ADVERTISEMENT

ബെംഗളൂരു∙ കര്‍ണാടകയില്‍ രാഷ്ട്രീയ നേതാക്കളെയും വമ്പൻ വ്യവസായികളെയും ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മൂന്നു വർഷമായി ബെംഗളൂരുവിൽ വിലസുന്ന ഇവർ കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ കണ്ണിൽ പെടുന്നത്. ഉത്തര കർണാടകയിലെ ഒരു എംഎൽഎയുടെ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് എട്ടംഗ സംഘത്തിന്റെ അറസ്റ്റിലേക്ക് എത്തിയത്. 

എംഎൽഎയുടെ ലൈംഗിക സംഭാഷണങ്ങൾ അടങ്ങിയ ടേപ് പുറത്തുവന്നിരുന്നു. അറസ്റ്റു ചെയ്തവരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ആരാണെന്നുള്ള തിരച്ചിലിലാണ് പൊലീസ്. ദേശീയ മാധ്യമത്തിന്റ റിപ്പോർട്ട് പ്രകാരം അറസ്റ്റു ചെയ്തവരിൽ രണ്ടു പേർ സ്ത്രീകളാണ്. കോടികൾ തട്ടാനായി ഇനിയും ‘പ്രശസ്തരെ’ നോട്ടമിട്ടിരിക്കുന്നതിനിടയിലാണ് അറസ്റ്റെന്നാണു വിവരം. 

ബെംഗളൂരുവിനു പുറത്തുള്ള രാഷ്ട്രീയക്കാരാണു സംഘത്തിന്റെ സ്ഥിരം ഇരകൾ. ഒരു വ്യക്തിയെ ലക്ഷ്യം വച്ചതിനു ശേഷം പടിപടിയായാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഇയാളെ വശീകരിച്ചു വരുതിയിലാക്കാൻ ഒരു യുവതിയെ നിയോഗിക്കും. കെണിയിൽ വീണെന്ന് ഉറപ്പായ ശേഷം നേതാവിന്റെ വിദേശ യാത്രകളിലും മറ്റും യുവതി പങ്കാളിയാകും. പിന്നീട് ഗെസ്റ്റ് ഹൗസുകളിലേക്കും നക്ഷത്ര ഹോട്ടലുകളിലേക്കും ക്ഷണിക്കും. അവിടെ മാഫിയ സംഘത്തിലുള്ളവർ രഹസ്യക്യാമറകൾ ഘടിപ്പിച്ചിരിക്കും.

യുവതിയുമൊത്തുള്ള രഹസ്യനിമിഷങ്ങൾ ക്യാമറയിൽ പകർത്തും. ശേഷം സംഘം ഈ ദൃശ്യങ്ങൾ വിഡിയോയില്‍ കുടുക്കിയ നേതാവിന് അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. ലക്ഷങ്ങളും കോടികളുമാകും ആവശ്യപ്പെടുക. പണം നൽകിയില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിലും മറ്റും പ്രദർശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തും. 

25 കോടി രൂപ ആവശ്യപ്പെട്ട് ഒരു യുവതി വിളിച്ചെന്ന രാഷ്ട്രീയ നേതാവിന്റെ പരാതിയിൽ നിന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നവംബർ 26 നാണ് എട്ടംഗ സംഘം പൊലീസ് പിടിയിലാകുന്നത്. തുടർന്നു ലഭിച്ച ഫോൺ സന്ദേശങ്ങൾ പിന്തുടർന്നാണ് പൊലീസ് അന്വഷണം നടത്തിയത്. സംഘത്തിലെ ചിലയാളുകളുമായി പൊലീസ് സംസാരിച്ചു. മൊബൈൽ സംഭാഷണങ്ങൾ വഴി നടത്തിയ അന്വേഷണം ചെന്നെത്തിയത് വാർതൂരിൽ അഞ്ചു പേരുടെ അറസ്റ്റില്‍. എത്ര പേർക്കു പണം നഷ്ടപ്പെട്ടുവെന്നോ എത്ര നഷ്ടപ്പെട്ടുവെന്നോ അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിന് ഉന്നത ബന്ധങ്ങൾ ഉണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

നേരത്തേ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എ‌ന്നിവിടങ്ങളിലെ പെൺകെണി വലകളുടെ വ്യക്തമായ ചിത്രം പുറത്തുവന്നിരുന്നു. മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി, മുൻ ഗവർണർ, 8 മന്ത്രിമാർ, ഒരു ഡസനോളം ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ചു പണം തട്ടാൻ ശ്രമിച്ചതിന്റെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടതിനു പിന്നാലെയാണ് ബെംഗളൂരുവിലും സമാന രീതിയിലുള്ള ഓപറേഷനുകൾ നടക്കുന്നതായി കണ്ടെത്തൽ. രാജ്യത്തെ ഏറ്റവും വലിയ ഹണിട്രാപ് തട്ടിപ്പാണ് മധ്യപ്രദേശിൽ നടന്നതെന്നാണ്  അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

English Summary : Bengaluru honey trap: Police bust massive sex racket targeting politicians with extortion calls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com