sections
MORE

ശബരിമല: ഹർജികൾ തീർപ്പാക്കാതെ മാറ്റി; വിശാല ബെഞ്ചിന്റെ തീരുമാനം നിർണായകം

Sabarimala
ശബരിമല
SHARE

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ, ഏഴു ജഡ്ജിമാർ ഉൾപ്പെട്ട വിശാലബെ‍ഞ്ചിൽനിന്ന് ഉത്തരങ്ങൾ കിട്ടുന്നതുവരെ മാറ്റിവയ്ക്കാൻ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി. ശബരിമല കേസുകൾ സംബന്ധിച്ച് 2018 സെപ്റ്റംബർ 28നു പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധി സ്റ്റേ ചെയ്തിട്ടുമില്ല. വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം, മതപരമായ കാര്യത്തിൽ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാൽപര്യ ഹർജി പരിഗണിക്കാമോ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടം 1965 ശബരിമലയ്ക്കു ബാധകമോ തുടങ്ങി ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്. ഇപ്പോൾ നൽകിയതും വിശാല ബെഞ്ചിനു തീരുമാനിക്കാവുന്നതുമായ ചോദ്യങ്ങളിൽ ഉത്തരങ്ങൾ ലഭിക്കുന്നതുവരെ ശബരിമല പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും മാറ്റിവയ്ക്കുന്നു. ശബരിമല സംബന്ധിച്ച ചോദ്യം പരിഗണിക്കുമ്പോൾ താൽപര്യമുള്ള കക്ഷികളെയെല്ലാം കേൾക്കണമോയെന്ന് ഏഴംഗ ബെഞ്ചിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായ രഞ്ജൻ ഗൊഗോയ്, എ.എം.ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവർ തീരുമാനത്തോടു യോജിച്ചു. ഡി.വൈ.ചന്ദ്രചൂഡൂം റോഹിന്റൻ നരിമാനും വിയോജിപ്പ് രേഖപ്പെടുത്തി. പുനഃപരിശോധനാ ഹര്‍ജികളിൽ തീരുമാനമെടുക്കുന്നതിനു മുൻപ് ഏഴു വിഷയങ്ങളിൽ തീര്‍പ്പുതേടിയാണു വിശാല ബെഞ്ചിനു വിട്ടത്.

മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരം എന്താണ്, അത്തരം ആചാരങ്ങളിൽ കോടതിക്ക് ഇടപെടാൻ ആകുമോ എന്നീ വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുമ്പോൾ കോടതി ജാഗ്രത പാലിക്കണം. സമാനമായ പ്രശ്നങ്ങൾ പല മതങ്ങളിലും നിലനിൽക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകൾക്കു പള്ളികളിൽ പ്രവേശിക്കുന്നതിലെ വിലക്കും, ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കർമം, പാഴ്സി ആരാധനാലയത്തിൽ സ്ത്രീകൾക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കണം. ആചാരങ്ങള്‍ പുലര്‍ത്താന്‍ അവകാശമുണ്ട്. ശിരൂര്‍ മഠക്കേസില്‍, മതത്തിലെ ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ മതാചാര്യന്മാരാണു തീരുമാനിക്കേണ്ടതെന്നാണു സുപ്രീംകോടതി വിധി. ശബരിമല കേസില്‍ അതുണ്ടായിട്ടില്ല. ഇവ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഏഴംഗ ബെഞ്ച് പരിശോധിക്കേണ്ടത്. നിലവിലെ അഞ്ചംഗ ബെഞ്ചിൽനിന്നു മൂന്നു പേരെ ഏഴംഗ വിശാല ബെഞ്ചിലേക്കു വിടാനുമാണു ഭൂരിപക്ഷ വിധി. ഫലത്തിൽ, ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തീർപ്പാക്കിയിട്ടില്ല. വിധി സ്റ്റേ ചെയ്യുന്നില്ലെന്നു കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു. വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട 56 ഹർജികളിലും അനുബന്ധ ഹർജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിനാണു വാദം പൂർത്തിയായത്. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം. ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി ഹൈക്കോടതിയിൽ 1990 സെപ്റ്റംബറിൽ പരാതി നൽകി. ഇതു റിട്ട് ഹര്‍ജിയായി പരിഗണിച്ച ഹൈക്കോടതി 1991 ഏപ്രിൽ 5ന് ശബരിമലയിലെ യുവതീപ്രവേശം നിരോധിച്ചു. 2006ൽ യങ് ലോയേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ ഹര്‍ജി നൽകി. 2018 സെപ്റ്റംബർ 28ന് ആണ് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതിയുടെ ചരിത്രവിധിയുണ്ടായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA