ADVERTISEMENT

പാലക്കാട് ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് നിയമനത്തിൽ നേരിട്ട് ഇടപെടേണ്ടെന്ന് ആർഎസ്എസ് നിലപട് മയപ്പെടുത്തുന്നു. ഇതുവരെ നടത്തിയ നീക്കങ്ങൾ രാഷ്ട്രീയമായി സംഘടനയ്ക്ക് പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ പിൻമാറ്റം.

എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെക്കുറിച്ചുള്ള അഭിപ്രായം സംഘടന പാർട്ടി നേതൃത്വത്തെ അറിയിക്കും. അഞ്ചുവർഷമായി ബൂത്ത് ഭാരവാഹികളെ മുതൽ ആർഎസ്എസ് തീരുമാനിക്കുന്ന രീതി ബിജെപിയുടെ പ്രവർത്തനത്തെ ബാധിച്ചുവന്ന് സംഘപരിവാറിനുള്ളിൽ ശക്തമായ വിമർശനമുണ്ട്. സംഘടനാദൗർബല്യത്തിന്റെ പേരിലാണ് ആർഎസ്എസ് പാർട്ടിയിൽ മൈക്രേ‍ാമാനേ‍ജ്മെന്റ് ആരംഭിച്ചത്.

വി.മുരളീധരൻ രണ്ടാംതവണ സംസ്ഥാന പ്രസിഡന്റായ ഘട്ടത്തിൽ ആരംഭിച്ച നേരിട്ട് ഇടപെടലിലൂടെ പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന് തടയിടാനായില്ല. മുരളീധരന് ശേഷം ഗ്രൂപ്പുകൾക്ക് അതീതൻ എന്ന നിലയിൽ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കിയെങ്കിലും ആർഎസ്എസിനേ‍ാട് ആലേ‍ാചിക്കാതെ അദ്ദേഹത്തെ ഗവർണറാക്കിയത് സംഘടനാനേതൃത്വത്തെ വല്ലാതെ ചെ‍ാടിപ്പിച്ചു.

ഗവർണർ സ്ഥാനത്തുനിന്ന് തിരിച്ചുവിളിപ്പിച്ച് അദ്ദേഹത്തെ ലേ‍ാക്സഭാ സ്ഥാനാർഥിയാക്കിയാണ് പ്രശ്നം അവസാനിച്ചത്. മികച്ചരീതിയിൽ പ്രവർത്തിച്ച സംഘടനാ സെക്രട്ടറിമാരെ ഒതുക്കിയെന്നും ആരേ‍ാപണം ഉയർന്നു. ആർഎസ്എസ് കേരള ഘടകത്തിന്റെ രാഷ്ട്രീയ നിലപാടുകളേ‍ാട് സംഘം, ബിജെപി കേന്ദ്രനേതൃത്വത്തിന് കുറച്ചുകാലമായി യേ‍ാജിപ്പില്ല.

കേരളത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ ഇടപെടൽ ബിജെപിക്ക് വിനയായെന്ന വിമർശനവും ഉയർന്നു. കുമ്മനത്തിനുശേഷം ഗ്രൂപ്പ് പ്രശ്നം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സമാവായത്തിലൂടെ ശ്രീധരൻ പിളളയെ പ്രസിഡന്റാക്കിയെങ്കിലും രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാനായില്ല.

രാജ്യത്ത് കൂടുതൽ ശാഖകൾ കേരളത്തിലെന്ന് അവകാശപ്പെടുമ്പേ‍ാഴും ഭരണനേട്ടമുണ്ടാക്കാത്തതിന് ആർഎസ്എസും വിമർശം നേരിട്ടു. ഇത്തവണ ബിജെപി സംഘടനാതിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ സംഘടന അകലം പാലിച്ചു. ബൂത്തുകമ്മിറ്റി രൂപീകരണം പൂർത്തിയാക്കിയെങ്കിലും മേൽക്കമ്മറ്റി ഭാരവാഹികളെ  കേന്ദ്രകമ്മിറ്റി നാമനിർദ്ദേശം ചെയ്തേക്കുമെന്നാണ് സൂചനകൾ. 

English Summary: RSS softens stand on bjp state president appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com