ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്ന കാലം. എണ്ണയിൽ നിന്നുള്ള വരുമാനവും എണ്ണലഭ്യതയുമെല്ലാം രാജ്യങ്ങളുടെ വളർച്ചയിലെ അളവുകോലായിരുന്ന നാളുകളായിരുന്നു അത്. എണ്ണ കൈമാറ്റം അന്നു പ്രധാനമായും നടന്നു വന്നത് യൂറോപ്പിനെയും ഏഷ്യയെയും കടൽമാർഗം എളുപ്പം ബന്ധിക്കുന്ന സൂയസ് കനാൽ വഴി – ഇന്നും ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽപാത. അതിനാൽത്തന്നെ നയതന്ത്രപരമായി ഏറ്റവും പ്രധാനപ്പെട്ട പ്രദേശവും. ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാൽ തുറന്നിട്ട് 2019 നവംബർ 17ന് 150 വർഷം.

ഈജിപ്തിലെ സൂയസ് ഇസ്ത്‍മസ് കരഭൂമിയുടെ തെക്കുവടക്കായാണ് സൂയസ് കനാലിന്റെ സ്ഥാനം. മെഡിറ്ററേനിയൻ തീരത്തുള്ള സെദ് തുറമുഖം മുതൽ തെക്ക് സൂയസ് പട്ടണത്തോടു ചേർന്നുള്ള തെഫിക് തുറമുഖം വരെ നീളുന്ന ഈ കനാൽ ലോകത്തിന്റെ ചരക്കുകൈമാറ്റ സമയത്തിൽ ഗണ്യമായ കുറവ് വരുത്താൻ സഹായിക്കുന്നു. ആഫ്രിക്കൻ വൻകര ചുറ്റിയുള്ള ദീർഘയാത്ര ഒഴിവാക്കാമെന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 

ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന ഈ കനാലിന്റെ പേരിൽ മൂന്നാം ലോകമഹായുദ്ധ ഭീഷണി പോലും ഉയർന്നിട്ടുണ്ട്. 1956ലായിരുന്നു അത്. ലോകം വീണ്ടും ചേരിതിരിഞ്ഞ് ഏറ്റവുമുട്ടാനൊരുങ്ങുകയാണെന്ന പ്രതീതി ജനിപ്പിച്ച ആ സംഭവത്തെ വിശേഷിപ്പിക്കുന്നതും ‘സൂയസ് പ്രതിസന്ധി (Suez Crisis)’ എന്നാണ്. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ചെങ്കടലിനും മെഡിറ്ററേനിയനും ഇടയിൽ ഗതാഗതം ഉണ്ടായിരുന്നതായാണു ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. ചെങ്കടലും നൈൽ നദിയും ബന്ധിപ്പിച്ച് ബിസി 1850ൽ സെനുസ്രേത് മൂന്നാമൻ ഫറവോ ജലപാതയുണ്ടാക്കിയിരുന്നെന്നാണു ചരിത്രകാരന്മാരുടെ വാദം.

Suez Canal History in Malayalam
സൂയസ് കനാൽ നിർമാണ കാലം (പെയിന്റിങ്)

1800 ബിസിയിൽ ഇതുവഴി ചരക്കുനീക്കമുണ്ടായിരുന്നതായും രേഖകളുണ്ട്. എന്നാല്‍ പിന്നീട് ചെളി അടിഞ്ഞ് ഈ പാത അടയുകയായിരുന്നു. 1798ൽ ഈജിപ്ത് കീഴടക്കിയ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് ഈ വഴിയുള്ള ജലപാത തുറക്കുന്നതിനെപ്പറ്റി വീണ്ടും ആലോചിച്ചു. അതിനായി വിദഗ്ധ സംഘത്തെയും നിയോഗിച്ചു. എന്നാൽ സർവേ സംഘത്തിന്റെ കണക്കുകൂട്ടൽ പലയിടത്തും തെറ്റി. ഒടുവിൽ നൽകിയതാകട്ടെ തെറ്റായ റിപ്പോർട്ടും. മെഡിറ്ററേനിയനേക്കാളും 30 അടി ഉയരത്തിലാണ് ചെങ്കടൽ എന്നായിരുന്നു അതിലൊന്ന്. കനാൽ നിർമിച്ചാൽ നൈൽ ഡെൽറ്റ പ്രദേശത്തെയാകമാനം മുക്കുന്ന വെള്ളപ്പൊക്കമുണ്ടാകുമെന്നും അവർ റിപ്പോർട്ടിൽ പറഞ്ഞു. ഇതോടെ ആ ശ്രമത്തിൽ നിന്ന് നെപ്പോളിയൻ പിന്മാറി.

ബ്രിട്ടൻ ‘ഭയന്ന’ കനാൽ

പിന്നെയും 31 വർഷം കഴിഞ്ഞാണ് സൂയസ് കനാലിനെപ്പറ്റി വീണ്ടും ആലോചനയുണ്ടായത്. അതുപക്ഷേ ബ്രിട്ടന്റെ നേതൃത്വത്തിലായിരുന്നുവെന്നു മാത്രം. 1830ൽ ബ്രിട്ടിഷ് സഞ്ചാരിയും നാവികനുമായ എഫ്. ആർ. ചെസ്നിയുടെ നേതൃത്വത്തിൽ ജലപാത സംബന്ധിച്ച പഠനം ആരംഭിച്ചു. അതിനിടെ ഫ്രഞ്ചുകാരനായ ഫെർഡിനാൻഡ് ഡി ലെസ്സപ്സിൻ ഈജിപ്ഷ്യൻ ഗവർണർ മുഹമ്മദ് സയ്ദ് പാഷയുമായി കൂടിക്കാഴ്ച നടത്തി സൂയസ് കനാൽ കമ്പനി തുടങ്ങാനുള്ള ശ്രമമാരംഭിച്ചു. ഫ്രാൻസിന്റെ നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തി ഇതിനു പിന്തുണ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ ബ്രിട്ടൻ ഭയന്നിരുന്നത്, ആഗോള കപ്പൽ ഗതാഗതത്തിലുള്ള മേധാവിത്തം സൂയസ് കനാലിന്റെ നിർമാണത്തോടെ ഇല്ലാതാകുമെന്നായിരുന്നു. അതിനാൽത്തന്നെ കനാൽ വരാതിരിക്കാൻ രാഷ്ട്രീയപരമായ പല നീക്കങ്ങളും ബ്രിട്ടൻ നടത്തിയതായി ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുണ്ട്.

Suez Canal History in Malayalam
സൂയസ് കനാൽ തുറന്നു കൊടുത്തപ്പോൾ.

1859ഏപ്രിൽ 25നു ഫെർഡിനാൻഡ് ഡി ലെസ്സപ്സിന്റെ നേതൃത്വത്തിലാണു കനാലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒരേ സമയം 30,000 തൊഴിലാളികൾ വരെ ജോലി ചെയ്താണ് അന്നു പണി പൂര്‍ത്തിയാക്കിയത്. ഇടയ്ക്ക് കോളറ പൊട്ടിപ്പുറപ്പെട്ടതോടെ തൊഴിലാളികളുടെ ലഭ്യത പ്രതിസന്ധിയിലായി. തൊഴിലാളികൾക്കു നൽകുന്ന കൂലിയും കുറവായിരുന്നു. അവർക്ക് ഇടപെടേണ്ടിയിരുന്നതാകട്ടെ അപകടം പതിയിരിക്കുന്ന നിർമാണ പ്രവൃത്തികളിലും. മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങളും ജലപാത നിർമാണത്തിനു പലപ്പോഴും വിഘാതം നിന്നു.

ഈ സാഹചര്യങ്ങൾക്കിടയിലും നിർമ്മാണം മുന്നോട്ടു പോയി. 10 വർഷത്തിനൊടുവിൽ 1869 നവംബർ 17ന് കനാൽ കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 10,000 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. എങ്കിലും ലോകകപ്പൽ ഗതാഗതത്തിൽ വൻ മാറ്റങ്ങളാണ് സൂയസ് കനാല്‍ കൊണ്ടുവന്നത്. അവയിൽ പ്രധാനപ്പെട്ടവ:

1) അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും ബന്ധിപ്പിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗം തുറന്നു.
2) ഏഷ്യ– യൂറോപ്പ് വൻകരകൾക്കിടയിൽ ചരക്കുകൾ എത്തിക്കാൻ ഇത് ഏറ്റവും ചെലവുകുറഞ്ഞ മാർഗമായി.
3) അറബ് രാജ്യങ്ങളിൽനിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതിക്ക് പുതിയ പാതയായി.
4) യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നും ഏഷ്യയിലേക്കുള്ള ധാന്യങ്ങളും മറ്റ് ഉൽപന്നങ്ങളും കയറ്റിയുള്ള പ്രധാന ഗതാഗതവും സൂയസ് കനാൽ വഴിയായി.

Suez Canal History in Malayalam
സൂയസ് കനാലിന്റെ ആദ്യകാല ദൃശ്യം.

ജലപാതയുടെ പ്രാധാന്യം മനസ്സിലാക്കിയ ബ്രിട്ടനാകട്ടെ 1875ൽ ഈജിപ്ഷ്യൻ സർക്കാർ കനാൽ കമ്പനിയുടെ ഓഹരികൾ വിൽപനയ്ക്കു വച്ചപ്പോൾ 44 ശതമാനവും വാങ്ങി.. നേരിട്ടല്ലെങ്കിലും 1956വരെ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധീനതയിലായിരുന്ന കനാൽ. എന്നാൽ അക്കൊല്ലമാണ് പ്രതിസന്ധി രൂപപ്പെട്ടത്.

കനാൽ ‘പിടിച്ചെടുത്ത്’ ഈജിപ്ത്

ജൂലൈയിൽ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദൽ നാസര്‍ സൂയസ് കനാൽ ദേശസാൽക്കരിക്കാൻ തീരുമാനിച്ചു. മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ നീങ്ങുന്നതെന്നു സംശയം ജനിപ്പിക്കുന്ന നീക്കങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഈജിപ്തിലെ അസ്വാൻ അണക്കെട്ടിന്റെ നിർമാണത്തിനു ധനസഹായം നൽകാമെന്ന് യുഎസും യുകെയും വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവിഭാഗവും പിന്മാറിയതോടെയാണ് സൂയസ് കനാൽ ദേശസാൽക്കരിക്കാൻ ഈജിപ്ത് തീരുമാനിച്ചത്.

150 Years of Suez Canal
സൂയസ് പ്രതിസന്ധി കാലത്ത് ഈജിപ്ത് മുക്കിയ കപ്പലുകൾ.

കനാൽ പിടിച്ചെടുത്ത് ദേശസാൽക്കരിക്കാൻ അബ്ദൽ നാസർ സൈനികർക്കു രഹസ്യമായി നിർദേശം നൽകിയതിനെപ്പറ്റി ഒരു കഥയുമുണ്ട്. 1956 ജൂലൈ 26ന് രാജ്യത്തെ ജനത്തെ അഭിസംബോധന ചെയ്ത് അലക്സാണ്ട്രിയയിൽ അബ്ദൽ നാസർ ഒരു പ്രസംഗം നടത്തി. അതിലുടനീളം പറഞ്ഞിരുന്നത് സൂയസ് കനാലിനെപ്പറ്റിയായിരുന്നു. അതിൽത്തന്നെ കുറഞ്ഞത് 13 തവണയെങ്കിലും കനാൽ നിർമാതാവ് ഫെർഡിനാൻഡ് ഡി ലെസ്സപ്സിന്റെ പേരും നാസർ പറഞ്ഞു. എന്നാൽ ‘ദി എക്കണോമിസ്റ്റ്’ മാഗസിന്റെ കണ്ടെത്തൽ പ്രകാരം സൂയസ് പിടിച്ചെടുക്കാൻ തന്റെ സൈനികർക്ക് അബ്ദൽ നാസർ നൽകിയ ‘കോഡ് ഭാഷ’യിലുള്ള നിർദേശമായിരുന്നു ഡി ലെസ്സപ്സ് എന്നാണ്.

എന്തുതന്നെയാണെങ്കിലും സൂയസ് കനാൽ ഈജിപ്തിന്റെ അധീനതയിലായതോടെ ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും പ്രകോപിതരായി. കനാൽ നിർമാണ കമ്പനിയിലെ പ്രധാന ഓഹരികളെല്ലാം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും പേരിലായിരുന്നു. മാത്രവുമല്ല, ഫ്രാൻസിൽ നിന്നു മോചനം തേടി അൾജീരിയൻ നാഷനൽ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പോരാട്ടം നടക്കുന്ന സമയം കൂടിയായിരുന്നു അത്. അൾജീരിയയിലെ ഈ വിമതസംഘത്തിന് അബ്ദൽ നാസർ സഹായം നല്‍കുന്നുണ്ടെന്ന സംശയം നേരത്തേത്തന്നെ ഫ്രാൻസിനുണ്ടായിരുന്നു. ഇസ്രയേലിനാകട്ടെ കനാൽ വഴി സ്വന്തം കപ്പലുകൾ ഇനി കടത്തിവിടില്ലെന്ന ആശങ്കയും. ഇസ്രയേലിനെതിരെ പോരാടുന്ന ഫെദയീൻ കൂട്ടായ്മയെ സ്പോൺസർ ചെയ്യുന്നത് ഈജിപ്താണെന്ന സംശയവും ഇസ്രയേലിന്റെ മനസ്സിലുണ്ടായിരുന്നു.

Suez Canal Crisis 150 Years
സിനായ് യുദ്ധകാലത്തെ ദൃശ്യങ്ങൾ.

യുദ്ധത്തിന്റെ തുടക്കം

1956 ഒക്ടോബർ 29ന് ഈജിപ്തിനു കീഴിലുള്ള സിനായ് പെനിൻസുല ഇസ്രയേൽ സേന പിടിച്ചെടുത്തു. വെടിനിർത്തലിനുള്ള അന്ത്യശാസനം ബ്രിട്ടനും ഫ്രാൻസും സംയുക്തമായി നൽകിയെങ്കിലും ഇസ്രയേലും ഈജിപ്തും പിന്മാറിയില്ല. അതോടെ നവംബര്‍ അഞ്ചിന് സൂയസ് കനാലിലേക്കു ബ്രിട്ടന്റെയും ഫ്രാൻസിന്റെയും പാരാട്രൂപ്പർ സൈനികസംഘം പറന്നിറങ്ങി. ഈജിപ്തിന്റെ മൂന്നു ലക്ഷം വരുന്ന സൈനിക ശക്തിയെ ഇല്ലാതാക്കാൻ ബ്രിട്ടിഷ് പദ്ധതി പ്രകാരം 80,000 ട്രൂപ്പ് സൈന്യം ആവശ്യമായിരുന്നു. 50,000 ട്രൂപ്പിനെ സംഘടിപ്പിക്കാമെന്ന് ബ്രിട്ടിഷ് സൈന്യം ഉറപ്പു നൽകി. ശേഷിക്കുന്ന 30,000 ട്രൂപ്പ് ഫ്രാൻസിൽ നിന്നായിരുന്നു.

gamal-abdel-nasser-anthony-eden
ആന്തണി ഈഡൻ, ഗമാൽ അബ്ദൽ നാസർ

അതേസമയം, ഈജിപ്ത് സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം സമ്പൂർണമായി നിരോധിച്ചു. ആ സമയം കനാലിലുണ്ടായിരുന്ന 40 കപ്പലുകളും ആക്രമിച്ചു കടലിൽ താഴ്ത്തി. യുദ്ധത്തിനുള്ള പടനിലമാവുകയായിരുന്നു സൂയസ് കനാൽ. എന്നാൽ വളരെ പെട്ടെന്നായിരുന്നു കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ നാസറിനെ അട്ടിമറിക്കാൻ ബ്രിട്ടനും ഫ്രാൻസും ഇസ്രയേലും തമ്മിൽ നടത്തിയ രഹസ്യനീക്കമായിരുന്നു ഇതെല്ലാമെന്നുള്ള രേഖകൾ പുറത്തുവന്നു. ഇസ്രയേൽ അധിനിവേശത്തിനു മുൻപേ മൂന്നു രാജ്യങ്ങളും ഇതു സംബന്ധിച്ച കരാറിലെത്തിയിരുന്നെന്നായിരുന്നു രേഖകൾ.

ഈജിപ്തിനെ കീഴടക്കാനുള്ള അധിനിവേശത്തിന് ഇസ്രയേൽ തുടക്കമിടുന്നതായിരുന്നു പദ്ധതി. പിന്നാലെ സമാധന സംരക്ഷകരെന്ന വ്യാജേന ബ്രിട്ടനും ഫ്രാൻസും സൈനിക പിന്തുണയുമായെത്തും. മൂവരും ചേർന്ന് ഈജിപ്ത് പിടിച്ചെടുത്ത് കനാൽ നിയന്ത്രണവും പിടിച്ചെടുക്കാനായിരുന്നു നീക്കം. കരാറുമായി ബന്ധപ്പെട്ട് ‘എഴുതിയ’ തെളിവുകളെല്ലാം നശിപ്പിക്കാൻ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്തണി ഈഡൻ നിർദേശിച്ചിരുന്നെങ്കിലും പല ഘട്ടങ്ങളിലായി വിവരങ്ങളെല്ലാം ചോർന്നു. എഴുതപ്പെട്ട തെളിവുകള്‍ത്തന്നെ പുറത്തുവരികയും ചെയ്തു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സിഐഎയ്ക്കും കരാർ സംബന്ധിച്ച വിവരം ചോർന്നുകിട്ടി. ഇതെല്ലാമാകട്ടെ ബ്രിട്ടനെയും ഫ്രാൻസിനെയും മറുപടി പോലും നൽകാനാകാത്ത വിധം അശക്തരാക്കുകയും ചെയ്തു.

തകർന്നടിഞ്ഞ ബ്രിട്ടൻ, ഉയർന്നുവന്ന യുഎസ്

യുഎസിനെ മറികടന്നുളള ബ്രിട്ടന്റെ ‘ശാക്തിക പ്രകടനം’ യുഎസിനും ദഹിച്ചില്ല. ഇക്കാര്യത്തിൽ ബ്രിട്ടനും ഫ്രാന്‍സും വരുത്തിയത് വമ്പൻ പിഴവാണെന്നായിരുന്നു യുഎസിന്റെ പ്രതികരണം. ഏതുവിധേയനയും സംഘർഷം ഒഴിവാക്കാനും യുഎസ് ശ്രമിച്ചു. സമാധാനത്തിന്റെ വക്താവായി അറിയപ്പെടാൻ ആഗ്രഹിച്ചിരുന്ന ഡ്വൈറ്റ് ഡി.ഐസനോവറായിരുന്നു അന്ന് യുഎസ് പ്രസിഡന്റ്. യുഎസുമായി ബന്ധമില്ലാത്ത രാജ്യങ്ങളുടെ കാര്യത്തിൽ തലയിടാൻ പോയാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ബോധ്യവും ഐസനോവറിനുണ്ടായിരുന്നു. ഈജിപ്തിലെ ഫ്രഞ്ച്, ബ്രിട്ടിഷ് അധിനിവേശം അറബ്, ഏഷ്യൻ, ആഫ്രിക്കൻ ജനതയെ കമ്യൂണിസ്റ്റ് കൂടാരത്തിലേക്കെത്തിക്കുമെന്ന ഭയവും ഐസനോവറിനുണ്ടായിരുന്നു.

Suez Canal Crisis War
സിനായ് യുദ്ധകാലത്ത് ഈജിപ്തിലെത്തിയ ഇസ്രയേലി സൈന്യം.

അതിനാൽത്തന്നെ യുകെയ്ക്ക് അടിയന്തരസഹായമായി നൽകാൻ പദ്ധതിയിട്ട വായ്പകളെല്ലാം മരവിപ്പിക്കാൻ രാജ്യാന്തര നാണ്യനിധിയോട് അദ്ദേഹം ആവശ്യപ്പെട്ടു. അധിനിവേശത്തിൽ നിന്നു പിന്മാറും വരെയായിരുന്നു അത്. സാമ്പത്തികമായി തകരുമെന്നുറപ്പായതോടെ ഈജിപ്ത് ആക്രമണത്തിനായുള്ള ബ്രിട്ടിഷ് സൈന്യത്തിന്റെ യാത്ര പാതിവഴിയിൽ നിന്നു. ഈ നീക്കം ഫ്രാന്‍സിനെ പ്രകോപിതരാക്കിയെങ്കിലും വേറെ വഴിയില്ലായിരുന്നു. ബ്രിട്ടിഷ് കമാൻഡിനു കീഴിലായിരുന്നു ഫ്രഞ്ച് സൈന്യവും. സോവിയറ്റ് യൂണിയനും യുഎസിനൊപ്പം നിന്നതോടെ 1956 നവംബർ രണ്ടിന് യുഎന്നിൽ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയം വൻ ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടു.

പ്രമേയം നവംബർ 7ന് ഫ്രാൻസും ബ്രിട്ടനും അംഗീകരിച്ചു. സൂയസ് കനാലിന്റെ പേരിലുള്ള സംഘർഷം ഒഴിവാക്കാനും ഇസ്രയേൽ–ഈജിപ്ത് അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും യുഎൻ ഒരു സംഘത്തെയും അയച്ചു. യുഎന്നിനു കീഴിൽ സമാധാന സംരക്ഷണ സേന രൂപപ്പെടുന്നതും സൂയസ് പ്രതിസന്ധിയോടെയായിരുന്നു. അമേരിക്കൻ മേധാവിത്തം രാജ്യാന്തര തലത്തിൽ ശക്തമാകുന്നതിനുള്ള അവസരം കൂടിയായിരുന്നു രണ്ടാം അറബ്–ഇസ്രയേൽ യുദ്ധമെന്നും സിനായ് യുദ്ധമെന്നും പേരെടുത്ത സൂയസ് പ്രതിസന്ധിയിലൂടെ ഒരുങ്ങിയത്. ലോകശക്തിയാകാൻ മുന്നൊരുക്കം നടത്തിയ ബ്രിട്ടൻ ദയനീയമായ പരാജയപ്പെടുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്തണി ഈഡൻ രാജിവച്ചു.

Suez Canal History
സൂയസ് കനാൽ വഴിയുള്ള ചരക്കു കപ്പൽ ഗതാഗതം(ഫയല്‍ ചിത്രം)

ബ്രിട്ടനും ഫ്രാന്‍സും സ്ഥാനഭ്രഷ്ടനാക്കാൻ ആഗ്രഹിച്ച അബ്ദൽ നാസറാകട്ടെ മേഖലയിലെ നിർണായക ശക്തിയായി വളർന്നു. സൂയസ് കനാലും ഈജിപ്തിന്റെ അധീനതയിലായി. യുദ്ധത്തെത്തുടർന്ന് അടച്ചിട്ട കനാൽ 1957 മാർച്ചിൽ തുറന്നപ്പോൾ ഈജിപ്ത് സർക്കാരിന്റെ അധീനതയിലുള്ള സൂയസ് കനാൽ അതോറിറ്റിക്കായിരുന്നു പൂർണ അധികാരം. കപ്പലുകൾ ഈ പാത ഉപയോഗിക്കുമ്പോൾ നൽകുന്ന ടോൾ ഇന്ന് ഈജിപ്തിന്റെ പ്രധാന വരുമാനമാർഗവുമാണ്. 2018-19 സാമ്പത്തിക വർഷം മാത്രം ഈജിപ്തിന് സൂയസ് കനാൽ വഴി ലഭിച്ചത് 42,000 കോടി രൂപയായിരുന്നു.

അറബ്– ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് 1967ൽ വീണ്ടും കനാൽ അടച്ചിരുന്നു. പിന്നീട് 1975ലാണ് ഇത് തുറന്നുകൊടുത്തത്. അതിനു ശേഷം കൂടുതൽ നവീകരണം നടത്തിയ കനാൽ 2015 ഓഗസ്റ്റ് ആറിന് തുറന്നു. കനാലിന്റെ തിരക്കേറിയ ബെലാ ബൈപാസ് ഭാഗത്ത് 35 കിലോമീറ്റർ സമാന്തര പാത ഒരുക്കുകയാണ് അന്നു ചെയ്തത്. ഒപ്പം നിലവിലുള്ള കനാലിന്റെ 37 കിലോ മീറ്റർ ഭാഗം ആഴം കൂട്ടുകയും ചെയ്തു. ഏകദേശം 50,400 കോടി രൂപയായിരുന്നു പുതുക്കിയ കനാലിന്റെ നിർമാണച്ചെലവ്.

Suez Canal History
സൂയസ് കനാൽ (ഫയൽ ചിത്രം)

ലോക ജലഗതാഗതത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയെങ്കിലും പാരിസ്ഥിതികമായ പല പ്രശ്നങ്ങളും സൂയസ് കനാലിനു നേരെ ഉയർന്നിട്ടുണ്ട്. ചെങ്കടലിലെ ഉപ്പു കൂടിയ ജലം എതിർഭാഗത്തേക്ക് ഒഴുകുന്നതിനാൽ അവിടത്തെ ആവാസവ്യവസ്‌ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നതാണ് അതിലൊന്ന്. എണ്ണ കയറ്റിയുള്ള കപ്പലുകൾ അപകടത്തിൽപ്പെടുമ്പോഴുണ്ടാകുന്ന ജലമലിനീകരണമാണ് മറ്റൊരു ഭീഷണി. 2006 സെപ്റ്റംബറിൽ സൂയസ് കനാലിലുണ്ടായ എണ്ണക്കപ്പൽ ചോർച്ചയിൽ 1100 ടൺ ക്രൂഡ് ഓയിലാണ് കടലിലേക്കൊഴുകിയത്.

With Inputs from Anil Philip (Malayala Manorama Editorial Research)

English Summary: Egypt's Water based superhighway Suez Canal marks 150 years of history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com