ADVERTISEMENT

മെക്സിക്കോ സിറ്റി ∙ ‘കഴിഞ്ഞ 90 ദിവസങ്ങളായി ഞാൻ ഇതിന്റെ പുറകിലാണ്. നിങ്ങൾക്കറിയാമല്ലോ, പ്രഖ്യാപനം അത്ര എളുപ്പമല്ല. പല പ്രക്രിയകളിലൂടെയും കടന്നു പോകാനുണ്ട്. നിലവിൽ മികച്ച രീതിയിലാണ് മുന്നേറ്റം. വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകും...’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളാണിത്. അദ്ദേഹം നടത്താനിരിക്കുന്ന ആ ‘വലിയ പ്രഖ്യാപനം’ രാജ്യാന്തര ലഹരിമരുന്നു കടത്തിലുണ്ടാക്കാൻ പോകുന്ന ആഘാതവും ചെറുതല്ല. മെക്സിക്കൻ ലഹിമരുന്നു മാഫിയകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനിരിക്കുകയാണ് യുഎസ് പ്രസിഡന്റ്.

മെക്സിക്കോയിലെ ലഹരിമരുന്നു രാജാവ് വാക്വീൻ ഗുസ്മാന്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാൻ അതിർത്തിയിൽ മതിൽ പണിയുമെന്നു പ്രസ്താവന ഇറക്കിയ അതേ ട്രംപ്. പ്രസിദ്ധ മാധ്യമപ്രവർത്തകൻ ബിൽ ഒ റെയ്‌ലിയുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ തുറന്നു പറച്ചിൽ. യുഎസിലെ മൻഹാറ്റനിലുള്ള ജയിലിൽ വാക്വീൻ ഗുസ്മാൻ ജീവപര്യന്തത്തിനൊപ്പം 30 വർഷവും തടവ് അനുഭവിക്കുമ്പോഴും സിനലോവ കാർട്ടലെന്ന കൊടും മാഫിയ സംഘത്തിന്റെ അടിവേരുകൾക്കു തെല്ലും ഇളക്കമില്ലെന്ന തിരിച്ചറിവിലാണ് പുതിയ പ്രഖ്യാപനമെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 

നംവബർ 4ന് മെക്സിക്കോ-അരിസോണ അതിർത്തിയിൽ ഒൻപതു പേരെ ലഹരിമരുന്നു മാഫിയ വെടിവച്ചുകൊന്നതാണ് മെക്സിക്കോയിൽ അരങ്ങുവാഴുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. യുഎസ്–മെക്സിക്കോ ഇരട്ടപൗരത്വമുള്ള മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറു കുട്ടികൾ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. എട്ടുമാസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 

el-chapo-guzman-trump
വാക്വീൻ ഗുസ്മാൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

നവംബർ നാലിന് സൊനാറ സംസ്ഥാനത്തു നിന്നും ചിഹുവ സംസ്ഥാനത്തേക്കു യാത്ര ചെയ്യുന്നതിനിടെ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. സൊനാറായിൽ താമസിച്ചിരുന്ന മോർമൺ കമ്യൂണിറ്റിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ മൂന്ന് എസ്‌യുവികളിലായി യാത്ര തിരിച്ച കുടുംബമാണ് അപകടത്തിൽപെട്ടത്. സംഭവത്തിനു പിന്നിൽ സിനലോവ കാർട്ടലാണെന്നു ആരോപണം ഉയർന്നിരുന്നു. ശത്രുസംഘമാണെന്നു തെറ്റിദ്ധരിച്ചു കൊലപ്പെടുത്തിയതാകാമെന്ന അഭ്യൂഹങ്ങളും ഉയർന്നു.

സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ മെക്സിക്കൻ ‍മാഫിയ സംഘങ്ങൾക്ക് തങ്ങളുടെ സ്ഥാപനം വഴി ഏതെങ്കിലും തരത്തിൽ സാമ്പത്തിക സഹായം എത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നു യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന് ട്രംപ് നിർദേശം നൽകിക്കഴിഞ്ഞു. നിരോധിത സംഘടനകൾക്കു ഏതെങ്കിലും തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുന്നതും ബന്ധം പുലർത്തുന്നതും യുഎസ് നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണ്. മെക്സിക്കൻ ഭരണകൂടം തയാറാണെങ്കിൽ ലഹരിമരുന്നു മാഫിയകളെ മെക്സിക്കൻ മണ്ണിൽ നിന്ന് തുടച്ചു നീക്കാൻ താൻ തയാറാണെന്നും ട്രംപ് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.

ലഹരിമരുന്നു മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും വ്യക്തത വരുത്തിയ ശേഷം  മാത്രം പ്രതികരിക്കാമെന്നുമാണു മെക്സിക്കൻ ഭരണകൂടത്തിന്റെ നിലപാട്. ലഹരിമരുന്ന് സംഘത്തിന് പണവും ആയുധങ്ങളും ലഭിക്കുന്നതു തടയാനുള്ള സംയുക്ത ശ്രമത്തെപ്പറ്റിയും ചർച്ച ചെയ്യും. യുഎസ് നിയമ പ്രകാരം, ഒരു സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ചാൽ അതുമായി ബന്ധപ്പെട്ടവർക്ക് പിന്തുണ നൽകുന്നത് നിയമവിരുദ്ധമാകും. സംഘത്തിൽപ്പെട്ടവർക്ക് മെക്സിക്കോയിലേക്കു പ്രവേശനം ഉണ്ടാകില്ല. അഥവാ വന്നാൽത്തന്നെ നാടുകടത്തുകയും ചെയ്യും.

ഐഎസ് ഭീകരരേക്കാൾ വിനാശികാരികളാണ് മെക്സിക്കോയിലെ ലഹരിക്കടത്ത് മാഫിയയെന്ന യുഎസ് ഭരണകൂടത്തിന്റ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തു വിട്ട കണക്കുകൾ പറയുന്നത്.  2014 ൽ 9000 പൗരൻമാരെയാണ് ഐഎസ് ഇറാഖിൽ  മാത്രം കൊന്നുതള്ളിയത്. 17,386 പേർക്ക് ഗുരുതരമായി പരുക്കേറ്റു. സിറിയയിലും ആയിരക്കണക്കിനാളുകളെ ഐഎസ് ഭീകരർ കൊലപ്പെടുത്തി. എന്നാൽ 2013ൽ മാത്രം മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ കൊന്നുതള്ളിയത് 16,000ത്തോളം നിരപരാധികളെയാണ് യുഎൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 60,000 പേരാണ് ലഹരിമാഫിയകളുടെ കുടിപ്പകയിൽ ജീവിതം ഹോമിക്കപ്പെട്ടത്. ഒരോ അരമണിക്കൂറിലും മെക്സിക്കോയിൽ ഒരാൾ വീതം കൊല്ലപ്പെടുന്നുവെന്നു മെക്സിക്കൻ ഭരണകൂടം തന്നെ സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ത്രീകളെ  ബലാത്സംഗത്തിനിരയാക്കിയും എതിർക്കുന്നവരെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നും കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ആളുകളിൽ ഭീതിപടർത്തുന്ന ഐഎസ് ഭീകരരുടെ മറ്റൊരു പതിപ്പാണ് മെക്സിക്കോയിലെ ലഹരിക്കടത്തു മാഫിയയെന്നും യുഎസ് ആരോപിക്കുന്നു. 

us-mexico
മെക്സിക്കോ-അരിസോണ അതിർത്തിയിൽ കൊല്ലപ്പെട്ടവർ

യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നതിനു െതാട്ടുമുൻപായിരുന്നു കൊടുംകുറ്റവാളി വാക്വീൻ ഗുസ്മാനെ മെക്സിക്കോ യുഎസിനു വിട്ടുകൊടുത്തത്. അന്നത്തെ മെക്സിക്കോ പ്രസിഡന്റ് എൻറീക് പെന നിയെറ്റോ, ഗുസ്മാനെ യുഎസിനു വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലായിരുന്നെങ്കിലും ജയിൽചാട്ടം തുടർക്കഥയായപ്പോൾ തീരുമാനം മാറ്റുകയായിരുന്നു.

പ്രസിഡന്റ് പദവി ഒഴിയുന്ന ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രംപുമായി സമാധാനത്തിൽ പുലരാനുള്ള പ്രതീകാത്മക നീക്കവുമായിരുന്നു അത്. വാക്വീൻ ഗുസ്മാൻ പിടിയിലായതോടെ മെക്സിക്കൻ– യുഎസ് അതിർത്തിയിൽ സമാധാനം പുലരുമെന്നും ട്രംപും കണക്കുകൂട്ടി. എന്നാല്‍ ഗുസ്മാന്റെ അറസ്റ്റോടെ സിനലോവ കാർട്ടലിനു ചരമഗീതം എഴുതാമെന്ന മെക്സിക്കൻ ഭരണകൂടത്തിന്റെയും യുഎസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതാണ് പിന്നീട് കണ്ടത്. ഹോസെ റോഡ്രിഗോ ഏരെചിക, ക്ലോഡിയ ഓച്ചോവ ഫെലിക്സ്, എന്നിവരിലൂടെ സിനലോവ കാർട്ടൽ വളർന്നു. ഏരെചികയെ യുഎസ് പിടികൂടി, ക്ലോഡിയ ഓച്ചോവ ഫെലിക്സ് ദുരൂഹ സാഹചര്യത്തിൽ സെപ്തംബറിൽ െകാല്ലപ്പെട്ടു. 

ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്‌മാൻ ലോപ്പസ് സിനലോവ കാർട്ടലിന്റെ അമരത്തെത്തിയതോടെ ഗുസ്മാന്റെ കാലത്തെന്ന പോലെ സിനലോവ ശക്തിയാർജിക്കാൻ തുടങ്ങി. ഒക്ടോബറിൽ ഒവിഡിയോ ഗുസ്‌മാൻ ലോപ്പസിനെ പിടികൂടാൻ കഴിഞ്ഞ ഒക്ടോബറിൽ മെക്സിക്കൻ ഭരണകൂടവും യുഎസും നടത്തിയ ശ്രമങ്ങൾ അവർക്കു തന്നെ നാണക്കേട് ഉണ്ടാക്കുകയും ചെയ്തു. മാഫിയ സംഘം നേരിട്ടെത്തി ഒവിഡിയോയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.

culiacan-mexico
കൂലിയകാൻ നഗരത്തിൽ സിനലോവ കാർട്ടലിന്റെ കൂലിപട്ടാളം നടത്തിയ ആക്രമണം

അന്നു വടക്കു പടിഞ്ഞാറൻ മെക്സിക്കോയിലെ കുലിയാകാൻ നഗരം അക്ഷരാർഥത്തിൽ നിന്നു കത്തി. മെക്സിക്കോയുടെ പൊലീസും സൈന്യവും നിസ്സഹായരായി നിൽക്കെ, ഗുസ്മാന്റെ ലഹരി മാഫിയാ സംഘം നഗരത്തിലങ്ങോളമിങ്ങോളം ഓട്ടമാറ്റിക് തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ പാഞ്ഞുനടന്ന് തുരുതുരാ നിറയൊഴിച്ചു. പൊലീസ് വണ്ടികളടക്കം കത്തിച്ചു. പൊലീസ് പോസ്റ്റുകൾ ആക്രമിക്കുകയും ഗതാഗതസ്തംഭനം സൃഷ്ടിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ പൊലീസ് തന്നെ ഒവിഡിയോയെ മോചിപ്പിച്ചു. 

കൊലക്കളമായി മാറിയ കുലിയകാൻ നഗരം ശാന്തമാക്കാൻ 400 ഓളം പട്ടാളക്കാരെ നിയോഗിച്ചിട്ടും സ്ഥിതിഗതികളിൽ ‍മാറ്റമുണ്ടായില്ല. യുഎസ് ൈസന്യം ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രത്തോക്കുകൾ ഉപയോഗിച്ചാണ് സിനലോവ കാർട്ടൽ സൈന്യത്തിനു നേരേ നിറയൊഴിച്ചത്. മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ഹലീസ്കോയിലെ പ്രമുഖ നഗരമായ ഗ്വാഡലഹാരയിലെ കിണറ്റിൽ നിന്നു 44 മൃതദേഹങ്ങൾ സെപ്റ്റംബറിൽ കണ്ടെടുത്തിനു പിന്നിലും സിനലോവ കാർട്ടലായിരുന്നു.

emma-coronel-aispuro-ovidio-guzman-lopez
വാക്വീൻ ഗുസ്മാന്റെ നാലാം ഭാര്യ എമ്മ കോർണൽ, (ഇടത്), ഒവിഡിയോ ഗുസ്‌മാൻ

മെക്സിക്കൻ ഭരണകൂടത്തിന് എല്ലാ പിന്തുണ നൽകിയിട്ടും ലഹരിമരുന്നു കടത്ത് സംഘത്തെ നിലയ്ക്കു നിർത്താൻ സാധിക്കാത്ത സാഹചര്യത്തിൽ നേരിട്ടു കളത്തിലിറങ്ങാനാണ് യുഎസ് തീരുമാനം. ഇതിന്റെ ആദ്യപടിയാണ് മെക്സിക്കൻ ലഹരിമരുന്നു കടത്ത് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.

English Summary: Trump Says U.S. Will Designate Drug Cartels in Mexico as Terrorist Groups

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com