ADVERTISEMENT

ന്യൂയോർക്ക് ∙ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുകയായിരുന്ന യുഎസ് കോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ മരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാരെ കുറ്റപ്പെടുത്തി അധികൃതർ. ഓരോ 30 മിനിറ്റ് കൂടുമ്പോഴും എപ്സ്റ്റീനെ നോക്കേണ്ട സുരക്ഷാജീവനക്കാർ അതു ചെയ്തില്ലെന്നു റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അതീവ സുരക്ഷയുള്ള ന്യൂയോർക്കിലെ മെട്രൊപ്പൊലിറ്റൻ ജയിലിൽ ഇക്കഴിഞ്ഞ ഒാഗസ്റ്റ് പത്തിന് ആണ് എപ്സ്റ്റീനെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുഎസ് ജയിലുകളിലെ സുരക്ഷാവീഴ്ചയുടെ ഉദാഹരണമായി സംഭവം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, യുകെയിലെ ആൻഡ്രൂ രാജകുമാരൻ ഉൾപ്പെടെ നിരവധി ലോകനേതാക്കളുടെ സുഹൃത്തായിരുന്നു എപ്സ്റ്റീൻ.

മൈക്കിൾ തോമസ്, ടോവ നോയൽ എന്നിവരെയാണ് അന്വേഷണ സംഘം കുറ്റക്കാരായി കണ്ടത്. ജയിൽ രേഖകളിൽ ഇവർ കൃത്രിമം നടത്തിയതായും ആരോപണമുണ്ട്. ജോലി സമയത്ത് ജയിലിലെ പൊതുസ്ഥലത്തേക്കു മാറിയിരുന്ന് ഇന്റർനെറ്റിൽ സമയം ചെലവഴിക്കുകയായിരുന്നു രണ്ടു പേരും. എപ്സ്റ്റീൻ മരിച്ച രാത്രിയിൽ ഒരു റൗണ്ട് പോലും പരിശോധന നടത്തിയില്ല. ഒാഗസ്റ്റ് ഒൻപതിനു രാത്രി 10.30നും പിറ്റേന്നു കാലത്ത് 6.30നും ഇടയിലാണ് എപ്സ്റ്റീൻ മരിച്ചത്. മൈക്കിളും ടോവയും ഇരുന്നിടത്തുനിന്ന് 15 അടി അകലമേ എപ്സ്റ്റീന്റെ മുറിയിലേക്ക് ഉണ്ടായിരുന്നുള്ളൂ.

ഇത്രയും അടുത്തായിട്ടും രണ്ടു പേരും അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഫർണിച്ചർ വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ തിരഞ്ഞ നോയൽ ഏകദേശം രാത്രി മുഴുവനും കംപ്യൂട്ടർ ഉപയോഗിച്ചു. മൂന്നു സ്ഥലങ്ങളിലായി കംപ്യൂട്ടർ ഉപയോഗിച്ച മൈക്കിൾ മോട്ടോർ സൈക്കിൾ വിൽപനയും സ്പോർട്സ് വാർത്തകളുമാണു നോക്കിയത്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ കറങ്ങിയ ഇരുവരും എപ്സ്റ്റീൻ പ്രതികരണമില്ലാതെ കിടന്നത് 10ന് രാവിലെ ആറര വരെ അറിഞ്ഞിരുന്നില്ല.

പ്രാതൽ കഴിക്കാനായി പോകുമ്പോൾ 6.33ഓടെയാണ് ഇവർ അടിയന്തര അലാറം അടിച്ചു സൂപ്പർവൈസറെ വരുത്തിയത്. എപ്സ്റ്റീൻ തൂങ്ങിമരിച്ചു എന്നാണു പറഞ്ഞത്. ക്ഷീണിതരായിരുന്നു എന്നും റൗണ്ട്സുകൾ പൂർത്തിയാക്കിയില്ലെന്നും വെളിപ്പെടുത്തി. ജയിൽ പുസ്തകത്തിൽ പക്ഷേ റൗണ്ട്സ് നടത്തിയെന്ന് രേഖപ്പെടുത്തി ഇരുവരും ഒപ്പിട്ടിരുന്നു. രണ്ടു മണിക്കൂറോളം ഇവർ ഉറങ്ങിയിരുന്നതായി പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി. സിസിടിവി തെളിവുകളും മറ്റും പരിശോധിച്ചതിൽ എപ്സ്റ്റീന്റെ സെല്ലിന് അടുത്തേക്കു പുറമെ നിന്ന് ആരും വന്നതിനു തെളിവില്ല.

Jeffrey-epstein14
ജെഫ്രി എപ്സ്റ്റീൻ

കൊല്ലപ്പെട്ടതല്ല, എപ്സ്റ്റീൻ ജീവനൊടുക്കിയതാണെന്നും പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു. കാവൽക്കാരെ ബലിയാടുകളാക്കുകയാണ് എന്ന് മൈക്കിളിന്റെ അഭിഭാഷകൻ ആരോപിച്ചു. വിചാരണ ഒഴിവാക്കാൻ സർക്കാരുമായി ധാരണ ഉണ്ടാക്കണം എന്നായിരുന്നു നോയലിന്റെ നിലപാട്. ഓവർടൈം ഷിഫ്റ്റിലാണു രണ്ടുപേരും ജോലി ചെയ്തിരുന്നതെന്നും സഹതടവുകാരനുമായുള്ള ഏറ്റുമുട്ടലിലാണ് എപ്സ്റ്റീൻ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കുറ്റക്കാരല്ലെന്നു വാദിച്ച ഇരുവരെയും ഒരു ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ കോടതി വിട്ടയച്ചു. 

ട്രംപിന്റെ ഉറ്റ സുഹൃത്ത്, ക്ലിന്റന്റെയും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, യുകെയിലെ ആൻഡ്രൂ രാജകുമാരൻ ഉൾപ്പെടെ നിരവധി ലോകനേതാക്കളുടെ സുഹൃത്തായിരുന്നു എപ്സ്റ്റീൻ. പല രാഷ്ട്രീയക്കാർക്കും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്. 

Jeffrey-Epstein-Donald-Trump
ജെഫ്രി എപ്സ്റ്റീനും ഡോണൾഡ് ട്രംപും

എപ്സ്റ്റീൻ ഇല്ലാതായി കാണാൻ ചിലർ ആഗ്രഹിച്ചിരുന്നു. അത്യാധുനിക സുരക്ഷാ, നിരീക്ഷണ സൗകര്യങ്ങളുള്ള ജയിലിലാണു ശതകോടീശ്വരൻ മരിച്ചത്. ഇതു കൊലപാതകം തന്നെയാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളുടെ നിഗമനം. മരിക്കുന്നതിന് ആഴ്ചകൾക്കു മുൻപ് അർധബോധാവസ്ഥയിൽ, കഴുത്തിൽ മുറിവുകളുമായി ക്ഷീണിതനായിരുന്നു എപ്‌സ്റ്റീൻ. കനത്ത കാവലിലുമായിരുന്നു. ഇങ്ങനെ കഴിയുന്നൊരാൾക്കു സ്വയം ജീവനൊടുക്കാനുള്ള സാഹചര്യമുണ്ടാകുമോ എന്നായിരുന്നു ഉയർന്നുകേട്ട ചോദ്യം.

ജയിൽ അധികൃതരുടെ വിശദീകരണത്തിലും വ്യക്തതക്കുറവുണ്ടായി. ഇതിനോടു ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലാനിയുടെ വാക്കുകൾ ശ്രദ്ധേയം. ‘സൂയിസെഡ് വാച്ച് എന്ന പ്രയോഗത്തിന്റെ അർഥമെന്താണ്? ആരാണു നിരീക്ഷിച്ചിരുന്നത്? എപ്സ്റ്റീൻ ആത്മഹത്യ ചെയ്തെന്നു പറയുന്നതു വിശ്വസിക്കാനാകുന്നില്ല. അതിനുള്ള സാഹചര്യമില്ലായിരുന്നു’– റൂഡി പറഞ്ഞു. എപ്സ്റ്റീന്റെ മരണം യുഎസിൽ രാഷ്ട്രീയപ്പോരിനും കളമൊരുക്കി. മുൻ പ്രസിഡന്റ് ക്ലിന്റനും ഭാര്യ ഹിലരിക്കും പങ്കുണ്ടെന്നായി ആദ്യ ആരോപണം. ട്രംപിനു പങ്കുണ്ടെന്ന തരത്തിൽ എതിർപക്ഷവും തിരിച്ചടിച്ചു.

jeffrey-epstein-press
ജെഫ്രി എപ്സ്റ്റീൻ

തന്നെ പിന്തുണയ്ക്കുന്ന ഹാസ്യതാരം ടെറൻസ് വില്യംസിന്റെ ട്വീറ്റ് പങ്കുവച്ചാണ് ട്രംപ് എരിതീയിൽ എണ്ണയൊഴിച്ചത്. ‘എപ്സ്റ്റീനു ക്ലിന്റനെക്കുറിച്ച് ചില വിവരങ്ങൾ അറിയാമായിരുന്നു. ഇപ്പോൾ അദ്ദേഹം മരിച്ചു’ എന്നായിരുന്നു ട്വീറ്റ്. അളവറ്റ സമ്പത്തും സ്വകാര്യ വിമാനങ്ങളും രാജ്യാന്തര ബന്ധങ്ങളുമുള്ള എപ്സ്റ്റീൻ വർഷങ്ങൾക്കു മുൻപ് ഏതെല്ലാം വിധത്തിലാണ് ഉപദ്രവിച്ചതെന്ന് ഇയാൾക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ച കോർട്ട്നി വൈൽഡും ആനി ഫാർമറും കോടതിയിൽ വിശദീകരിച്ചത് ഞെട്ടലോടെയാണു ലോകം കേട്ടത്.

ഭയാനക മനുഷ്യനും ബ്ലാക് ബുക്കും

കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ‌ യുവതികൾ സംസാരിക്കുമ്പോൾ എതിർത്തൊന്നും പറയാതിരുന്ന എപ്സ്റ്റീൻ പക്ഷേ, മുഴുവൻ സമയവും ഇരുവരെയും ഭീഷണിപ്പെടുത്തുന്ന തരത്തിൽ രൂക്ഷമായാണു നോക്കിയത്. 14–ാം വയസ്സിൽ എപ്സ്റ്റീൻ പീഡിപ്പിച്ചതായി മൊഴി നൽകിയ കോർട്ട്നി വൈൽഡ്, തെരുവിലൂടെ നടക്കുന്നതു കണ്ടാൽ ഭയാനക മനുഷ്യനായാണു തോന്നുകയെന്നും പറഞ്ഞു. 16–ാം വയസ്സിൽ ന്യൂയോർക്കിലാണ് എപ്സ്റ്റീനുമായി നിർഭാഗ്യകരമായ കൂടിക്കാഴ്ചയുണ്ടായതെന്ന് ആനി മൊഴി നൽകി. പിന്നീട് ന്യൂ മെക്സിക്കോയിലേക്കു വിമാനത്തിൽ കൊണ്ടുപോയി.

വിർജിനീയ റോബർട്സ് എന്ന യുവതിയാണ് 1999–2002 കാലയളവിൽ എപ്സ്റ്റീനെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. തന്നെ ‘ലൈംഗിക അടിമ’യാക്കി ഉപയോഗിച്ച എപ്സ്റ്റീൻ, ഉന്നത സുഹൃത്തുക്കൾക്കായി കാഴ്ചവച്ചു എന്നായിരുന്നു വിർജീനിയയുടെ ആരോപണം. ഫ്ലോറിഡ പൊലീസിലേക്ക് ഒരമ്മ ഫോൺ വിളിക്കുകയും തന്റെ പ്രായപൂർത്തിയാകാത്ത മകളെ പാം ബീച്ച് എസ്റ്റേറ്റിൽ എപ്സ്റ്റീൻ പീഡിപ്പിച്ചതായി പരാതിപ്പെടുകയും ചെയ്തത് 2005 മാർച്ചിൽ. ഈ പരാതികളിലാണ് ആദ്യം അന്വേഷണം തുടങ്ങിയത്.

2006 മേയിൽ പാം ബീച്ച് പൊലീസ് സത്യവാങ്മൂലം ഫയൽ ചെയ്തു. എപ്സ്റ്റീനെ കൂടാതെ സാറാ കെല്ലൻ, ഹാലി റോബ്സൺ സോൺ എന്നിവരുടെ പേരുകളും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. അഞ്ച് ഇരകളെയും 17 ദൃക്സാക്ഷികളെയും ചോദ്യം ചെയ്താണു സത്യവാങ്മൂലം തയാറാക്കിയത്. പ്രാപൂർത്തിയാകാത്ത പെൺകുട്ടികളുമായും നിയമവിരുദ്ധമായുമുള്ള സെക്സിൽ എപ്സ്റ്റീൻ ഏർപ്പെട്ടു എന്നായിരുന്നു ആരോപണം. എപ്സ്റ്റീന് ആവശ്യാനുസരണം പെൺകുട്ടികളെ എത്തിച്ചു പണമുണ്ടാക്കി എന്ന കുറ്റമാണു സോണിനെതിരെ ചുമത്തിയത്.

പെൺകുട്ടികളുടെ പേരും വിലാസവും ഉൾപ്പെടുന്ന വിവരങ്ങളടങ്ങിയ ‘ബ്ലാക് ബുക്’ സൂക്ഷിച്ചെന്നതാണു സാറയ്ക്കെതിരായ കുറ്റം. പാം ബീച്ചിലെ സ്റ്റേറ്റ് അറ്റോർണി ഈ കേസ് 2006 മേയിൽ മേൽക്കോടതിയിലേക്കു റഫർ ചെയ്തു. എപ്സ്റ്റീനു സ്വത്തുക്കളുള്ള ഫ്ലോറിഡ, ന്യൂയോർക്ക്, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ ഇരകളെയും സാക്ഷികളെയും കണ്ട് എഫ്ബിഐ മൊഴിയെടുത്തു. നിയമ നടപടികൾ മുന്നോട്ടുപോയപ്പോൾ, ലൈംഗിക കുറ്റവാളിയാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകാര്യമല്ലെന്ന് എപ്സ്റ്റീനും അഭിഭാഷകനും 2008 ജനുവരിയിൽ നിലപാടെടുത്തു.

ജെഫ്രി എപ്സ്റ്റീൻ. ചിത്രം: ട്വിറ്റർ
ജെഫ്രി എപ്സ്റ്റീൻ

ഫെബ്രുവരിയിൽ ഒരു സ്ത്രീ എപ്സ്റ്റീനെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. 16–ാം വയസ്സിൽ മസാജിങ്ങിനായി നിയമിച്ചുവെന്നും സെക്സ് ചെയ്യാൻ നിർ‌ബന്ധിക്കപ്പെട്ടു എന്നുമായിരുന്നു ആരോപണം. എഫ്ബിഎയുടെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി മാർച്ചിൽ കേസ് വിചാരണയ്ക്കെടുക്കാൻ ഗ്രാൻഡ് ജൂറി തീരുമാനിച്ചു. ഇരകളെ ഫോണിലും നേരിട്ടും എപ്സ്റ്റീന്റെ ആളുകൾ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതേ മാസം മറ്റൊരു സ്ത്രീ കൂടി ഹർജി നൽകി. ജൂണിൽ എപ്സ്റ്റീൻ കുറ്റക്കാനാരാണെന്നു കോടതി വിധിച്ചു.

ലൈംഗിക കുറ്റവാളിയായി മുദ്രകുത്തപ്പെട്ട എപ്സ്റ്റീന് 18 മാസത്തെ ജയിൽവാസമായിരുന്നു ശിക്ഷ. 2009 ജൂലൈയിൽ ജയിൽ മോചിതനായി. എപ്സ്റ്റീൻ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകൾ യുഎസ് ലേബർ സെക്രട്ടറിയുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്ന് ഇതിനിടെ വെളിപ്പെടുത്തലുണ്ടായി. ഫെഡറൽ പ്രോസിക്യൂട്ടറും എപ്സ്‌റ്റീനിന്റെ സുഹൃത്തുമായ അലക്സാണ്ടർ അകോസ്റ്റ കേസുകൾ ഇല്ലാതാക്കിയെന്നായിരുന്നു റിപ്പോർട്ട്. ട്രംപ് സർക്കാരിൽ ലേബർ സെക്രട്ടറിയായിരുന്ന അലക്സാണ്ടർ അകോസ്റ്റ, ഈ വെളിപ്പെടുത്തലിനെ തുടർന്നു രാജിവച്ചു.

പരാതികളും ആരോപണങ്ങളും അന്വേഷിച്ച സംഘം, എപ്സ്റ്റീനെതിരെ ശക്തമായ തെളിവുകളും മൊഴികളുമാണു ശേഖരിച്ചത്. പെണ്‍കുട്ടികളെ നഗ്നരായി മസ്സാജ് ചെയ്യിപ്പിച്ചു, ലൈംഗിക പ്രവൃത്തികള്‍ക്കു നിര്‍ബന്ധിച്ചു, കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാന്‍ പെൺകുട്ടികൾക്കു പണം നല്‍കി തുടങ്ങിയ കാര്യങ്ങളാണു കണ്ടെത്തിയത്. ലൈംഗിക കടത്ത്, ലൈംഗിക കടത്ത് ഗൂഢാലോചന എന്നീ കുറ്റങ്ങളും ചുമത്തി. എപ്സ്റ്റീന്റെ മരണത്തോടെ ക്രിമിനൽ കേസ് അവസാനിച്ചെങ്കിലും നഷ്ടപരിഹാരം തേടി കൂടുതൽപ്പേർ രംഗത്തുവരാൻ സാധ്യതയുള്ളതിനാൽ സിവിൽ കേസുകൾ തുടരും. 

എണ്ണപ്പനകൾ നിറഞ്ഞ സ്വർഗഭൂമി

കോടതിയിൽ ഹാജരാക്കിയ രേഖകളിൽ എപ്സ്റ്റീന്റെ സമ്പാദ്യത്തെപ്പറ്റിയും മാൻഹാട്ടനിലെ ബംഗ്ലാവിൽ ഒളിപ്പിച്ച അമൂല്യ വസ്തുക്കളെപ്പറ്റിയും വെളിപ്പെടുത്തലുണ്ട്. സൗദി അറേബ്യ അനുവദിച്ച പാസ്പോർട്ടും കണ്ടെടുത്തു. പാസ്പോർട്ടിലെ ഫോട്ടോ എപ്സ്റ്റീന്റെയാണെങ്കിലും പേര് വേറെയായിരുന്നു. 1980ൽ അനുവദിച്ചതാണു പാസ്പോർട്ട്. 77 ദശലക്ഷം ഡോളർ മൂല്യമുള്ള അപ്പർ ഈസ്റ്റ് സൈഡ് മാൻഷനിൽ പണവും രത്നങ്ങളും വിലപിടിച്ച കലാസൃഷ്ടികളും ഒളിപ്പിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ഫ്ലോറിഡയിലെ കോടതി 2008ൽ ഇയാളെ ശിക്ഷിച്ചതാണ്. കർശനമായ ഏത് ഉപാധിയും സ്വീകരിക്കാമെന്നും 100 മില്യൻ ഡോളർ വരെയുള്ള ജാമ്യത്തുക കെട്ടിവയ്ക്കാമെന്നുമാണ് എപ്സ്റ്റീന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. രേഖകൾ പ്രകാരം 55.91 കോടി ഡോളറാണ് എപ്സ്റ്റീന്റെ സമ്പാദ്യം. ഹെഡ്ജ് ഫണ്ട്, പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ് എന്നിവയിലാണു പണം നിക്ഷേപിച്ചിരിക്കുന്നത്. മാൻഹട്ടൻ, പാം ബീച്ച്, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ രാജകീയ ബംഗ്ലാവുകളുണ്ട്.

ഈ ബംഗ്ലാവുകളിലാണു പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിച്ചിരുന്നത്. 2002 മുതൽ 2005 വരെയുള്ള കാലയളവിൽ ഡസൻ കണക്കിനു പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. ഹെഡ്ജ് ഫണ്ടിലും പ്രൈവറ്റ് ഇക്വിറ്റിയിലുമായി ഏകദേശം 195 ദശലക്ഷം ഡോളറാണു നിക്ഷേപം. ഇക്വിറ്റികളിലായി 112.7 മില്യൻ ഡോളറുണ്ട്. ഫിക്സഡ് ഇൻകം സെക്യൂരിറ്റീസിൽനിന്ന് 14.3 മില്യൻ ഡോളറാണു വരുമാനം. യുഎസ് വിർജീനിയ ഐലൻഡിൽ സ്വന്തമാക്കിയ ലിറ്റിൽ സെന്റ് ജെയിംസ് എന്ന ദ്വീപിന്റെ മൂല്യം 63 മില്യൻ ഡോളർ.

റിയൽ എസ്റ്റേറ്റിലെ ആകെ സമ്പത്ത് 179 മില്യൻ ഡോളർ. ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിനെ ‘പീഡോഫൈൽ ഐലൻഡ്’ (ബാലപീഡന ദ്വീപ്) എന്നാണു നാട്ടുകാർ വിളിക്കുന്നത്. എണ്ണപ്പനകൾ നിറഞ്ഞ സ്വർഗഭൂമിയെന്നും ഈ ദ്വീപ് അറിയപ്പെടുന്നു. മനോഹരമായ കെട്ടിടങ്ങളും സ്വർണ മകുടത്തോടു കൂടിയ ആരാധനാലയവും ഇവിടെയുള്ളതായി നാട്ടുകാർ പറഞ്ഞു. പുറമെ നിന്നുള്ളവർക്ക് ഇവിടെ കയറിപ്പറ്റാനാവില്ല. ഹെലികോപ്റ്ററിലും ജലയാനത്തിലുമായി എപ്സ്റ്റീൻ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു.

Jeffrey-Epstein-Island
ജെഫ്രി എപ്സ്റ്റീന്റെ ദ്വീപ്

‌22.5 മില്യൻ ഡോളറാണു ഗ്രേറ്റ് സെന്റ് ജെയിംസ് എന്ന ദ്വീപിന്റെ മൂല്യം. മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡ് ടൗൺഹൗസിന്റെ മൂല്യം 77 മില്യൻ ഡോളർ. ന്യൂ മെക്സിക്കോയിൽ വളർത്തുമൃഗങ്ങൾക്കുള്ള മേച്ചിൽപ്രദേശവും പാരിസിൽ വസതിയുമുണ്ട്. ഫ്രാൻസിൽനിന്നു സ്വകാര്യവിമാനത്തിൽ വരുമ്പോൾ ജൂലൈ ആറിന് ന്യൂ ജഴ്സി വിമാനത്താവളത്തിലാണ് എപ്സ്റ്റീൻ അറസ്റ്റിലായത്. തുടർന്നു മാൻഹട്ടനിലെ മെട്രോപൊലീറ്റൻ കറക്‌ഷനൽ സെന്ററിലേക്കു മാറ്റി. മെക്സിക്കൻ ലഹരിക്കടത്തു രാജാവ് എൽ ചാപ്പോ ഗുസ്മാൻ ഉൾപ്പെടെ ഉള്ളവരായിരുന്നു സഹതടവുകാർ.

English Summary: As Jeffrey Epstein died, guards responsible for monitoring him shopped online, sleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com