്ടായ്മകൾക്കു നീക്കം

∙ യുവതീപ്രവേശത്തെ എതിർക്കുന്നവർ പമ്പയിലും സന്നിധാനത്തും സജീവമായി ഉണ്ടെന്ന് സമീപകാല സംഭവങ്ങളിൽ വ്യക്തമാണെന്നു ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്മേൽ കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞു.

∙ ശബരിമലയിലെ താന്ത്രികാവകാശം പാരമ്പര്യമായി കിട്ടുന്നതാണെന്നും ദേവസ്വം ബോർഡ് നിയമനമല്ലെന്നും താഴമൺ മഠം. തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്കു പ്രതിഫലമായി ദേവസ്വം ബോർഡ് നൽകുന്നതു ദക്ഷിണയാണ്, ശമ്പളമല്ല. ബിസി 100 ലാണു താഴമൺ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത്. പരശുരാമ മഹർഷി കൽപിച്ചതാണ്. എ‍ഡി 55 വരെ താഴമൺ മഠം നിലയ്ക്കലായിരുന്നു.

∙ ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം നടത്തിവന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. പകരം മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ പ്രഫ.വി.ടി. രമ ഉപവാസം ആരംഭിച്ചു.

ജനുവരി 9

∙ ‌ശബരിമല കർമ സമിതി പ്രവർത്തകൻ കുരമ്പാല സ്വദേശി ചന്ദ്രൻ ഉണ്ണിത്താൻ കൊല്ലപ്പെട്ട കേസിൽ 3 പേർ കൂടി അറസ്റ്റിൽ. 11 പ്രതികളിൽ 6 പേർ ഒളിവിൽ.

∙ സന്നിധാനത്ത് എത്തിയെന്ന അവകാശവാദവുമായി കേരള ദലിത് മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കൊല്ലം ചാത്തന്നൂർ സ്വദേശി എസ്.പി.മഞ്ജു. സമൂഹമാധ്യമത്തിലൂടെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടു. പൊലീസോ ദേവസ്വം അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. മുടി നരപ്പിച്ചു പ്രായം കൂടുതൽ തോന്നുന്ന തരത്തിൽ വേഷപ്രച്ഛന്നയായി സന്നിധാനത്തെ ഫ്ലൈ ഓവറിനു മുകളിൽ നിൽക്കുന്ന ചിത്രങ്ങളും വിഡിയോയുമാണു പുറത്തുവിട്ടത്.

∙ ശബരിമലയിൽ ആചാരവും വ്രതാനുഷ്ഠാനങ്ങളും തെറ്റിച്ച യുവതികൾക്കു ദർശനം നടത്താൻ അവസരമൊരുക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോക്‌നാഥ് ബെഹ്റ, കോട്ടയം എസ്പി ഹരിശങ്കർ എന്നിവർക്കെതിരെ രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ആർ.പ്രതീഷ്, ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി.

∙ യുവതീപ്രവേശത്തെ തുടർന്നു ശബരിമലയിൽ തന്ത്രി കണ്ഠര് രാജീവര് നടത്തിയ ശുദ്ധിക്രിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പൂർണ അറിവോടെ. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ് എന്നിവരെ അറിയിച്ച ശേഷമാണു തന്ത്രി ശുദ്ധിക്രിയ ചെയ്തത്. സോപാനം സ്പെഷൽ ഓഫിസർ, ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എക്സിക്യൂട്ടിവ് ഓഫിസർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിസർ എന്നിവരെയും തന്ത്രി മുൻകൂർ വിവരം അറിയിച്ചിരുന്നു. ദേവസ്വം ബോർഡോ മുതിർന്ന ഉദ്യോഗസ്ഥരോ ശുദ്ധിക്രിയ ചെയ്യരുതെന്നു തന്ത്രിക്കു നിർദേശം നൽകിയിട്ടില്ല.

∙ സ്വന്തം പ്രവർത്തകർ നടത്തിയ കല്ലേറിന്റെ ചിത്രം ബിജെപിയുടെ അക്രമത്തിനെതിരായ ഫെയ്സ്ബുക് പോസ്റ്റിൽ ഉൾപ്പെടുത്തിയ ‘സിപിഐഎം കേരള’ എന്ന ഒൗദ്യോഗിക ഫെയ്സ്ബുക് പേജിലെ പോസ്റ്റ് പിൻവലിച്ചു സിപിഎം തടിതപ്പി. 

∙ യുവതീപ്രവേശത്തെ തുടർന്നു ശബരിമലയിൽ ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠര് രാജീവരെ മാറ്റുന്ന കാര്യത്തിൽ നിലപാട് ‘കടുപ്പിച്ച്’ സർക്കാർ. സന്നിധാനത്തു നടന്നതു ശുദ്ധിക്രിയ മാത്രമല്ലെന്നും അയിത്താചരണവുമായി ബന്ധപ്പെട്ട ചടങ്ങാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ജനുവരി 10

∙ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയതിനു കേസെടുത്തതുമൂലം പൊലീസിൽ കീഴടങ്ങിയ യുവാവിന്റെ അച്ഛൻ തൂങ്ങിമരിച്ച നിലയിൽ. തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയിൽ (മനേഷ് ഭവനിൽ) മോഹനൻപിള്ള (65) ആണു വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മനോജ് കീഴടങ്ങി മണിക്കുറുകൾക്കകം മോഹനൻപിള്ളയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

∙ ശബരിമല വിഷയത്തിൽ അനാവശ്യ ഹർജി നൽകിയതിനു ഹൈക്കോടതി വിധിച്ച പിഴത്തുകയായ 25,000 രൂപ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിയിൽ അടച്ചു.‌

∙ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടവർക്കെതിരെ പാർട്ടി നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നു ഗവർണർ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

∙ എരുമേലി വാവരുപള്ളിയിലും കേരളത്തിലെ ആരാധനാലയങ്ങളിലും പ്രവേശിക്കാനായി പുറപ്പെട്ട ഹിന്ദുമക്കൾ കക്ഷി പ്രവർത്തകരായ 17 പേരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

∙ ശബരിമലയിൽ നൂറുകണക്കിനു യുവതികൾ ദർശനം നടത്തിയെന്നും ഇനിയും നടത്തുമെന്നും പൊലീസ് അവർക്ക് സംരക്ഷണം നൽകുമെന്നും മന്ത്രി എം.എം.മണി.

∙ ശബരിമലയിലെ ആചാരലംഘനങ്ങൾ സർക്കാർ സ്‌പോൺസേഡ് പരിപാടിയാണെന്നു ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവൻ.

‌ജനുവരി 11

∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ ജീവഹാനി സംഭവിച്ചവരുടെ പേരെടുത്തുപറഞ്ഞുള്ള അനുശോചനപ്രമേയം ബിജെപി ദേശീയ കൗൺസിലിൽ.

∙ മകരവിളക്കു കാലത്ത് ശബരിമലയിൽ ദർശനം നടത്താൻ ജാമ്യ വ്യവസ്ഥയിൽ ഇളവു തേടി കെ.സുരേന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.

∙ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരം 41 ദിവസം പിന്നിട്ടു.

∙ എഐസിസി അംഗവും മുൻ ഇടുക്കി ഡിസിസി പ്രസിഡന്റുമായ ഇ.എം.ആഗസ്തി തിരുവനന്തപുരത്ത് ബിജെപിയുടെ സമരപ്പന്തൽ സന്ദർശിച്ചത് കോൺഗ്രസിൽ ചർച്ചയായി. 

ജനുവരി 12

∙ ആർത്തവം അയിത്തമല്ലെന്ന് പ്രഖ്യാപിച്ച് ‘ആർപ്പോ ആർത്തവ’ സമ്മേളനത്തിനു മറൈൻ ഡ്രൈവിൽ തുടക്കമായി.

∙ ശബരിമല വിഷയത്തിൽ ആദ്യത്തെ നിലപാടല്ല തനിക്കിപ്പോഴെന്നു രാഹുൽ ഗാന്ധി.

∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധിയിൽ സുപ്രീം കോടതിക്കു തെറ്റുപറ്റിയെന്ന നിലപാട് പരസ്യമാക്കി കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി.

ജനുവരി 13

∙ സുപ്രീംകോടതി വിധിക്കു ശേഷം ശബരിമല സന്ദർശിച്ച യുവതികളായ ബിന്ദുവും കനകദുർഗയും കൊച്ചിയിലെ ‘ആർപ്പോ ആർത്തവം’ പരിപാടി വേദിയിലെത്തി. ശബരിമല ദർശനത്തിനു ശേഷം സ്വന്തം വീടുകളിലേക്കു മടങ്ങിപ്പോകാൻ കഴിയാതെ പൊലീസ് സംരക്ഷണയിൽ കഴിയുകയായിരുന്നു ഇരുവരും. പരിപാടിയുടെ സമാപനച്ചടങ്ങിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി എത്തുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങി.

ജനുവരി 14

∙ മകരജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മലയരയ മഹാസഭ പാഞ്ചാലിമേട്ടിൽ പ്രതീകാത്മക ജ്യോതി തെളിയിച്ചു.

ജനുവരി 15

∙ ശബരിമല വിഷയത്തിൽ സിപിഎമ്മും സംസ്ഥാന സർക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

∙ കെ.സുരേന്ദ്രനു മകരവിളക്കു കാലത്ത് ശബരിമലയിൽ ദർശനം നടത്താൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന അപേക്ഷ ഹൈക്കോടതി അനുവദിച്ചില്ല.

∙ ജനുവരി രണ്ടിനു ശബരിമലയിൽ 2 യുവതികൾ പ്രവേശിച്ചതിൽ സർക്കാരിനും പൊലീസിനും രഹസ്യ അജൻഡയുണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന പരസ്യ അജൻഡ മാത്രമായിരുന്നെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ജനുവരി 16

∙ ദർശനത്തിനെത്തിയ രണ്ടു യുവതികളെ തീർഥാടകർ നീലിമലയിൽ തടഞ്ഞു. ഏഴു പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 17

∙ തന്ത്രിക്കു ദേവസ്വം ബോർഡ് നൽകിയ കാരണം കാണിക്കൽ നോട്ടിസ് ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ഹർജി.

ജനുവരി 18

∙ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡ് നൽകിയ നോട്ടീസിന് മറുപടി നൽകാൻ തന്ത്രി കണ്ഠര് രാജീവര് 10 ദിവസം ആവശ്യപ്പെട്ടു.

∙ 10–50 പ്രായഗണത്തിലുള്ള 51 സ്ത്രീകൾ ഓൺലൈൻ സംവിധാനത്തിലൂടെ റജിസ്റ്റർ ചെയ്ത് ശബരിമലയിൽ പ്രവേശിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

∙ ബിന്ദുവും കനകദുർഗയും നൽകിയ ഹർജി, ശബരിമല വിധി സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

∙ ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 17 മുതൽ ഈ മാസം 4 വരെ 2012 കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ്. 67,094 പ്രതികൾ.

∙ വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും നാമജപയാത്രയിൽ പങ്കെടുത്ത ആയിരക്കണക്കിനു വിശ്വാസികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കോടി പേർ ഒപ്പിട്ട നിവേദനം എൻഡിഎ നേതാക്കൾ ഗവർണർക്കു കൈമാറി.

ജനുവരി 19

∙ യുവതീപ്രവേശ വിധിയെത്തുടർന്ന് ആശങ്കാഭരിതവും പ്രക്ഷുബ്ധവുമായ മണ്ഡല മകരവിളക്കു തീർഥാടനകാലത്തിനു സമാപനം. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് സന്നിധാനവും പമ്പയും ഉൾപ്പെടെ തീർഥാടകർ കേന്ദ്രീകരിക്കുന്ന പ്രദേശങ്ങൾ നിരോധനാജ്ഞയുടെ കവചത്തിലായത്. അതും വൃശ്ചികം 1 മുതൽ മകരവിളക്കു ദിവസം വരെ. നാമജപ പ്രതിഷേധങ്ങൾക്കും പൊലീസ് നടപടികൾക്കും ഈ ദിവസങ്ങൾ സാക്ഷ്യം വഹിച്ചു.

∙ ശബരിമല കയറിയ 10 – 50 പ്രായഗണത്തിലുള്ള സ്ത്രീകളുടെ പട്ടികയിലെ തെറ്റുകൾ കണ്ടെത്തി തിരുത്താൻ ഡിജിപിക്കു സർക്കാരിന്റെ നിർദേശം.

∙ ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കെ. സുരേന്ദ്രൻ നൽകിയ ഹർജി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഹൈക്കോ‌ടതിയും സുരേന്ദ്രന്റെ ആവശ്യം തള്ളിയിരുന്നു.

∙ തീർഥാടന കാലത്തു ദേവസ്വം ബോർഡിന്റെ വരുമാന നഷ്ടം 95.65 കോടി രൂപ. മണ്ഡല കാലത്ത് 58.91 കോടി രൂപയുടെയും മകരവിളക്കിന് 36.73 കോടി രൂപയുടെയും നഷ്ടം ഉണ്ടായി. ജനുവരി 18 വരെയുളള കണക്കാണിത്.

∙ സന്നിധാനത്തേക്കു പോകാനായി വീണ്ടും എത്തിയ കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്തിനെയും ഷാനില സജേഷിനെയും പൊലീസ് നിലയ്ക്കലിൽ നിന്നു നാടകീയമായി തിരിച്ചയച്ചു.

ജനുവരി 20

∙ ശബരിമലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി 49 ദിവസമായി നടത്തിവന്ന ഉപവാസസമരം അവസാനിപ്പിച്ചു.

∙ പുത്തരിക്കണ്ടം മൈതാനിയിൽ ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ ആചാര്യശ്രേഷ്ഠരും സന്യാസിപ്രമുഖരും ഭക്തരും എത്തി.

∙ ഈശ്വരനു മുന്നിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലെന്നും എന്നാൽ‍ ക്ഷേത്രാചാരങ്ങളിൽ കലർപ്പു പാടില്ലെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

∙ യുവതീപ്രവേശവുമായി ബന്ധപ്പെട്ട കോടതി വിധിക്കു ശേഷം കേരളത്തിലെ ഹൈന്ദവ വിഭാഗങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നതിനു കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിന് അദ്ദേഹത്തോടു കടപ്പാടുണ്ടെന്നും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.

∙ തീർഥാടനകാലത്തിനു സമാപനം കുറിച്ച് ശബരിമല നട അടച്ചതോടെ തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. 

ജനുവരി 21

∙ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരടക്കം ഏഴു പേർക്കെതിരെ രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു.

∙ മണ്ഡല–മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് 45.2 കോടി രൂപയുടെ റെക്കോർഡ് വരുമാനം.‌

∙ ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ബിജെപി നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം കനകദുർഗ പെരിന്തൽമണ്ണയിലെ ഭർതൃവീട്ടിലേക്കു മടങ്ങിയെത്തി. വീട്ടിൽ താമസിപ്പിക്കുന്നതിന് ഭർത്താവും വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന്, സ്ത്രീകൾക്കുവേണ്ടിയുള്ള താൽക്കാലിക ആശ്വാസകേന്ദ്രമായ സഖി വൺ സ്റ്റോപ് സെന്ററിലേക്കു കനകദുർഗയെ മാറ്റി.

∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സംസ്ഥാന സർക്കാർ അസത്യപ്രസ്താവനകൾ നടത്തുകയാണെന്നു സ്വാമി ചിദാനന്ദപുരി.

∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച് 1991ൽ ഹൈക്കോടതി നടത്തിയതു തെറ്റായ വിധിയായിരുന്നെന്നും അതു സുപ്രീം കോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശം അങ്ങേയറ്റം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവും ആണെന്ന് ഉമ്മൻ ചാണ്ടി.

∙ തിരുവനന്തപുരത്തെ അയ്യപ്പ ഭക്തസംഗമം സവർണ കൂട്ടായ്മയായെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്ന‌ാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഭക്ത സംഗമത്തിൽ ഉണ്ടായിരുന്നില്ല.

ജനുവരി 22

∙ സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിൽ ഇടപെടാറില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ നിന്നും അല്ലാതെയും ബോർഡുകൾക്കുള്ള വരുമാനത്തിൽ നിന്ന് ഒരു പൈസ പോലും സർക്കാർ ട്രഷറിയിലേക്ക് അടയ്ക്കാറില്ല. ബോർഡുകളുടെ ബാങ്ക് അക്കൗണ്ടുകളിലാണു പണം നിക്ഷേപിക്കുന്നത്.

∙ ഒരു രാജാവ്, ഒരു ചങ്ങനാശേരി, ഒരു തന്ത്രി എന്നിവരാണു ശബരിമല സമരത്തിനു പിന്നിലെന്ന് വെള്ളാപ്പള്ളി നടേശൻ.

ജനുവരി 24

∙ ശബരിമലയിൽ ദർശനം നടത്തിയ യുവതികളെന്ന് അവകാശപ്പെട്ടു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പട്ടിക തിരുത്തി. തിരുത്തലുകൾക്കു ശേഷം പട്ടികയിലുള്ളതു 17 യുവതികൾ മാത്രം. 50നു മുകളിൽ പ്രായമുണ്ടെന്നു കണ്ടെത്തിയ 34 പേരെ ഒഴിവാക്കി.

∙ സുപ്രീം കോടതി വിധിയെത്തുടർന്നു ശബരിമലയിൽ യുവതികൾ ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാൻ കുറഞ്ഞത് ഒരു വർഷം വേണ്ടിവരുമെന്നു ശബരിമല നിരീക്ഷണ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

∙ ശബരിമല സന്നിധാനത്തു യുവതികൾക്കു ജീവനക്കാർക്കുള്ള കവാടത്തിലൂടെ പ്രവേശനം അനുവദിച്ചതു സുരക്ഷ മുൻനിർത്തിയാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നടന്ന അക്രമങ്ങളിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ബിജെപി നേതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

∙ ശബരിമല തന്ത്രിയെ അധിക്ഷേപിച്ചു പരാമർശം നടത്തിയ മന്ത്രി ജി.സുധാകരനെതിരെ ശിവസേന പൊലീസിനു പരാതി നൽകി.

ജനുവരി 25

∙ സംവിധായകൻ പ്രിയനന്ദനനു നേരെ ആക്രമണം. തലയിലൂടെ ചാണകവെള്ളമൊഴിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ആർഎസ്എസ് പ്രവർത്തകൻ വല്ലച്ചിറ മനവഴി കടവിൽ സരോവറിനെ (25) അറസ്റ്റ് ചെയ്തു.

ജനുവരി 27

∙ മാതാ അമൃതാനന്ദമയി ശബരിമല കർമസമിതി യോഗത്തിന്റെ വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി.

∙ മാതാ അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുകയാണെന്നു പ്രതിപക്ഷ നേതാവ്.

ജനുവരി 31

∙ ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ 739 കോടി രൂപ അനുവദിച്ചു.

∙ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ച് വിധി പുനപ്പരിശോധിക്കണമെന്ന ഹർജികൾ ഫെബ്രുവരി ആറിന് പരിഗണിക്കും. മൊത്തം 55 ഹർജികളാണുള്ളത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായിരുന്നതിനാൽ കഴിഞ്ഞ 22ന് ഹർജികൾ പരിഗണിക്കാനായില്ല.

ഫെബ്രുവരി 1

∙ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതു ചോദ്യം ചെയ്തത് ഉൾപ്പെടെ ഏഴു ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.

∙ ശബരിമലയിൽ മകരവിളക്കു തെളിക്കുന്നതിനു മലയരയന്മാർക്ക് ഉണ്ടായിരുന്ന അവകാശം പുനഃസ്ഥാപിക്കണമെന്ന് നിയമസഭയിൽ ബിജെപി അംഗം ഒ.രാജഗോപാൽ. ഇക്കാര്യത്തിൽ രേഖകളുള്ളതിനാൽ ഉചിതമായ തീരുമാനമെടുക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.

ഫെബ്രുവരി 2

∙ മകരജ്യോതിയുടെ ദൈവികമായ വിശുദ്ധിയെ ഒ.രാജഗോപാൽ നിയമസഭയിൽ ചോദ്യം ചെയ്തതിലൂടെ ബിജെപിയുടെ ശബരിമല വിഷയത്തിലെ കാപട്യം പുറത്തായതായി ശശി തരൂർ എംപി.

ഫെബ്രുവരി 3

∙ എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായ അംഗങ്ങൾ കേൾക്കില്ലെന്ന എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ അഭിപ്രായത്തിനുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നു ജി. സുകുമാരൻ നായർ.

ഫെബ്രുവരി 4

∙ ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണത്തിൽ‌ വീണ്ടും മലക്കംമറിഞ്ഞു സർക്കാർ. ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെ റിപ്പോർട്ട് പ്രകാരം രണ്ടു യുവതികൾ മാത്രമാണു ദർശനം നടത്തിയതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. ശ്രീലങ്കൻ യുവതി ശബരിമലദർശനം നടത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു മന്ത്രി.

∙ യുവതീപ്രവേശത്തെ തുടർന്നു നടയടച്ചു ശുദ്ധിക്രിയ ചെയ്തതിൽ തെറ്റില്ലെന്നും അതു തന്റെ ഉത്തരവാദിത്തമാണെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര്. ദേവസ്വം ബോർഡിനു നൽകിയ വിശദീകരണത്തിലാണു തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

∙ ശബരിമല തീർഥാടന കാലത്തു ഭക്തരുടെ കുറവു മൂലം ദേവസ്വം ബോർഡിനു 100 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നു മന്ത്രി.

ഫെബ്രുവരി 5

∙ ഏതാനും മുസ്‌ലിം, ക്രിസ്ത്യൻ സംഘടനകളെക്കൂടി ഉൾപ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണ സമിതി വിപുലീകരിച്ചു.

∙ ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നു ശശി തരൂർ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.

∙ ശബരിമല വിഷയത്തിൽ ആരെയും ഭയപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും ആരുമായും നിഴൽ യുദ്ധത്തിനുമില്ലെന്നും ജി.സുകുമാരൻ നായർ.

∙ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ ചലച്ചിത്ര നടൻ കൊല്ലം തുളസി ചവറ പൊലീസിൽ കീഴടങ്ങി.

∙ യുവതികൾ പ്രവേശിച്ചതു മൂലമല്ല ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതെന്ന തന്ത്രി കണ്ഠര് രാജീവരുടെ വാദം തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതികൾ ദർശനം നടത്തിയതിന്റെ പേരിലാണു തന്ത്രി ശുദ്ധിക്രിയ ചെയ്തതെന്ന ഉറച്ച ബോധ്യം ബോർഡിനുണ്ടെന്നു പ്രസിഡന്റ് എ.പത്മകുമാർ.

ഫെബ്രുവരി 6

∙ സ്ത്രീപുരുഷ, പ്രായഭേദമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാൻ അവകാശം നൽകുന്നതാണു ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്നും ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാൻ പാടില്ലെന്നും സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വാദിച്ചു.

∙ ശബരിമല അയ്യപ്പ ഭക്തരുടെ മതസ്വാതന്ത്ര്യപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭരണഘടനാ ധാർമികതയെന്ന മതപരമല്ലാത്ത അളവുകോൽ പാടില്ലെന്നും എൻഎസ്എസും തന്ത്രി കണ്ഠര് രാജീവരുമുൾപ്പെടെ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടവർ നിലപാടെടുത്തു.

∙ ദേവസ്വം ബോർഡ് നിലപാട് മാറ്റിയോ എന്നതായിരുന്നു ഇന്നലെ വാദം കേൾക്കുമ്പോൾ കോടതിയിലും പുറത്തുമുയർന്ന പ്രധാന സംശയം. മുൻപു കേസിൽ വാദം കേൾക്കുമ്പോൾ യുവതീപ്രവേശത്തെ എതിർത്ത ബോർഡ് ഇപ്പോൾ വിധിയെ പിന്തുണയ്ക്കുകയാണോ എന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു.

∙ യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹർജികളും അനുബന്ധ ഹർജികളും ഭരണഘടനാ ബെഞ്ച് തീരുമാനം പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളം വാദം കേട്ടു. വിധിയെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും വാദങ്ങൾ എഴുതി നൽകാൻ കോടതി 7 ദിവസം അനുവദിച്ചു.

∙ കുംഭ മാസ പൂജാവേളയിലും അതിനു മുന്നോടിയായും ശബരിമല വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിനു ആർഎസ്എസ് –സംഘപരിവാർ പ്രസ്ഥാനങ്ങളും ശബരിമല കർമസമിതിയും തീരുമാനിച്ചു. ശബരിമല വിഷയത്തിലൂന്നി തിരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കാൻ ബിജെപി ഉന്നതതല യോഗത്തിലും തീരുമാനം.

ഫെബ്രുവരി 7

∙ യുവതീപ്രവേശ വിധിയെ സുപ്രീം കോടതിയിൽ അനുകൂലിച്ചതിനെച്ചൊല്ലി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പൊട്ടിത്തെറി. സർക്കാരും ദേവസ്വം കമ്മിഷണർ എൻ.വാസുവും ഒരുവശത്തും പ്രസിഡന്റ് എ.പത്മകുമാർ മറുവശത്തുമായാണു തർക്കം.

ഫെബ്രുവരി 8

∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ മണ്ഡലകാലത്തേക്കാണു ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സാവകാശം ചോദിച്ചതെന്നും മണ്ഡലകാലം കഴിഞ്ഞതിനാൽ അതിനു പ്രസക്തിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ.

∙ മണ്ഡലകാലത്തെ പരിമിതികൾ മൂലമാണു സാവകാശ ഹർജി നൽകിയതെന്നും ഇനി പ്രസക്തിയില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഫെബ്രുവരി 9

‌∙ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ശബരിമല വികസനത്തിന് രണ്ടു വർഷം മുൻപ് നൽകിയ 20 കോടി രൂപയിൽ ഒരു രൂപപോലും സംസ്ഥാന സർക്കാർ ചെലവിട്ടില്ലെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.

ഫെബ്രുവരി 10

∙ കേരളത്തിൽ ശബരിമല വിധിക്കെതിരെ സ്ത്രീകൾ തെരുവിലിറങ്ങിയതു ബിജെപിയെപ്പോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതുന്നില്ലെന്ന് എഴുത്തുകാരൻ സക്കറിയ.

ഫെബ്രുവരി 11

∙ പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമല കയറ്റിയിട്ടുണ്ടെന്നും യുവതീപ്രവേശത്തിൽ സിപിഎം സ്വീകരിച്ച നിലപാട് ശരിയാണെന്നും മന്ത്രി ജി.സുധാകരൻ

ഫെബ്രുവരി 12

∙ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുമല കുണ്ടമൺകടവിലുള്ള ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച കേസിൽ അന്വേഷണം സ്തംഭിച്ചു. തൽക്കാലം ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു മേലുദ്യോഗസ്ഥർ നൽകിയ നിർദേശം.

ഫെബ്രുവരി 14

∙ വിശ്വാസ സംരക്ഷണത്തിന് ശബരിമലയിലും അയോധ്യ മാതൃകയിൽ പ്രക്ഷോഭം വേണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഫെബ്രുവരി 19

∙ ശബരിമല ക്ഷേത്രം 365 ദിവസവും തുറന്നുകൂടേയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നോടു ചോദിച്ചിരുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ.

∙‌ ശബരിമല വിഷയത്തിൽ സർക്കാർ കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരത്തെ മാനിക്കണമെന്നു ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ.

ഫെബ്രുവരി 28

∙ ക്ഷേത്രാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിന് കേന്ദ്രനിയമം വേണമെന്ന് ഓൾ ഇന്ത്യ ശബരിമല ആക്‌ഷൻ കൗൺസിൽ.

∙ സനാധന ധർമ പരിഷത്ത് കടപ്പുറത്തു സംഘടിപ്പിച്ച ഹൈന്ദവം അയ്യപ്പഭക്ത സംഗമത്തിൽ പതിനായിരക്കണക്കിന് ആളുകളെത്തി. കാഞ്ചി കാമകോടി മഠാധിപതി വിജയേന്ദ്ര സരസ്വതി വിഡിയോ കോൺഫറൻസിലൂടെ അനുഗ്രഹസന്ദേശം നൽകി.

മാർച്ച് 9

∙ ഹിന്ദു സമൂഹം രാജ്യത്തു നിരന്തരം അവഗണിക്കപ്പെടുന്നതിന് ഉദാഹരണങ്ങളാണ് അയോധ്യ കേസും ശബരിമല കേസുമെന്ന് ആർഎസ്എസ്. 

മാർച്ച് 10

∙ തിരഞ്ഞെടുപ്പിൽ ശബരിമലയെ മുതലാക്കാനുള്ള ശ്രമം ബിജെപിയും കോൺഗ്രസും ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ.

മാർച്ച് 11

∙ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ മതവികാരം ഇളക്കി വിടുന്ന തരത്തിൽ പ്രചരിപ്പിച്ചാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ.

മാർച്ച് 12

∙ ശബരിമല തിരഞ്ഞെടുപ്പു വിഷയമാക്കരുതെന്ന നിലപാടിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുമെന്നും ടിക്കാറാം മീണ.

മാർച്ച് 20

∙ അമ്പലങ്ങളുടെയും പള്ളികളുടെയും പേരിൽ വോട്ടു ചോദിക്കാൻ പാടില്ലെന്ന് ആവർത്തിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. സാമുദായിക സൗഹാർദം തകർക്കുന്ന രീതിയിലുള്ള പ്രചാരണം അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പോയി വോട്ടു ചോദിക്കാനും പാടില്ല. തിരുവനന്തപുരത്തു ശബരിമല വിഷയം പറഞ്ഞു നോട്ടിസ് വിതരണം ചെയ്തതിനെക്കുറിച്ചു വിശദീകരണം തേടി.

മാർച്ച് 25

∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള മുഴുവൻ ഹർജികളും സുപ്രീം കോടതിയിലേക്കു മാ‌റ്റണമെന്ന കേരള സർക്കാരിന്റെ ആവ‌ശ്യം സുപ്രീം കോടതി തള്ളി.

മാർച്ച് 26

∙ ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചെന്ന കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 13 യുഡിഎഫ് നേതാക്കൾക്കു ജാമ്യം അനുവദിച്ചു.

മാർച്ച് 28

∙ അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷിക്കാൻ പന്തളം കൊട്ടാരം പ്രതിജ്ഞാബദ്ധമാണെന്നു കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമയും സെക്രട്ടറി പി.എൻ.നാരായണ വർമയും.

ഏപ്രിൽ 3

∙ ശബരിമലയിലെ യുവതീ പ്രവേശത്തിൽ പ്രതിഷേധിച്ചു നടത്തിയ ഹർത്താൽ, പ്രതിഷേധ സമരങ്ങളെത്തുടർന്നു ശബരിമല കർമസമിതി, ബിജെപി നേതാക്കൾക്കെതിരെ 200 ലേറെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ഏപ്രിൽ 4

∙ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീർഥാടന കാലത്ത് ശബരിമലയിൽ പൊലീസ് സുരക്ഷയ്ക്ക് സർക്കാർ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ.

ഏപ്രിൽ 13

∙ കേരളത്തിൽ അയ്യപ്പന്റെ പേര് പറയാനാവാത്ത അവസ്ഥയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ്, കമ്യൂണിസ്റ്റ്, മുസ്‌ലിം ലീഗ് പാർട്ടികൾ ഒന്നു ചേർന്ന് അപകടകരമായ കളിയാണു കളിക്കുന്നത്.

∙ ശബരിമല വിഷയത്തിൽ സംഘപരിവാർ തെറ്റിദ്ധാരണ പരത്തുമ്പോൾ വലിയ പ്രാധാന്യത്തോടെ ശബരിമലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഏപ്രിൽ 16

∙ വിശ്വാസ, ആചാരങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു സംസ്കാരം, ഒരു ഭാഷ, ഒരു മതം, ഒരു ചരിത്രം എന്നു പഠിപ്പിക്കുന്ന സംഘ് പരിവാർ ആശയമല്ല, രാജ്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന മഹത്തായ പരമ്പര്യമാണ് കോൺഗ്രസിന്റേത്.

ഏപ്രിൽ 21

∙ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ നിർദേശിച്ചതു കേന്ദ്രസർക്കാരാണെന്ന് ആവർത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.

മേയ് 24

∙ ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബിജെപിക്കു കിട്ടിയില്ലെന്നു ഒ.രാജഗോപാൽ എംഎൽഎ. മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ടു പോയ അവസ്ഥയാണു ബിജെപി നേരിടുന്നത്. ഒന്നും ചെയ്യാതിരുന്ന കോൺഗ്രസിനാണു ശബരിമല വിഷയത്തിന്റെ ഗുണം ലഭിച്ചത്.

മേയ് 27

∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസസംരക്ഷണാർഥം പ്രത്യേക നിയമനിർമാണം നടത്തുമെന്നു യുഡിഎഫ് പ്രഖ്യാപനം. 

ജൂൺ 21

∙ ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബിൽ എൻ.കെ.പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തെ ഏകകണ്ഠമായി സഭ അനുകൂലിച്ചു.

ജൂൺ 25

∙ ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യബിൽ നടപ്പു സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കില്ല. നറുക്കെടുപ്പിൽ ബില്ലിനു നറുക്കുവീണില്ല.

ജൂലൈ 4

∙ ശബരിമല യുവതീപ്രവേശ വിധി തിരുത്തപ്പെടേണ്ടതാണെന്നും വിശ്വാസ സംരക്ഷണത്തിന് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ശബരിമല കർമസമിതി സംസ്ഥാന സമിതിയോഗം. നിയമ നിർമാണവുമായി ബന്ധപ്പെട്ട് മുതിർന്ന നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു കരട് രേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കാനും തീരുമാനിച്ചു.

ജൂലൈ 16

∙ ശബരിമലയിൽ സർക്കാരിനെ പൊലീസ് ആർഎസ്എസിന് ഒറ്റു കൊടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഘട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചെങ്കിലും തമിഴ്നാട്ടിലെ മനിതി സംഘം വന്നപ്പോൾ നാറാണത്തു ഭ്രാന്തനെപ്പോലെയായി പൊലീസ്. യുവതികൾ വരുന്നത് ആർഎസ്എസിനു ചിലർ കൃത്യമായി ചോർത്തി നൽകി.

ഓഗസ്റ്റ് 18

∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സർക്കാർ തിടുക്കം കാട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശം. ശബരിമല വിഷയത്തിൽ സമൂഹമാധ്യമങ്ങൾ വഴി ആർഎസ്‌എസ് നടത്തിയ പ്രചാരണങ്ങൾക്കു തടയിടാൻ കഴിയാതെ പോയതു ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായി ഇതിൽ വിലയിരുത്തി.

സെപ്റ്റംബർ 28

∙ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നിട്ട് ഒരുവർഷം. വിധിക്കു പിന്നാലെ കേരളത്തെ ഇളക്കിമറിച്ച പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് എടുത്ത 9000 ക്രിമിനൽ കേസുകളിൽ പ്രതികളായത് 27,000 പേർ.

നവംബർ 14

∙ ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ, ഏഴു ജഡ്ജിമാർ ഉൾപ്പെട്ട വിശാലബെ‍ഞ്ചിൽനിന്ന് ഉത്തരങ്ങൾ കിട്ടുന്നതുവരെ മാറ്റിവയ്ക്കാൻ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി. ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്. ഇപ്പോൾ നൽകിയതും വിശാല ബെഞ്ചിനു തീരുമാനിക്കാവുന്നതുമായ ചോദ്യങ്ങളിൽ ഉത്തരങ്ങൾ ലഭിക്കുന്നതുവരെ ശബരിമല പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും മാറ്റിവയ്ക്കുന്നു. ശബരിമല സംബന്ധിച്ച ചോദ്യം പരിഗണിക്കുമ്പോൾ താൽപര്യമുള്ള കക്ഷികളെയെല്ലാം കേൾക്കണമോയെന്ന് ഏഴംഗ ബെഞ്ചിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായ രഞ്ജൻ ഗൊഗോയ്, എ.എം.ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവർ തീരുമാനത്തോടു യോജിച്ചു. ഡി.വൈ.ചന്ദ്രചൂഡൂം റോഹിന്റൻ നരിമാനും വിയോജിപ്പ് രേഖപ്പെടുത്തി.

English Summary: Sabarimala verdict: A timeline of women temple entry issue in detail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com