ADVERTISEMENT

ചെന്നൈ∙ ജയലളിതയുടെ മരണത്തിനു ശേഷം മുഖ്യമന്ത്രിയാകാനൊരുങ്ങിയ വി.കെ.ശശികലയ്ക്കെതിരെ ഒ.പനീർസെൽവം കലാപമുയർത്തിയതു തന്റെ നിർ‌ദേശപ്രകാരമാണെന്നു ആർഎസ്എസ് താത്വികാചാര്യനും തുഗ്ലക്ക് എഡിറ്ററുമായ എസ്.ഗുരുമൂർത്തി. പ്രസ്താവന വിവാദമാകുകയും അണ്ണാഡിഎംകെ അതിശക്തമായി പ്രതികരിക്കുകയും ചെയ്തതോടെ  വിശദീകരണവുമായി ഗുരുമൂർത്തി രംഗത്തെത്തി. തുഗ്ലക്ക് മാസികയുടെ 50-ാം  വാർഷകത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിലായിരുന്നു ഗുരുമൂർത്തിയുടെ വിവാദ പരാമർശം.

‘ഗുരുമൂർത്തി പറഞ്ഞതെന്ത്’?

മുഖ്യമന്ത്രിയായി വി.കെ.ശശികലയുടെ സത്യപ്രതിഞ്ജയ്ക്കായി അണ്ണാഡിഎംകെ മദ്രാസ് സർവകലാശാല ഹാളിൽ എല്ലാ ഒരുക്കങ്ങളും നടത്തി. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വേദി സന്ദർശിക്കാൻ ഒപിഎസിനോടു അവർ പറ‌ഞ്ഞു. അദ്ദേഹം എന്റെയടുക്കൽ വന്നു വിശദമായ സംസാരിച്ചു. ഞാൻ അദ്ദേഹത്തോടു ചോദിച്ചു. നിങ്ങൾ ഒരു ആണാണോ? ഞാൻ എന്തു ചെയ്യാനാണെന്ന് അ‌ദ്ദേഹം ചോദിച്ചപ്പോൾ ഞാൻ മറുപടി നൽകി. മറീനയിലെ ജയലളിതയുടെ സമാധിയിൽ പോയി കുറച്ചു നേരം ഇരിക്കുക. നിങ്ങൾക്കെന്തെങ്കിലും മാർഗം ലഭിക്കും. വി.കെ.ശശികല ജയിലിലായതിനു ശേഷം അണ്ണാഡിഎംകെയിൽ നിന്നു പലരും ഒപിഎസ്-ഇപിഎസ് വിഭാഗത്തെ ഒന്നിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ചു. 

‘ഒപിഎസിന്റെ രാത്രി ധ്യാനം’

വി.കെ.ശശികലയ്ക്കു മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുക്കാനായി പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെത്തുടർന്നു രാജിവയ്ക്കേണ്ടിവന്നതിനു പിന്നാലെയാണു ഒ.പനീർസെൽവം മറീനയിലെ ജയ സമാധിയിൽ പ്രശസ്തമായ ധ്യാനമിരുന്നത്. 40 മിനിറ്റു നീണ്ട ‌ധ്യാനത്തിനു ശേഷം ഒപിഎസ് ശശികലയ്ക്കെതിരെ ആഞ്ഞടിച്ചു. ശശികല ‌കുടുംബത്തിൽ നിന്നു പാർട്ടിയെ രക്ഷിക്കാനായി ധർമയുദ്ധം പ്രഖ്യാപിച്ചു. പനീർസെൽവത്തിന്റെ കലാപം പാർട്ടിയെ പിളർത്തി. മുഖ്യമന്ത്രി സ്വപ്നം യാഥാർഥ്യമാകാതെ ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയി‌ലിലായതും ഒപിഎഎസും ഇപിഎസും കൈകോർത്തതും പിന്നീടുള്ള ചരിത്രം.

ധാർഷ്ട്യമെന്ന് ജയകുമാർ

ഗുരുമൂർത്തിക്കെതിരെ ശക്തമായ പ്രതികരണവുമായി അണ്ണാഡിഎംകെ.ഇത്തരം പരാമർശങ്ങളിൽ കാണുന്നതു ധാർഷ്ട്യമാണെന്നും തിരിച്ച് അതേ ഭാഷയിൽ മറുപടി അറിയാൻ അറിയാമെന്നും മന്ത്രി ഡി.ജയകുമാർ പറഞ്ഞു. 

‘നീങ്കൾ ആൺ പിള്ളയാ?’

ഗുരുമൂർത്തിയുടെ പ്രസംഗം പുറത്തുവന്നതിനു പിന്നാലെ നിങ്ങൾ ആണാണോയെന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ഹിറ്റായി. ഒപിഎസിനോടു താൻ ഇങ്ങനെ ചോദിച്ചതായി ഗുരുമൂർത്തി പറഞ്ഞിരുന്നു.

ഒടുവിൽ വിശദീകരണം

വിവാദം കത്തിയതോടെ വിശദീകരണവുമായി ഗുരുമൂർത്തി രംഗത്തെത്തി. അണ്ണാഡിഎംകെയിൽ തനിക്കു ഏറെ ബഹുമാനമുള്ള നേതാവാണു പനീർസെൽവമെന്നും പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്തു തെറ്റായി പ്രചരിപ്പിക്കുയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

English Summary: Are you a man?, Gurumoorthy sparked controversy in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com