ADVERTISEMENT

മുംബൈ ∙  ശിവസേന, എൻസിപി, കോൺഗ്രസ് പാർട്ടികൾ ചേർന്നുള്ള സർക്കാരിനു തത്വത്തിൽ അംഗീകാരമായെന്ന സൂചന കോൺഗ്രസ്-എൻസിപി നേതൃത്വം നൽകുമ്പോഴേക്കും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു നടന്ന് ഒരു മാസം തികയുന്നു. സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതാവസ്ഥ ഇതോടെ തീരുമോ എന്ന ചോദ്യം അപ്പോഴും ബാക്കി.

ഒത്തുതീർപ്പിലെത്താൻ ബാക്കിയുള്ള ഏതാനും വിഷയങ്ങളിൽ ഇന്നു തീരുമാനമാകുമെന്നാണ് കോൺഗ്രസ്-എൻസിപി നേതാക്കൾ ഡൽഹിയിൽ അറിയിച്ചത്. അതേസമയം, കോൺഗ്രസും എൻസിപിയും ധാരണയിലെത്തിയ വിഷയങ്ങളിൽ ശിവസേനയ്ക്ക് യോജിക്കാനാകാത്ത കാര്യങ്ങളുണ്ടെങ്കിൽ ചർച്ചകൾ വീണ്ടും നീളും.

സർക്കാർ രൂപീകരണം സംബന്ധിച്ച് നാളെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അറിയിച്ചു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യശത്രുവായ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തുന്നതിന് ശിവസേനയുമായി സഖ്യമാകാമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം നിലപാട് സ്വീകരിച്ചിരുന്നു.

നയപരമായി വിരുദ്ധ ചേരിയിലുള്ള ശിവസേനയുമായി കോൺഗ്രസ് കൈകോർക്കുകയാണെങ്കിൽ അതു കർശന വ്യവസ്ഥകളോടെയാവും. ഹിന്ദുത്വ അജൻഡ ഉപേക്ഷിക്കണമെന്നും വർഗീയവിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നാൽ  അപ്പോൾ സഖ്യം വെടിയുമെന്നുമാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ഇന്നലെ വൈകിട്ട് ചേർന്ന കോൺഗ്രസ് - എൻസിപി വിശാല യോഗത്തിലാണ് പുതിയ കൂട്ടുകെട്ടുമായി മുന്നോട്ടു പോകാനുള്ള ധാരണയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ ബാലാസാഹെബ് തോറാട്ട്, പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ എന്നിവരും എൻസിപി നേതാക്കളായ അജിത് പവാർ, സുപ്രിയ സുളെ, സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, നവാബ് മാലിക് തുടങ്ങിയവരുമാണ് പങ്കെടുത്തത്. 

ബിജെപി തന്നെ ഭരിക്കും: റാണെ

മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ തന്നെ അധികാരത്തിൽ വരുമെന്നു മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെ. ശിവസേന, എൻസിപി, കോൺഗ്രസ് സർക്കാർ രൂപീകരണ സാധ്യതയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കഴിഞ്ഞ ഒരു മാസമായി അതു കേട്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു റാണെയുടെ മറുപടി. എന്നാൽ,  ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നു ശിവസേന  നേതാവ് അബ്ദുൽ സത്താർ അവകാശപ്പെട്ടു.

സേനാ സഖ്യം എതിർത്ത് സോണിയ ഗാന്ധിക്കു മുസ്‍ലിം കൂട്ടായ്മയുടെ കത്ത്

ശിവസേനയുമായി കൈകോർക്കുന്നതിനെതിരെ അഹമ്മദ്നഗർ ജില്ലയിൽ നിന്നുള്ള മുസ്‌ലിം കൂട്ടായ്മ സോണിയ ഗാന്ധിക്കു കത്തെഴുതി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബാലാസാഹെബ് തോറാട്ടിന്റെ മണ്ഡലമായ സംഗംനേറിൽ നിന്നുള്ള മുസ്‍ലിം കൂട്ടായ്മയാണ് കത്തെഴുതിയിരിക്കുന്നത്. ബിജെപിയുടെയും ശിവസേനയുടെയും അജൻഡകൾക്ക് തങ്ങൾ എതിരാണെന്നും സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കളുടെ താൽപര്യത്തിനു വഴങ്ങി നയം മാറ്റിയാൽ കോൺഗ്രസിനു തിരിച്ചടിയുണ്ടാകുമെന്നും കത്തിൽ പറയുന്നു.

സേനാ  എംപിമാരുടെ സീറ്റ് മാറ്റിയതിനെതിരെ റാവുത്ത്

ശിവസേന എൻഡിഎയിൽ നിന്ന് ഒൗദ്യോഗികമായി പിരിയുന്നതിനു മുൻപ് തങ്ങളുടെ എംപിമാരുടെ സീറ്റുകൾ പ്രതിപക്ഷത്തേക്കു മാറ്റിയതിനെതിരെ മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. ശിവസേനയുടെ ശബ്ദം ഇല്ലാതാക്കാനും ശിവസൈനികരുടെ വികാരം അടിച്ചമർത്താനും ചില േകന്ദ്രങ്ങൾ ശ്രമിക്കുന്നതായി  രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് എഴുതിയ കത്തിൽ റാവുത്ത് ആരോപിച്ചു. എൻ‍ഡിഎയിൽ നിന്ന് ഒൗദ്യോഗികമായി രാജി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഇരിപ്പിടം മാറ്റിയ നടപടി സഭയുടെ അന്തസ്സിനു ചേരാത്തതാണ്. ഒന്നു മുതൽ മൂന്നു  വരെയുള്ള നിരകളിൽ സേനയ്ക്ക് ഇരിപ്പിടം അനുവദിക്കാൻ റാവുത്ത് അഭ്യർഥിച്ചു. 

അഭ്യൂഹമുയർത്തി ശരദ് പവാർ–നരേന്ദ്ര മോദി കൂടിക്കാഴ്ച

തിങ്കളാഴ്ച സോണിയ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം ശിവസേനയുമായുള്ള സഖ്യത്തെക്കുറിച്ചോ, സർക്കാർ രൂപീകരണത്തെക്കുറിച്ചോ ആലോചിച്ചില്ലെന്നു വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ട ശരദ് പവാർ ഇന്നലെ ഉച്ചയ്ക്ക് പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതോടെ എൻസിപി ബിജെപിയുമായി അടുക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. 

കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ കർഷകരെ സഹായിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ അഭ്യർഥിച്ചാണു മോദിയെ കണ്ടതെന്നു പവാർ ട്വിറ്ററിലൂടെ പിന്നീട് വിശദീകരിച്ചെങ്കിലും, ഇരു കക്ഷികളും അണിയറയിൽ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായി. അവയെല്ലാം അടിസ്ഥാനരഹിതമാണെന്നും കർഷക ദുരിതം മാത്രമാണു ചർച്ചയായതെന്നും എൻസിപി കേന്ദ്രങ്ങൾ വിശദീകിരച്ചു.

എന്നാൽ, വൈകിട്ട് ആറുമണിയോടെ പവാറിന്റെ ഡൽഹിയിലെ വസതിയിൽ കോൺഗ്രസ് - എൻസിപി നേതാക്കളുടെ യോഗം ആരംഭിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട യോഗത്തിനൊടുവിൽ കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും എൻസിപി ദേശീയ വക്താവ് നവാബ് മാലിക്കുമാണ് മാധ്യമങ്ങളെക്കണ്ടത്. എൻസിപി, സേന, കോൺഗ്രസ് ചർച്ചകൾ നല്ല ദിശയിൽ പുരോഗമിക്കുന്നതായും രാഷ്ട്രപതി ഭരണത്തിന് ഉടൻ അവസാനമുണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കുകയായിരുന്നു.

മേയർ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ പുതിയ രാഷ്ട്രീയ സമവാക്യം?

മുംബൈ അടക്കമുള്ള കോർപറേഷനുകളിലെ മേയർ തിരഞ്ഞെടുപ്പു നാളെ നടക്കാനിരിക്കെ, സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റം മേയർ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ബിജെപിയും കോൺഗ്രസ്-എൻസിപിയും സ്ഥാനാർഥികളെ നിർത്തേണ്ടെന്നു തീരുമാനമെടുത്തതോടെ മുംബൈ മുനിസിപ്പൽ കോർപറേഷനിൽ ശിവസേന വിജയം ഉറപ്പിച്ചു.ചില കോർപറേഷനുകളിൽ  ബിജെപിക്കു മേയർ സ്ഥാനം നിലനിർത്താൻ കഴിയുമെങ്കിലും സേന, എൻസിപി, കോൺഗ്രസ് സഖ്യം നിലവിൽ വന്നാൽ ഏതാനും കോർപറേഷനുകളിൽ ഇൗ കൂട്ടുകെട്ടിനും നേട്ടമുണ്ടാക്കാം. നാഗ്പുർ, പുണെ, പിംപ്രി -  ചിഞ്ച്‌വാഡ്, ലാത്തൂർ, സാംഗ്ലി - മിറാജ് - കുപ്‍വാഡ്, ധുളെ, നവിമുംബൈ, നാസിക് കോർപറേഷനുകളിൽ ബിജെപിക്ക് മേയർസ്ഥാനം നിലനിർത്താൻ കഴിയുമെന്നാണ് പാർട്ടി കണക്കാക്കുന്നത്. 

കോലാപുരിൽ ശിവസേന കോർപറേറ്റർമാർ വിട്ടു നിന്നു പരോക്ഷമായി പിന്തുണച്ചതോടെ മേയർസ്ഥാനം എൻസിപിക്കും ഡപ്യുട്ടി മേയർസ്ഥാനം കോൺഗ്രസിനും ലഭിച്ചു. 122 അംഗ നാസിക് കോർപറേഷനിൽ ബിജെപിക്ക് 65 അംഗങ്ങൾ ഉളളതിനാൽ ഭരണം നിലനിർത്താൻ കഴിയുമെങ്കിലും കൂടുമാറ്റം ഭയന്ന് കോർപറേറ്റർമാരെ കൊങ്കൺ അടക്കമുള്ള വിവിധ പ്രദേശങ്ങളിലെ റിസോർട്ടുകളിലേക്കു മാറ്റിയിരിക്കുകയാണ് ബിജെപി. 

കല്യാൺ - ഡോംബിവ്‍ലി മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസ്, എൻസിപി, മറ്റുള്ളവർ എന്നിവരുടെ പിന്തുണയോടെ മേയർ സ്ഥാനം നിലനിർത്താൻ കഴിയുമെന്നുസേന പ്രതീക്ഷിക്കുമ്പോൾ ഭിവണ്ടിയിൽ അധികാരം നിലനിർത്താമെന്ന ആത്‍വിശ്വാസം കോൺഗ്രസ് പുലർത്തുന്നു

English Summary: Maharashtra Polls; Shiv Sena, NCP and Congress government have agreed in principle, Hints

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com