ADVERTISEMENT

അസമിലെ ഗുവാഹത്തിയിലുള്ള ജില്ലാ ആശുപത്രിയിൽ ജനിച്ച രാക്ഷസരൂപമുള്ള കുട്ടി എന്ന രീതിയിൽ പ്രചരിക്കുന്ന വിഡിയോയും വോയ്സ് ക്ലിപ്പും നുണ പ്രചാരണം. ഗുവാഹത്തിയിലേക്കു പോയപ്പോൾ കണ്ട ഒരു എസ്ഐ പറഞ്ഞ വിവരമെന്ന മട്ടിലാണു വോയ്സ് ക്ലിപ്പിലെ വിശദീകരണം. ഏതാനും ദിവസങ്ങളായി വാട്‌സാപ്പിലൂടെയും മറ്റും വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിലെയും മലയാളം ശബ്ദസന്ദേശത്തിലെയും വിവരങ്ങൾ ഇങ്ങനെ: 

‘അസമിലെ എസ്‌ഐയുടെ ജില്ലയിൽ നടന്ന സംഭവമാണ്. ഇതൊരു അപൂർവശിശു ആണ്. രാക്ഷസമായിട്ടുള്ള പ്രക്രിയയിലൂടെയാണു ജനിച്ചത്. പതിനൊന്നാം മാസം ജനിച്ച കുട്ടി അമ്മയുടെ വയറ്റിലെ കുടലും ബാക്കിയെല്ലാം തിന്നു തീർത്തിട്ടാണ് പുറത്തെത്തിയത്. അമ്മ പ്രസവത്തിൽ തന്നെ മരിച്ചു. സ്വാഭാവിക പ്രസവമായിരുന്നില്ല, ഓപറേഷനിലൂടെയാണു കുട്ടിയെ പുറത്തെടുത്തത്. പാവപ്പെട്ട വീട്ടിലെ മാതാവിനാണു കുട്ടി ജനിച്ചത്. ഓപറേഷൻ സമയത്ത് അടുത്തു നിന്ന ഒരു നഴ്സിന്റെ കയ്യിൽ കുട്ടി പിടിച്ചിരുന്നു. അവർ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ മരിച്ചു.

ജനിച്ചപ്പോൾ എട്ടു കിലോയുണ്ടായിരുന്ന കുട്ടി 24 മണിക്കൂർ കൊണ്ട് 13 കിലോയായി. 17 ഇഞ്ചക്‌ഷൻ നൽകിയാണു കുട്ടിയെ കൊന്നത്. അസമിലെ ഒരു ജില്ലാ ആശുപത്രിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം ഇപ്പോഴും പഠിക്കാൻ വേണ്ടി സൂക്ഷിച്ചിരിക്കുകയാണ്...’ വിഡിയോയും വിവരങ്ങളും ഫെയ്ക്ക് അല്ലെന്നും വോയിസ് ക്ലിപ്പിൽ പറഞ്ഞു വയ്ക്കുന്നുണ്ട്.

എന്നാൽ അടുത്തിടെ നടന്ന സംഭവത്തിന്റെ വിഡിയോ എന്ന മട്ടിൽ പ്രചരിപ്പിക്കുന്ന ഇതിന് ഏതാനും മാസത്തെ പഴക്കമുണ്ട്. ജൂൺ–ജൂലൈ മാസങ്ങളിൽ ഈ വിഡിയോ പല തലക്കെട്ടുകളോടെ യൂട്യൂബിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. മനുഷ്യന് ആടിലുണ്ടായ കുട്ടി, അന്യഗ്രഹജീവിയായ കുട്ടി തുടങ്ങിയ വിശേഷണങ്ങളായിരുന്നു ഈ കുരുന്നിനു നേരിടേണ്ടി വന്നത്. ബ്രസീലിൽ കണ്ടെത്തിയ കുട്ടിയെന്ന മട്ടിൽ അന്നു പല വിദേശ വെബ്സൈറ്റുകളും ഈ വിഡിയോ പ്രചരിപ്പിച്ചിരുന്നു.

സത്യം എന്താണ്?

ഹാർലിക്വിൻ ഇക്തിയോസിസ് (Harlequin ichthyosis) എന്നറിയപ്പെടുന്ന ജനിതക രോഗാവസ്ഥയിൽ ജനിച്ച കുട്ടിയുടെ വിഡിയോയാണ് ഇത്തരത്തിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് വിഡിയോ പുറത്തെത്തിയതെന്നും കരുതപ്പെടുന്നു. ഇന്ത്യയിൽ അപൂർവമായി ഈ ജനിതക വൈകല്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2016 ജൂണിൽ മഹാരാഷ്ട്രയിലെ നാഗ്പുരിലെ ലതാ മങ്കേഷ്കർ ആശുപത്രിയിലാണ് ആദ്യമായി ഇന്ത്യയിൽ ഹാർലിക്വിൻ ഇക്തിയോസിസ് റിപ്പോർട്ട് ചെയ്തതെന്നാണു റിപ്പോർട്ടുകൾ. അന്നു ജനിച്ച കുട്ടി 48 മണിക്കൂർ കഴിഞ്ഞപ്പോൾ ശ്വാസതടസ്സം കാരണം മരിച്ചു. കുട്ടിക്ക് 1.8 കിലോയായിരുന്നു ജനിക്കുമ്പോൾ ഭാരം.

nagpur-baby
2016ൽ നാഗ്‌പുരിൽ ഹാർലിക്വിൻ ഇക്തിയോസിസ് ജനിതക വൈകല്യം ബാധിച്ചു ജനിച്ച കുട്ടി.

2017 ജനുവരിയിൽ ബിഹാറിലെ പട്നയിൽ ഇരുപത്തിയെട്ടുകാരിക്ക് ഇത്തരമൊരു കുട്ടി ജനിച്ചത് രാജ്യാന്തര മാധ്യമമായ ‘ദ് സൺ’ റിപ്പോർട്ട് ചെയ്തിരുന്നു. നവജാതശിശുവിന്റെ ചർമം ഉറച്ച് കട്ടിയായി ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് ഈ ജനിതക വൈകല്യം. ‘ഹാർലിക്വിൻ ബേബി’ എന്നും ഇത്തരം കുഞ്ഞുങ്ങളെ വിളിക്കാറുണ്ട്. പട്നയിൽ 2.50 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുട്ടി പക്ഷേ വൈകാതെ മരിക്കുകയും ചെയ്തു. ആന്തരികാവയവങ്ങളൊന്നും പൂർണവളർച്ചയെത്താതിരുന്നതായിരുന്നു പ്രശ്നം. ഒരു കോടിയിൽ ഒന്ന് എന്ന കണക്കിൽ മാത്രമേ ഇത്തരം കുട്ടികൾ ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂവെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു.

ഹാർലിക്വിൻ ഇക്തിയോസിസ് എന്ന ജനിതക വൈകല്യം ഏകദേശം 20 തരത്തിലുള്ളവ കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായും അല്ലാതെയും ഈ വൈകല്യുമുണ്ടാകാറുണ്ട്. പാരമ്പര്യമായുള്ള വൈകല്യം ജനിക്കുമ്പോഴോ ജനിച്ചു കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലോ ലക്ഷണങ്ങൾ കാണിക്കും. മറ്റു ചിലതു പ്രായപൂർത്തിയായതിനു ശേഷമാണു ലക്ഷണം കാണിക്കുക.

പഴയ ചർമത്തിനു പകരം പുതിയ ചർമത്തിനു രൂപം നൽകുന്ന ശരീര സംവിധാനത്തിലാണ് ഹാർലിക്വിൻ ഇക്തിയോസിസ് പ്രകാരം ജനിതക തകരാർ സംഭവിക്കുക. അതോടെ ഒന്നുകിൽ പഴയ ചർമകോശങ്ങൾ പൊഴിഞ്ഞുപോകുന്നതു പതിയെയാകും. അല്ലെങ്കിൽ വളരെ വേഗത്തിൽ പുതിയ ചർമകോശങ്ങൾ രൂപപ്പെട്ടു കൊണ്ടേയിരിക്കും. രണ്ടു തരത്തിലാണെങ്കിലും ശരീരത്തിൽ പരുക്കനായ ചർമകോശങ്ങൾ കെട്ടിക്കിടക്കുകയാണ് ഇതുവഴി സംഭവിക്കുക.

കൂട്ടത്തിൽ ഏറ്റവും അപൂർമായുണ്ടാകുന്നതാണ് ഹാർലിക്വിൻ ഇക്തിയോസിസ്. മൂന്നു ലക്ഷത്തിൽ ഒരാൾക്ക് എന്ന കണക്കിനാണ് ഈ വൈകല്യം ബാധിക്കാറുള്ളത്. ഇതു ബാധിച്ച കുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. വിഡിയോയുടെ ഉറവിടം വ്യക്തമല്ലെങ്കിലും അതോടൊപ്പമുള്ള ശബ്ദസന്ദേശത്തിലെ വിവരങ്ങൾ തികച്ചും അടിസ്ഥാന രഹിതവും അസത്യങ്ങളുമാണ്. ഇത്തരത്തിലുള്ള സംഭവം ഇന്നേവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. തികച്ചും ഭാവനാസൃഷ്ടിയാണു ശബ്ദസന്ദേശം.

ശരീരത്തിൽ ചർമകോശങ്ങൾ അടിഞ്ഞു കൂടി, അവ പൊഴിഞ്ഞുപോകാതെ വെളുത്ത നിറത്തിൽ ഒരു പടച്ചട്ട പോലെ കട്ടിയായി നിൽക്കുകയാണു കുട്ടിയുടെ ശരീരത്തിൽ. ചില ഭാഗങ്ങളിൽ ചർമം പൂർണമായും ഇളകിപ്പോയിട്ടുണ്ട്. മറ്റിടങ്ങളിൽ വിള്ളലുകൾക്കു സമാനമായും രൂപപ്പെട്ടിട്ടുമുണ്ട്. കണ്ണുകള്‍ക്കും വായിനും ചെവിക്കുമെല്ലാം പ്രത്യേക രൂപമായിരിക്കും. ഇതാണു കുട്ടിയുടെ അസാധാരണ രൂപത്തിനും കാരണം. 

ഇന്ത്യയിൽ 2018ൽ ഡൽഹിയിലും 2019 ജനുവരിയിൽ രാജസ്ഥാനിലും ഹാർലിക്വിൻ ഇക്തിയോസിസ് വൈകല്യത്തോടെ കുട്ടികൾ ജനിച്ചത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടു സംഭവങ്ങളിലും കുട്ടികൾ മരിച്ചു. ശിശുവിന്റെ വളർച്ചയെ നിരീക്ഷിക്കുന്ന പരമ്പരാഗത അൾട്രാസോണോഗ്രഫിയിൽ ഈ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനും പരിമിതികളുണ്ട്. എന്നാൽ നാലാം മാസം മുതൽ ഇക്കാര്യം തിരിച്ചറിയാനാകുമെന്നും ഡോക്ടർമാർ പറയുന്നു.

ചർമം പൊളിഞ്ഞ് ദുർബലമായ അവസ്ഥയിലായതിനാൽത്തന്നെ വളരെ പെട്ടെന്ന് കുട്ടികൾക്ക് അണുബാധയേൽക്കാനും സാധ്യതയുണ്ട്. പലപ്പോഴും ട്യൂബ് വഴിയാണ് കുട്ടിക്കു ഭക്ഷണം നല്‍കുക. ശരീരോഷ്മാവ് കുറവായതിനാൽ വെന്റിലേറ്റർ നിർബന്ധം. ശ്വാസതടസ്സവും നിർജലീകരണവുമെല്ലാം കുഞ്ഞിനു സംഭവിക്കുമെന്നു മാത്രമല്ല ഹാർലിക്വിൻ ഇക്തിയോസിസിനു മരുന്നു കണ്ടുപിടിക്കാത്തതിനാൽ ഭൂരിപക്ഷം കേസിലും മരണം ഉറപ്പാണ്. 1984ൽ പക്ഷേ പാക്കിസ്ഥാനിൽ ഈ രോഗവുമായി ജനിച്ച കുട്ടി 24 വയസ് വരെ ജീവിച്ചിരുന്നു.

English Summary: Assam Guwahati New Born baby Whatsapp Viral video - Harlequin ichthyosis- Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com