ADVERTISEMENT

തിരുവനന്തപുരം ∙ ‘മൂന്നു വർഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണു സ്വസ്ഥമായി ഞാനൊന്നുറങ്ങിയത്...’ മണക്കാട് സ്വദേശിനി ബിന്ദുവിന്റെ ഈ വാക്കുകളിലുണ്ട് ഇത്രയും കാലം അനുഭവിച്ച മാനസിക സംഘർഷത്തിന്റെ വ്യാപ്തി. കഴിഞ്ഞ ദിവസം എന്‍ഐഎ കൈമാറിയ, അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ചിത്രത്തില്‍നിന്ന് മകളെയും മരുമകനെയും പേരക്കുട്ടിയെയും ഈ അമ്മ തിരിച്ചറിയുകയും ചെയ്തിരുന്നു.

2016 ജൂലൈയിലാണ് നിമിഷ(ഫാത്തിമ)യുമായി ബന്ധപ്പെട്ട വിവാദം ആദ്യം മാധ്യമങ്ങളിലൂടെ പുറത്തെത്തുന്നത്. തന്റെ മകൾ നിമിഷയെ കാണാനില്ലെന്നും ഭർത്താവിനൊപ്പം ഭീകരസംഘടനയിൽ ചേർന്നതായി സംശയിക്കുന്നുവെന്നുമുള്ള ബിന്ദുവിന്റെ പരാതിയോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരാതി നൽകിയത് അവർ ഗൗരവത്തിലെടുക്കാതെ അവഗണിച്ചെന്നും ബിന്ദു പരാതിപ്പെട്ടു.

പാലക്കാട് യാക്കര സ്വദേശി ബെക്‌സണുമായി (ഇസ) വിവാഹം കഴിഞ്ഞശേഷം നിമിഷയും ഭർത്താവും ശ്രീലങ്കയിലേക്കു പോയതായി അറിയാമെന്നും പിന്നീട് ഒരു ബന്ധവുമില്ലെന്നുമാണു ബിന്ദു പരാതിയിൽ വ്യക്തമാക്കിയത്. ബിഡിഎസിനു പഠിക്കുമ്പോഴാണ് ഇസയുമായി നിമിഷ പരിചയത്തിലായത്. പിന്നീട് ഇയാൾ നിമിഷയെ വിവാഹം ചെയ്തു. നിമിഷ പാലക്കാട്ട് ഉണ്ടെന്നറിഞ്ഞു ബന്ധുക്കൾ അവിടെയെത്തി. എന്നാൽ കൂടെ വരാൻ തയാറായില്ല. തുടർന്നു പൊലീസ് ഇരുവരെയും കസ്‌റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇസയ്ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നു നിമിഷ കോടതിയിൽ പറഞ്ഞു. 18 വയസ്സു തികഞ്ഞ നിമിഷയെ കോടതി ഇസയ്ക്കൊപ്പം വിട്ടു.

നാലുമാസം കഴിഞ്ഞപ്പോൾ നിമിഷയുടെ ഫോൺ വരാൻ തുടങ്ങി. പാലക്കാട്ടാണു താമസമെന്നും വന്നാൽ കാണാമെന്നും പറഞ്ഞു. ബിന്ദു അവിടെപ്പോയി അവളെ കണ്ടു. ഇസയുടെ വീട്ടുകാരോടും സംസാരിച്ചു. അപ്പോഴും മകൾ കൂടെവരാൻ തയാറായില്ല. ഇതിനിടെ മകൾ ഗർഭിണിയായി. തുടർന്നു നിമിഷ വീട്ടിലേക്കു വന്നു. മൂന്നുമണിക്കൂർ ചെലവഴിച്ചതിനുശേഷം തിരിച്ചുപോയി. മൂന്നു ദിവസം കഴിഞ്ഞ് ഒരു ഫോൺ വന്നു. തങ്ങൾ ശ്രീലങ്കയിലേക്കു പോകുകയാണെന്നും ഇനി ചിലപ്പോൾ വിളിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. പിന്നീട് വാട്‌സാപ് വഴി മാത്രമാണു ബന്ധപ്പെട്ടിരുന്നത്. ഇസയുടെ വീട്ടുകാർക്കും അവരെക്കുറിച്ചു വിവരമൊന്നും ഇല്ലായിരുന്നു– ജൂലൈയിലെ ബിന്ദുവിന്റെ പരാതിയിൽ പറയുന്നു.

അതിനിടെ, മതംമാറി അഫ്ഗാനിസ്ഥാനിലേക്കു പോയ മകളെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയിൽ ഹർജി നൽകി. നിമിഷ (ഫാത്തിമ), ഇസ, ഇവരുടെ കുഞ്ഞ് എന്നിവർ അഫ്ഗാനിൽ ഐഎസ് ഭീകരരുടെ തടവിലാണെന്നായിരുന്നു ഹർജിയിലെ ആരോപണം. അഫ്ഗാനിലുള്ള നിമിഷയെ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതിനാൽ രക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പാലക്കാട്, കാസർകോട് എന്നിവിടങ്ങളില്‍ നിന്ന് 2016 ജൂണിൽ കാണാതായ 22 മലയാളികളിൽ ഇസയും നിമിഷ(ഫാത്തിമ)യും ഉൾപ്പെട്ടിരുന്നെന്ന സംശയം ആ സമയത്തു ബലപ്പെട്ടിരുന്നു. ഇവർ പിന്നീട് അഫ്ഗാനിലെ ഐഎസ് ക്യാംപിലെത്തിയതായും സ്ഥിരീകരിക്കപ്പെട്ടു.

2017 ഒക്ടോബറിൽ ബിന്ദു സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്തെ നിർബന്ധിത മതപരിവർത്തനങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്നായിരുന്നു ഹർജി. ഹാദിയ കേസ് വിവാദമായ സമയത്തായിരുന്നു സുപ്രീകോടതിയിൽ ബിന്ദുവിന്റെ ഹർജിയെത്തുന്നത്.

കേസ് മുന്നോട്ടു പോകുന്നതിനിടെ, നിമിഷ(ഫാത്തിമ)യെ തിരിച്ചെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് 2018 മാർച്ചിൽ ബിന്ദു അന്നത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹാൻസ്‍രാജ് ആഹിറിനു നിവേദനം നൽകി. ‌നിമിഷ(ഫാത്തിമ)യെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. കേരളത്തിൽനിന്നു കാണാതായ 22 പേരെക്കുറിച്ച് എൻഐഎ അന്വേഷണം പുരോഗമിക്കുന്ന സമയം കൂടിയായിരുന്നു അത്.

അതിനിടെ 2018 ജൂണിൽ നിമിഷ(ഫാത്തിമ)യുടെ സന്ദേശങ്ങൾ ബിന്ദുവിനു ലഭിക്കാൻ തുടങ്ങി. ‘അമ്മ, ചിന്നു ഹിയർ’ എന്നായിരുന്നു ആദ്യത്തെ മെസേജ്. പിന്നീട് നവംബർ 26 വരെ തുടർച്ചയായി സന്ദേശങ്ങളും വോയിസ് മെസേജുകളും കൊച്ചുമകളുടെ ചിത്രങ്ങളുമെല്ലാം അയച്ചിരുന്നുവെന്നും ബിന്ദു പറയുന്നു. പിന്നീടു സന്ദേശങ്ങളൊന്നും ലഭിച്ചില്ല.

ആ സമയത്താണ് ശ്രീലങ്കയിലെ പള്ളികളിൽ സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരരിൽ ചിലർക്കു പരിശീലനം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന റിപ്പോർട്ടുകളുമെത്തി. ഐഎസിലേക്ക് ഇസയെയും നിമിഷ(ഫാത്തിമ)യെയും ഉൾപ്പെടെ റിക്രൂട്ട് ചെയ്യുന്നതിനു പിന്നിൽ പ്രവർത്തിച്ച കാസർകോട് സ്വദേശി അബ്ദുൽ റാഷിദ് കൊല്ലപ്പെട്ടെന്ന വാർത്ത വന്നതും ആ സമയത്താണ്.

എന്നാൽ ടെലഗ്രാമിൽ ഇയാളുടേത് ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ ആക്ടീവായിരിക്കുന്ന വിവരം എൻഐഎ ഉദ്യോഗസ്ഥരെ ബിന്ദു അറിയിച്ചിരുന്നു. മകളുടെ യാതൊരു വിവരവും ലഭിക്കാതെ മാസങ്ങൾ പിന്നിട്ടതിനു ശേഷം കഴിഞ്ഞ ദിവസമാണ് എൻഐഎ ഉദ്യോഗസ്ഥർ ഏതാനും ചിത്രങ്ങൾ ബിന്ദുവിന് അയച്ചുകൊടുക്കുന്നത്. കാബൂളിൽ കീഴടങ്ങിയ ഐഎസ് ഭീകരരുടേതായിരുന്നു അത്. കൂട്ടത്തിൽ ഇസയെയും കൊച്ചുമകളെയും ബിന്ദു തിരിച്ചറിഞ്ഞു. മുഖാവരണം ധരിച്ച വനിതകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അതിൽ ഒരു വനിതയുടെ മടിയിലായിരുന്നു കൊച്ചുമകൾ. മുഖാവരണം ധരിച്ചതു തന്റെ മകളാണെന്ന് ബിന്ദു ഉറച്ചു വിശ്വസിക്കുന്നു. ഇസയുടെ മാതാവ് ഗ്രേസിക്കും ഫോട്ടോകൾ അയച്ചിരുന്നു. അവരും മകനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

English Summary: Keralite woman recognises son-in-law and grand daughter from among those who surrendered at Kabul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com