ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാനയിൽ മൃഗഡോക്ടറായ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ‍‍ഡ്രൈവർ ഉൾപ്പെടെ നാലു പേരെയാണ്  കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്തവർ ലോറി ഡ്രൈവർമാരും ക്ലീനർമാരുമാണ്.

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്  ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഡോക്ടറെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണു പൊലീസ് കരുതുന്നത്.

ഷംഷാബാദിലെ ടോൾ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയിൽ 7.30നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞിരുന്നു. തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായ മൃതദേഹത്തിൽ നിന്നു ലഭിച്ച ഗണപതിയുടെ ലോക്കറ്റാണു തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്.

ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്‌നഗറിലെ വീട്ടിൽനിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിനു സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ടോൾ ബുത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ യുവതിയുടെ ബൈക്ക് പാർക്കു ചെയ്തിരിക്കുന്നതും കാണാം. 

രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയര്‍ പഞ്ചറായ നിലയിലാണ് കാണുന്നത്. രാത്രി 9.15ന് സഹോദരിയുമായി യുവതി ഫോണിൽ സംസാരിച്ചിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്നു സമീപത്തുള്ള ഒരാൾ പറയുന്നതു ഫോൺ സംഭാഷണത്തിൽ കേട്ടിരുന്നുവെന്ന് സഹോദരി മൊഴി നൽകി. സമീപത്തു നിർത്തിയിട്ടിരിക്കുന്ന ലോഡ് നിറച്ച ട്രക്കുകളും അപരിചിതരായ പുരുഷൻമാരും തന്നെ ഭയപ്പെടുത്തുന്നെന്നും യുവതി സഹോദരിയോട് പറഞ്ഞു. 

അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ യുവതിയെ സഹോദരി ഉപദേശിച്ചു. അപരിചിതമായ സ്ഥലത്തു തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 

എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോൾ ബൂത്തിൽ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഹോദരി ഉടനെ വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് പരാതി നൽകാനായി ആർജിഐഎ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

പുലർച്ചെ നാലോടെയാണ് കോൺസ്റ്റബിൾമാരെ അയച്ച് അന്വേഷണം തുടങ്ങിയതെന്നും പൊലീസ് കൃത്യസമയത്ത് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു. തന്റെ മകളുടെ ഘാതകരെ പൊതുജന മധ്യത്തിൽ ജീവനോടെ ചുട്ടുകരിക്കണമെന്ന് യുവതിയുടെ അമ്മ രോഷം കൊണ്ടു. 

വ്യാഴാഴ്ച രാവിലെ യുവതി വാഹനം പാർക്കു ചെയ്ത ടോൾ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാൻഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി. 9.30 നും 10നും ഇടയിൽ ഒരു ചെറുപ്പക്കാരൻ ബൈക്ക് നന്നാക്കാനായി കൊണ്ടുവന്നെന്ന് അടുത്തുള്ള വർക്‌ഷോപ് ഉടമ സാക്ഷ്യപ്പെടുത്തി. 

English Summary : Telangana veterinary doctor rape murder: four detained in Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com