ADVERTISEMENT

ബാങ്കോക്ക്∙ നവംബർ 15 വെള്ളിയാഴ്ച. സമയം അർധരാത്രിയോട് അടുത്തു കാണും. അമ്മയുമായി കലഹിച്ച് ഫ്ലാറ്റിൽ നിന്നു കുതറിയോടിയ ആ പെൺകുട്ടി മരണത്തിലേക്കാണു പോയതെന്നു ഉൾക്കൊള്ളാൻ അയൽക്കാർക്ക് ഇനിയുമായിട്ടില്ല. ഫ്ലാറ്റ് സമുച്ചയത്തിന്റെ 12–ാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തിയ ആ പെൺകുട്ടിയെ ഓർത്ത് ഇന്ന് ആ നാട് തേങ്ങുകയാണ്. മരിക്കുമ്പോൾ ഒരു മാസം ഗർഭിണിയായിരുന്നു പിങ്കി എന്ന വിളിപ്പേരിൽ ഇന്നറിയപ്പെടുന്ന ആ പെൺകുട്ടി. പ്രായം വെറും 13 വയസ്സ്!

നവംബർ 11ന് ആറ് യുവാക്കൾ ചേർന്ന് പിങ്കിയെയും കൂട്ടുകാരിയെയും ഫ്ലാറ്റിൽ പൂട്ടിയിട്ടു ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് അമ്മ പരാതിപ്പെടുന്നു. പൊലീസ് എത്തിയാണ് അന്നു പിങ്കിയെയും ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെയും രക്ഷപ്പെടുത്തിയത്. ഇതിനു നാലാം ദിനം പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. താൻ ഏറെ സ്നേഹിക്കുന്ന സമപ്രായക്കാരിയായ കൂട്ടുകാരിക്ക് ഒരു ചിത്രം അയച്ചു കൊടുത്ത ശേഷമാണ് അവൾ മരണത്തിലേക്കു പോയത്.  കെട്ടിടത്തിന്റെ മുകളിലിരുന്ന് താഴേക്കു തൂങ്ങിയാടുന്ന തന്റെ കാലുകളുടെ ചിത്രമാണു കൂട്ടുകാരിക്ക് അയച്ചത്. ഒപ്പം ഏതാനും വാക്കുകളും– ‘ഞാൻ പോകുന്നു...’

മരണത്തിനു മുൻപ് ഫെയ്സ്ബുക്കിൽ ഒട്ടേറെ പോസ്റ്റുകളും പെൺകുട്ടി കുറിച്ചു. ഗർഭിണി അല്ലായിരുന്നെങ്കിൽ ഞാൻ നേരത്തേ തന്നെ മരിച്ചിരുന്നേനേയെന്നും പോസ്റ്റിലുണ്ടായിരുന്നു. പീഡനത്തിനിരയായത് നവംബർ 11നായിരുന്നെങ്കിലും അതിനും മുൻപേ പെൺകുട്ടി ഗർഭിണിയായിരുന്നെന്നാണു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത്. മുൻപും അതിക്രൂരമായ പീഡനങ്ങൾക്കു പെൺകുട്ടി വിധേയയായിട്ടുണ്ടാകാമെന്നാണു നിഗമനം. 

ലഹരിമരുന്നു സംഘത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു പെൺകുട്ടിയെന്നു സംശയിക്കുന്നവരും ഏറെ. പതിമൂന്നുകാരിക്കു നീതി തേടി തെരുവുകളിൽ പ്രതിഷേധ സ്വരം ഉയർന്നു കഴിഞ്ഞു. അതിക്രൂരമായ ബലാത്സംഗം പെൺകുട്ടിയുടെ മനോനില തെറ്റിച്ചുവെന്നാണ് അമ്മ പറയുന്നത്. നവംബർ 11ലെ ദാരുണ സംഭവത്തോടെ അവൾ അധികം സംസാരിക്കാറില്ലായിരുന്നു. അവൾക്കൊന്നും സംഭവിച്ചിട്ടില്ലെന്നു ബോധ്യപ്പെടുത്താനായിരുന്നു എന്റെ ശ്രമം, എന്നാൽ എല്ലാം വെറുതെയായി – പെൺകുട്ടിയുടെ അമ്മ വിലപിക്കുന്നു. പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനു തൊട്ടുമുൻപ് അവളെ മരണത്തിൽ നിന്നു പിന്തിരിപ്പിക്കാൻ അമ്മ ശ്രമിച്ചതായും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. 

എന്നാൽ പൊലീസിന്റേത് മറ്റൊരു കഥയാണ്– ആയുധക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത രണ്ടു പേരാണ് സംഭവത്തിലെ പ്രതികൾ. ഒരാളെ ഇതിനോടകം അറസ്റ്റ് ചെയ്തു. നവംബർ 11ന് ഇവരുടെ ഫ്ലാറ്റിൽ പിങ്കിയും കൂട്ടുകാരിയും ഉണ്ടായിരുന്നു. പെൺകുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായെന്നു പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് അന്ന് ഇരുവരെയും മോചിപ്പിച്ചത്. അപ്പോഴേക്കും പ്രതികൾ കടന്നു കളഞ്ഞു.

പിങ്കി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടോയെന്നു പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ പ്രതികളെ ബോധപൂർവ്വം രക്ഷപ്പെടുത്താൻ പൊലീസ് കള്ളക്കഥ ചമയ്ക്കുകയാണെന്നു തായ് മാധ്യമങ്ങൾ ആരോപണം ഉയർത്തി. ആറംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണത്തെ പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും പെൺകുട്ടിയുടെ അമ്മ പരാതിപ്പെടുന്നു. 

‘പിങ്കി’യുടെ മരണം അതിദാരുണമായിരുന്നു. മരണത്തിനു തൊട്ടുമുൻപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും സന്ദേശങ്ങളും മതി അവൾക്ക് ഏത്രമാത്രം മുറിവേറ്റിരുന്നുവെന്ന് മനസിലാക്കാൻ, 13 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി അതിദാരുണമായി പീഡിപ്പിക്കപ്പെടുക. കുറ്റവാളികൾ ഒന്നും സംഭവിക്കാത്തതു പോലെ തെരുവിൽ യഥേഷ്ടം സഞ്ചരിക്കുക. അവൾക്കു നീതി കിട്ടുന്നതു വരെ പോരാടും.– ‘പിങ്കി’യുടെ സുഹൃത്തുക്കൾ പറയുന്നു. മരണമുണ്ടായി ദിവസങ്ങൾ പിന്നിടുമ്പോൾ ഇതേക്കുറിച്ച് രാജ്യാന്തരതലത്തിലും പ്രതിഷേധം ശക്തമാവുകയാണ്. 

English Summary: Girl, 13, jumped to her death ‘after being gang raped by six boys’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com