ADVERTISEMENT

ശബരിമല∙ ശബരിമല വിധിയിൽ കാതോർത്ത് കേരളം. 1990 മുതൽ തുടങ്ങിയ നിയമ പോരാട്ടത്തിനാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടേ അറുപത് ഹര്‍ജികളില്‍ തുറന്നകോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്. ശബരിമല കേസിന്റെ നാൾവഴി അറിയാം. 

വിധിയുടെ സാധ്യതകൾ ഇങ്ങനെ:-

1. പുനഃപരിശോധനാഹര്‍ജികള്‍ തള്ളാം; വിധി നിലനില്‍ക്കും

2. പുനഃപരിശോധന അനുവദിക്കാം; വീണ്ടും വിശദമായ വാദം

3. വിശാലബഞ്ചിന് വിടാം; ഇപ്പോഴത്തെ വിധി സ്റ്റേ ചെയ്ത് വാദം

എന്നാൽ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28ന് സുപ്രിംകോടതി വിധിയെത്തിയപ്പോള്‍ ശബരിമലയും കേരളത്തിലെ തെരുവുകളും പ്രതിഷേധത്താല്‍ നിറഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്.വിധി തിരുത്തപ്പെടുമെന്ന കരുതുന്ന പ്രതിഷേധക്കാരുടെ നിലപാടിനും, സുപ്രിംകോടതി വിധിയെന്തായാലും അതുറപ്പാക്കാന്‍ നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനും നിര്‍ണായകമാകും ഇന്നത്തെ തീരുമാനം.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍എസ്എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മുഖ്യഹര്‍ജിക്കാര്‍.

മറുവശത്ത് സംസ്ഥാന സര്‍ക്കാരും, ദേവസ്വം ബോര്‍ഡും, യങ് ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളും. യുവതി പ്രവേശ വിലക്ക് വിവേചനപരമോ, അയിത്തമോ അല്ല. നൈഷ്ഠിക ബ്രമ്ഹചാരിയെന്ന നിലക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങയവയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. വിലക്കിന്‍റെ അടിസ്ഥാനം അയിത്തവും, ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപാടുമാണ്. യുവതി പ്രവേശവിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.  

ഭരണഘടന ബെഞ്ചിലെ നാല് അംഗങ്ങളില്‍ മൂന്നു പേരും യുവതി പ്രവേശത്തെ അനുകൂലിച്ചവരാണ്. യുവതി പ്രവേശന വിലക്കില്‍ തെറ്റില്ലെന്ന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം ബെഞ്ചിലെ പുതിയ അംഗമെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാട് നിര്‍ണ്ണായകമാകും.  

English Summary: Sabarimala Women Entry Verdict

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com