ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ബത്തേരി ഗവ.സർവജന സ്കൂളിലെ വിദ്യാർഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അതീവഗൗരവത്തോടെ കാണുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഷഹ്‌ലയ്ക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട്. സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയിയെ സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നിർദേശപ്രകാരമാണു നടപടി. അന്വേഷണത്തിന് അരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. താലൂക്ക് ആശുപത്രിയില്‍ ആന്‍റിവെനം ഉണ്ടായിരുന്നെന്നും എന്ത് കൊണ്ട് നല്‍കിയില്ലെന്ന് അന്വേഷിക്കുമെന്നും ഡിഎംഒ മനോരമ ന്യൂസിനോട് പറഞ്ഞു. 

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി നാല് ആശുപത്രികളില്‍ എത്തിച്ചിട്ടും പാമ്പുകടിയേറ്റതിനുള്ള ചികിത്സയായ ആന്‍റിവെനം നല്‍കിയില്ല. ഷഹ്‌ലയ്ക്കു പാമ്പുകടിയേറ്റ ശേഷം പിതാവ് വരുന്നത് വരെ അധ്യാപകര്‍ കാത്തിരുന്നു. പിതാവ് എത്തി ആദ്യമെത്തിച്ചത് സ്കൂളിനടുത്തുള്ള  സ്വകാര്യ ആശുപത്രിയിലാണ്. ഇവിടെ ആന്‍റിവെനം ഇല്ലാത്തതിനാല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇവിടെ മുക്കാല്‍ മണിക്കൂര്‍ ചെലവഴിച്ചെങ്കിലും ആന്‍റിവെനം നല്‍കിയില്ല. ആവശ്യപ്പെട്ടിട്ടും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഇതിന് വിസമ്മതിച്ചെന്ന് ഷഹ്‌ലയുടെ പിതാവ് ആരോപിച്ചു.സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഡിജിപി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.

English Summary : CM Pinarayi Vijayan on Batheri snake bite death, doctor suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com