ADVERTISEMENT

ഹൈദരാബാദ്∙ രാജ്യത്തെ നടുക്കിയ ബലാത്സംഗ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ ആരോപണവുമായി കൊല്ലപ്പെട്ട വനിത വെറ്ററിനറി ഡോക്ടറുടെ കുടുംബം. സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിക്കാൻ തയാറായില്ലെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം ആരോപിച്ചു. തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ല കൃത്യം നടന്നതെന്നറിയിച്ച് മറ്റു സ്റ്റേഷനുകളിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. 

വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തേഴുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനം കേടായതിനെത്തുടർന്ന് രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിൽ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീൻ, ചന്നകേശവലു എന്നിവർ അറസ്റ്റിലായി.

ഷംഷാബാദിലെ വീട്ടിൽനിന്ന് ബുധനാഴ്ച വൈകിട്ട് ത്വക്‌രോഗ വിദഗ്ധനെ കാണാൻ പോയ യുവതി രാത്രി 9.22 നു സഹോദരിയെ ഫോണിൽ വിളിച്ച് താൻ ഷംഷാബാദ് ടോൾ ബൂത്തിനു സമീപത്താണെന്നും വാഹനത്തിന്റെ ടയർ പഞ്ചറായതായി ഒരാൾ പറഞ്ഞെന്നും അറിയിച്ചു. ഒരാൾ സഹായം വാഗ്ദാനം ചെയ്തുവെന്നും സംശയകരമായ സാഹചര്യത്തിൽ ചില ലോറി ഡ്രൈവർമാർ സമീപത്തുണ്ടെന്നും പറഞ്ഞു. 

പിന്നീട് 9.44 നു സഹോദരി തിരികെ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചത്. എന്നാൽ സംഭവം നടന്നത് സ്റ്റേഷൻ പരിധിയിലല്ലെന്നറിയിച്ച് ആദ്യം സമീപിച്ച സ്റ്റേഷനിൽ നിന്നും പറഞ്ഞയച്ചുവെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു. രാത്രി 10നാണ്  പൊലീസിനെ സമീപിച്ചത്. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. യാതൊരു സഹായവും ലഭിക്കാതെ വന്നതോടെ പുലർച്ചെ 3 മണിയോടെ താൻ ഒറ്റയ്ക്ക് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും പിതാവ് പറഞ്ഞു. 

ടയറിന്റെ കാറ്റഴിച്ചു വിട്ടശേഷം യുവതിക്കു സഹായം വാഗ്ദാനം ചെയ്തതു ശിവയാണെന്നു പൊലീസ് പറഞ്ഞു. നന്നാക്കാനെന്ന രീതിയിൽ ഇയാൾ സ്കൂട്ടർ കൊണ്ടുപോയി. ഈ സമയത്ത് ആരിഫ്, നവീൻ, ചന്നകേശവലു എന്നിവർ യുവതിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. തിരികെയെത്തിയ ശിവയും പീഡനത്തിൽ പങ്കാളിയായി. ശ്വാസംമുട്ടിച്ചു യുവതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ചു മൃതദേഹം കത്തിച്ചു. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. 

English Summary : Sent From One Police Station To Another, Says Telangana Vet's Family

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com