ADVERTISEMENT

കൊച്ചി ∙ ‘ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പിച്ചതാണ്. പണം നഷ്ടമായപ്പോൾ ആദ്യം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. കുറെ നേരത്തേയ്ക്ക് ഫുൾ ബ്ലാങ്ക് ആയി. പിന്നെ അമ്മയെ വിളിച്ചു പറഞ്ഞു. ആശ്വാസ വാക്കുകളും പൊലീസിൽ പറയാനുള്ള നിർദേശവുമാണ് അമ്മ നൽകിയത്. സ്റ്റേഷനിലേയ്ക്കു വിളിച്ചപ്പോൾ, പൊലീസ് ഇങ്ങോട്ടു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനകം പണം കിട്ടിയ ആൾ സ്റ്റേഷനിൽ എത്തിച്ചിരുന്നു’– നയനപ്രകാശ് പറഞ്ഞു.

കലൂർ സ്വദേശി നയന പ്രകാശ് അമ്മയുടെ ഡയാലിസിസിനു കരുതി വച്ചിരുന്ന പണമാണ് ഇന്നലെ ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായത്. വഴിയിൽനിന്നു കളഞ്ഞുകിട്ടിയ 32,000 രൂപ മണിക്കൂറുകൾക്കകം ഒറീസ സ്വദേശി കൻഹു ചരൺ ആണ് തിരിച്ചേൽപ്പിച്ചു മാതൃകയായത്. വൈകിട്ട് കോട്ടയത്തു പോയി മടങ്ങും വഴി കുണ്ടന്നൂർ പാലത്തിൽ വച്ചാണു നയനപ്രകാശിനു പഴ്സ് നഷ്ടമായത്. കടവന്ത്ര എത്തിയപ്പോഴാണ് അറിയുന്നത് പഴ്സ് നഷ്ടമായെന്ന്. എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ പഴ്സിലാണുള്ളത്.

എന്തു ചെയ്യണമെന്ന് അറിയാതെ കുറെ നേരം അവിടെത്തന്നെ നിന്നു. പിന്നെയാണ് അമ്മയെ വിളിച്ചു പറയുന്നത്. അമ്മ എസ്ഐ ആയി റിട്ടയർ ചെയ്ത ആളാണ്. സ്റ്റേഷനിൽ അറിയിക്കാനായിരുന്നു ഉപദേശം. ശേഷം സുഹൃത്തിനൊപ്പം കടവന്ത്രയിൽനിന്നു നേരത്തെ സഞ്ചരിച്ച വഴിയിലൂടെ കുറെ അന്വേഷിച്ചു. ഇതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നത്.

ഒൻപതു വർഷമായി കൊച്ചിയിലുണ്ട് കൻഹു ചരൺ. വീടുകളിൽ ചെടികൾ വെട്ടിയൊരുക്കുക, കാട് വെട്ടിത്തെളിക്കുക തുടങ്ങിയ ജോലികൾ ചെയ്യും. മലയാളം പഠിച്ചെടുത്തു. ‘വൈകിട്ട് വീട്ടിൽ നിന്ന് പണി കഴിഞ്ഞു പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് കൻഹുവിന്റെ വിളി വന്നത്. ഒരു പഴ്സും കുറെ പണവും കളഞ്ഞു കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു. എത്രയുണ്ടെന്നു ചോദിച്ചപ്പോൾ കുറെ ഉണ്ടെന്നായിരുന്നു മറുപടി. എങ്കിൽ അടുത്തുള്ള സ്റ്റേഷനിൽ ഏൽപിക്കാൻ പറഞ്ഞു’– കൻഹു ജോലി ചെയ്തിരുന്ന വീടിന്റെ ഉടമ മേജർ ബേസിൽ പീറ്റർ പറഞ്ഞു.

പഴ്സുമായി കടവന്ത്ര സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ അനീഷ് ജോയിയെ ഏൽപിച്ചു. ഉടമയെ ബന്ധപ്പെടുന്നതിനുള്ള ഫോൺനമ്പരുകൾ ഒന്നും ഉണ്ടായിരുന്നില്ല. പഴ്സിൽനിന്നു കിട്ടിയ ഒരു ആശുപത്രി കാർഡിലെ വിവരങ്ങൾ വച്ച് ബന്ധപ്പെട്ടാണു പൊലീസ് ഫോൺ നമ്പർ സംഘടിപ്പിക്കുന്നതും നയനപ്രകാശിനെ ബന്ധപ്പെടുന്നതും.

ഒരു മാസം ജോലിചെയ്താൽ കൻഹുവിന് ലഭിക്കുന്നത് 10,000 രൂപയാണ്. ഇതിൽ നല്ലൊരു ഭാഗം ചെലവിനു വേണം. ബാക്കിയുള്ള തുക നാട്ടിലേയ്ക്ക് അയച്ചു കൊടുക്കും. മൂന്നു മാസം ജോലി ചെയ്താൽ കിട്ടാത്തത്ര തുക കയ്യിൽ വന്നപ്പോൾ സ്വന്തമാക്കാൻ തോന്നിയില്ലേ എന്നാരോ ചോദിച്ചപ്പോൾ, ‘അത് വേണ്ട സേട്ടാ, എനിക്ക് ജോലി ചെയ്ത പൈസ മതി’ എന്ന് ചെറു ചിരിയോടെ പറഞ്ഞ് കൻഹു മലയാളികളുടെ ഏവരുടെയും കയ്യടി വാങ്ങുകയാണ്.

English Summary: Lost and found, Odisha youth is noted for innocence, and sincerity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com