അറുത്തുമാറ്റിയ മനുഷ്യശരീരം പലയിടങ്ങളില്‍; അന്വേഷണം വഴിമുട്ടി ക്രൈംബ്രാഞ്ച്

police-caricature
SHARE

കോഴിക്കോട്∙ 2017 ജൂണ്‍ 28. സന്ധ്യാനേരത്താണ് മനുഷ്യശരീരത്തില്‍നിന്ന് വെട്ടിയെടുത്ത ഇടതുകൈ കോഴിക്കോട് ബേപ്പൂര്‍ ചാലിയം കടപ്പുറത്ത് കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ബേപ്പൂര്‍ പൊലീസ് സ്ഥലത്തെത്തി കൈ മോര്‍ച്ചറിയിലേക്ക് മാറ്റി. കേസ് റജിസ്റ്റര്‍ ചെയ്തു. കൈ അറത്തുമാറ്റപ്പെട്ട ശരീരത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിന്റെ മൂന്നാംനാള്‍ 2017 ജൂലൈ ഒന്നിന് ഇടതുകൈ ലഭിച്ച അതേ തീരത്ത് വലതുകൈയും അടിഞ്ഞു. ഇതോടെ കൊലപാതം തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. രണ്ടാമത്തെ കേസും റജിസ്റ്റര്‍ ചെയ്തു.

ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ കൂടുതല്‍ ദുരൂഹത നിറച്ച് അഞ്ചാംനാള്‍ (06/07/17) കൈകാലുകളും തലയുമില്ലാത്ത ഉടല്‍മാത്രം മുക്കം പൊലീസ് കണ്ടെത്തി. കൈകള്‍ ലഭിച്ച സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ മാറി ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തിരുവമ്പാടി എസ്റ്റേറ്റ് റോഡരികില്‍ ചാക്കിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഉടല്‍. കൈകാലുകളും തലയും അറത്തുമാറ്റിയതിനാല്‍ മനുഷ്യശരീരമാണെന്ന് തിരിച്ചറിയാന്‍ നാട്ടുകാരും പൊലീസും ആദ്യം പ്രയാസപ്പെട്ടു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീണ്ടും ഒരാഴ്ച കഴിഞ്ഞതോടെ (3/07/17) കൈകള്‍ ലഭിച്ച ചാലിയം കടല്‍തീരത്തുനിന്ന് തലയോട്ടിയും കണ്ടെത്തി. അങ്ങനെ നാലാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തു. 

കൈകളും ഉടലും തലയും ലഭിച്ചെങ്കിലും കാലുകള്‍മാത്രം എവിടെയും കണ്ടെത്തിയില്ല. ഇതോടെ ലഭിച്ച ശരീര ഭാഗങ്ങള്‍ ഒരാളുടേതാണോയെന്ന് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്തി. 2017 സെപ്റ്റംബര്‍ 16ന് പരിശോധനാ ഫലം പുറത്തുവന്നു. ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് തന്നെയെന്ന് ഡിഎന്‍എ ഫലം ഉറപ്പിച്ചു. അങ്ങനെ നാല് കേസുകളും 2017 ഒക്ടോബര്‍ 4ന് ക്രൈംബ്രാഞ്ചിന് കൈമാറി. 

മൃതശരീരഭാഗങ്ങള്‍ കണ്ടെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും കൊല്ലപ്പെട്ട ആളെ തേടി ആരും എത്തിയില്ല. കൊലയാളികളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചില്ല. ഉടല്‍ പൊതിഞ്ഞ ചാക്കിനെകുറിച്ച് അന്വേഷിച്ചു. കേരളത്തിലെ മിക്കകടകളിലും സാധനെമത്തിക്കുന്ന കമ്പനിയിലെ ചാക്കായതിനാല്‍ ആ മാര്‍ഗവും പരാജയപ്പെട്ടു.

ശരീരഭാഗങ്ങള്‍ ലഭിച്ചത് എസ്റ്റേറ്റ് മേഖലയില്‍നിന്നും കടല്‍തീരത്തുനിന്നുമായതിനാല്‍ സിസിടിവികളും ഉണ്ടായിരുന്നില്ല. കാര്യമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെയാണ് ശാസ്ത്രീയമാര്‍ഗങ്ങളിലേക്ക് അന്വേഷണ സംഘം തിരിഞ്ഞത്. കംപ്യൂട്ടര്‍ സഹായാത്താല്‍ തലയോട്ടി അടിസ്ഥാനമാക്കി മൂന്ന് രേഖാചിത്രങ്ങള്‍ വരച്ചു. ഇവ മാധ്യമങ്ങള്‍ വഴി പരമാവധി പ്രചരിപ്പിച്ച് നോക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. 

അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനങ്ങള്‍

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രേഖാചിത്രങ്ങളും വിശദമായി പരിശോധിച്ചതില്‍നിന്ന് കൊല്ലപ്പെട്ട ആള്‍ ഇതര സംസ്ഥാനക്കാരനാണെന്ന സംശയത്തിലാണ് പൊലീസ്. ആദ്യ ശരീരഭാഗം കണ്ടെത്തിയതിനെക്കാള്‍ ഒരാഴ്ചയോളം പഴക്കം മൃതദേഹത്തിനുണ്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ ആമാശയത്തില്‍നിന്ന് ബസുമതി അരിയും തക്കാളിയും ഉള്ളിയും കണ്ടെത്തി. മദ്യത്തിന്റെ അംശവും ഉണ്ടായിരുന്നു. ഏകദേശം ഇരുപത്തിയഞ്ച് വയസും 165 സെന്റി മീറ്റര്‍ ഉയരവും വരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. പല്ലുകളില്‍ പുകയിലയുടെ കറ കണ്ടെത്തി. ഈ വിവരങ്ങളും രേഖാചിത്രത്തിലെ രൂപവും വിലയിരുത്തിയതോടെയാണ് കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരനായിരിക്കാമെന്ന് പ്രാഥമികമായി സംശയിക്കുന്നത്. 

കഴുത്തില്‍ ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപ്പെടുത്തിയശേഷം മൂര്‍ച്ചയേറിയ യന്ത്രം (മരം, ടൈല്‍, കല്ല് തുടങ്ങിയവ മുറിക്കാനുപയോഗിക്കുന്ന യന്ത്രം) ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റി. ഉടല്‍ കണ്ടെത്തിയ സ്ഥലത്തുപോലും രക്തം തളം കെട്ടിനിന്ന പാടുകള്‍ ഉണ്ടായിരുന്നില്ല. കൊല ചെയ്തശേഷം മണിക്കൂറുകളോ ദിവസമോ കഴിഞ്ഞാണ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചെതെന്ന് സംശയിക്കാന്‍ ഇത് കാരണമാകുന്നു. ഒന്നിലധികം ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് നിലവിലെ തെളിവുകളില്‍നിന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്. 

ഉടല്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തുകൂടിയാണ് ഇരുവഞ്ഞിപ്പുഴ ഒഴുകുന്നത്. ഒരു പക്ഷേ ഉടല്‍ വഴിയരികില്‍ ഉപേക്ഷിച്ച് കൈകാലുകളും തലയും പുഴയിലെറിഞ്ഞാകാനും സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. ഇങ്ങനെ ഇരുവഞ്ഞിപ്പുഴയില്‍ ഉപേക്ഷിച്ച കൈകാലുകളും തലയും ഒഴുകി ചാലിയാറിലെത്തി. അങ്ങനെ ചാലിയാര്‍ കടലില്‍ ചേരുന്ന ഭാഗമായ ചാലിയം കടപ്പുറത്തെത്തിയെന്നും സംശയിക്കപ്പെടുന്നു. മുക്കം മേഖലയില്‍ ഇതരസംസ്ഥാന ജോലിക്കാര്‍ കൂടുതലായി ഉള്ളതിനാല്‍ ആ രീതിയിലും വ്യാപകമായ അന്വേഷണം നടന്നു. പക്ഷേ ഒരു തുമ്പും ലഭിച്ചില്ല. കേരളത്തില്‍നിന്ന് കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും കൊല്ലപ്പെട്ട ആളെമാത്രം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

English Summary: Police make new caricature of human body found in Beypore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA