ADVERTISEMENT

ന്യൂഡൽഹി ∙ അ‍ഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ), കണ്ടെയ്നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (കോൺകോർ) തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.

ബിപിസിഎല്ലിന്റെ കൊച്ചിന്‍ റിഫൈനറിയിലെ ഓഹരികളും വില്‍ക്കും. ഓഹരി വിൽക്കുന്നതോടൊപ്പം കമ്പനികളുടെ ഭരണ കൈമാറ്റവും ന‌‍ടക്കും. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ബിപിസിഎൽ മഹാരത്ന കമ്പനിയും എസ്‌സിഐ, കോൺകോർ എന്നിവ നവരത്നാ കമ്പനികളുടെ വിഭാഗത്തിൽപ്പെടുന്നതുമാണ്.

ബിപിസിഎല്ലിന്റെ 53.29 ശതമാനം ഓഹരിയാണ് വിൽക്കുന്നത്. അസമിലെ നുമലിഗഡ് റിഫൈനറി ബിപിസിഎല്ലിൽ നിന്നൊഴിവാക്കിയ ശേഷമാകും ഓഹരികൾ വിൽക്കുക. എസ്‌സിഐയുടെ 53.75 ശതമാനം, കോൺകോറിന്റെ 30. 9 ശതമാനം ഓഹരികളുമാണ് വിൽക്കുന്നത്. തെഹ്‌രി ഹൈഡ്രോ ഡവല‌പ്മെന്റ് കോർപറേഷൻ (ടിഎച്ച്ഡിസി), നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ (നീപ്കോ) എന്നിവയുടെ ഓഹരികൾ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എൻടിപിസിക്ക് വിൽക്കാനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.

കൂടാതെ, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) ഉൾപ്പെടെയുള്ള തിരഞ്ഞടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഓഹരി 51 ശതമാനത്തിൽ താഴെയാക്കാനും സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകി. എന്നാൽ ഈ സ്ഥാപനങ്ങളുടെ ഭരണം കൈമാറ്റം നടത്തില്ല. ഐഒസിയിൽ കേന്ദ്ര സർക്കാരിന് 51.5 ശതമാനം ഓഹരിയാണ് ഉള്ളത്. സർക്കാർ സ്ഥാപനങ്ങളായ എൽഐസി, ഒഎൻജിസി, ഒഐഎൽ എന്നിവയ്ക്ക് 25.9 ശതമാനം ഓഹരിയുമുണ്ട്.ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപനയ്ക്കാണ് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയത്. 

സാമ്പത്തിക ഞെരുക്കം രൂക്ഷമായിരിക്കെ, മാർച്ചോടെ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) വിൽക്കുമെന്നു നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കടവും നഷ്ടവും ഏറുന്നത് എയർ ഇന്ത്യയെയും പ്രവർത്തന ലാഭം ഇടിയുന്നതു ബിപിസിഎല്ലിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടെയാണു വിൽപനയുമായി ബന്ധപ്പെട്ട അനുബന്ധ നടപടികൾ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നു നിർമല സീതാരാമൻ ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

English Summary: Cabinet Approves Sale Of Stakes In Bharat Petroleum, Other Public Sector Firms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com