ADVERTISEMENT

റാഞ്ചി∙ ജാർഖണ്ഡിൽ വലിയ ഭൂരിപക്ഷത്തോടെ മഹാസഖ്യം അധികാരത്തിലെത്തുമെന്നു ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ. രാജ്യത്തു ജനാധിപത്യവും ഭരണഘടനയും ഇല്ലാതായി. ബിജെപിയുടെ ഹിന്ദുത്വ അജൻഡ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിയായ ഹേമന്ത് സോറൻ റാഞ്ചിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. 

അവസാന പോരാട്ടത്തിനു സജ്ജരാണെന്നും ബിജെപി സർക്കാരിന്റെ ആദ്യ ദിവസത്തെ പ്രവർത്തനം മുതൽ തന്നെ ജാർഖണ്ഡിലെ ജനങ്ങൾ അസംതൃപ്തരാണെന്നും ഹേമന്ത് സോറൻ പറഞ്ഞു. സർക്കാർ തന്നെ ജനങ്ങൾക്കു നേരേ അക്രമം അഴിച്ചു വിടുന്ന സാഹചര്യമാണു നിലവിൽ ഉള്ളത്. കർഷകരുടെ ആത്മഹത്യ, തൊഴിലില്ലായ്മ, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ എന്നിവയെല്ലാം സംസ്ഥാനത്തു വൻതോതിൽ വർധിച്ചു.

hemant-soren-interview
ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ

തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നു പൂർണ ആത്മവിശ്വാസം ഉണ്ട്. ഭരണഘടനയുടെ 370–ാം അനുച്ഛേദം പിൻവലിക്കൽ, അയോധ്യവിധി എന്നിവ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ബിജെപിയുടെ ഹിന്ദുത്വ അജൻഡ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹരിയാന–മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ഫലങ്ങൾ ഇതിനു തെളിവാണ്. ഓരോ പാവപ്പെട്ട മനുഷ്യനും രാമനാണ്. അവന്റെ കുടിലാണ് അയോധ്യ. അവന്റെ വിശക്കുന്ന വയറാണ് രാമക്ഷേത്രം, ഇതാണെന്റെ കാഴ്ചപ്പാടെന്നും സോറൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ അർധരാത്രിയിൽ നടന്ന സംഭവങ്ങൾ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്നും രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും ഇല്ലാതായിരിക്കുന്നുവെന്നതു ദുഃഖകരമാണെന്നും സോറൻ പറഞ്ഞു. ജാർഖണ്ഡിലെ എൻഡിഎ സഖ്യത്തിനുള്ളിൽ ഐക്യമില്ല. സഖ്യകക്ഷികൾ പരസ്പരം മത്സരിക്കുന്നു, വലിയ ഭൂരിപക്ഷത്തോടെ മഹാസഖ്യം സർക്കാരുണ്ടാക്കുമെന്നും സോറൻ പറഞ്ഞു.

English Summary: Jharkhand assembly elections:Interview with JMM chief Hemant Soren

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com