ADVERTISEMENT

ഹൈദരാബാദ്∙ വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. ഒരു മണിക്കൂറിനുള്ളിലാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈകിട്ട് 6.15-നാണ് വനിതാ ഡോക്ടര്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത്. തുടര്‍ന്ന് രാത്രി 9 മണിക്കാണ് അവര്‍ തിരിച്ചെത്തിയത്. ഇതിനിടെ ഇവരെ കുടുക്കാന്‍ തീരുമാനിച്ച പ്രതികൾ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയിരുന്നു.ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ശിവ ഇവരെ സമീപിച്ചു. വിശ്വാസം ആര്‍ജിക്കാനായി സ്‌കൂട്ടര്‍ കൊണ്ടുപോയ ശേഷം കട അടച്ചെന്നു പറഞ്ഞു തിരിച്ചെത്തി. ഈ സമയത്താണ് ഡോക്ടര്‍ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞത്.

നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ ഇവരെ അടുത്തുള്ള വളപ്പിലേക്കു പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 9.45-ന് പ്രതികള്‍ ഡോക്ടറുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. 10.20-ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തില്‍ സൂക്ഷിച്ചു. 10.28-ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്നു പോയി. സ്‌കൂട്ടറില്‍ പോയ ആരിഫും നവീനും നമ്പര്‍ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂര്‍ വില്ലേജില്‍ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേര്‍ ലോറിയിലാണു പോയത്.

രാത്രി ഒരു മണിക്ക് രണ്ടിടത്തുനിന്നു പ്രതികള്‍ പെട്രോള്‍ വാങ്ങാന്‍ ശ്രമിച്ച വിവരവും പൊലീസിനു ലഭിച്ചു. 2.30-ഓടെയാണ് ഡോക്ടറുടെ മൃതദേഹം ഇവര്‍ കത്തിച്ചതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നു ലോറിയിലുണ്ടായിരുന്ന ഇഷ്ടിക അത്താപുരില്‍ ഇറക്കിയ ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. വിശദമായ അന്വേഷണത്തില്‍ പ്രതികളെ കുടുക്കുകയായിരുന്നുവെന്നു പൊലീസ് കമ്മിഷണര്‍ വി.സി. സജ്ജനാര്‍ പറഞ്ഞു.

ഇതിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. സ്റ്റേഷനുകൾ കയറി ഇറങ്ങിയിട്ടും പൊലീസ് സഹായിക്കാൻ തയാറായില്ലെന്നു കുടുംബം ആരോപിച്ചു. ഷംഷാബാദിലെ വീട്ടിൽനിന്ന് ബുധനാഴ്ച വൈകിട്ട് ത്വക്‌രോഗ വിദഗ്ധനെ കാണാൻ പോയ യുവതി രാത്രി 9.22 നു സഹോദരിയെ ഫോണിൽ വിളിച്ച് താൻ ഷംഷാബാദ് ടോൾ ബൂത്തിനു സമീപത്താണെന്നും വാഹനത്തിന്റെ ടയർ പഞ്ചറായെന്നും അറിയിച്ചു. ഒരാൾ സഹായം വാഗ്ദാനം ചെയ്തുവെന്നും സംശയകരമായ സാഹചര്യത്തിൽ ചില ലോറി ഡ്രൈവർമാർ സമീപത്തുണ്ടെന്നു അറിയിക്കുകയും ചെയ്തു. 

പിന്നീട് 9.44 നു സഹോദരി തിരികെ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സമാനരീതിയില്‍ ഷംഷാബാദിൽ കഴിഞ്ഞ ദിവസം മറ്റൊരു കൊലപാതകം കൂടി നടന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും തെലങ്കാന ഡിജിപി മഹേന്ദർ റെഡ്ഡി പറഞ്ഞു. 

English Summary: Telengana Doctor Gang Raped And Murdered Within An Hour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com