ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷങ്ങളിലെ മുഖ്യപ്രതിയായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ മഹേഷ്കുമാറിനെ ഇനിയും പിടികൂടാനാകാതെ പൊലീസ്. എന്നാല്‍ ഒരു ദിവസം വൈകി എസ്എഫ്ഐ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടികളടക്കമുള്ള കെഎസ്‌യു പ്രവർത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം കോളജ് കത്തിക്കുത്ത് കേസിലെ അവസാനപ്രതിയും കീഴടങ്ങി.

കോളജ് ഹോസ്റ്റലില്‍ കൊലവിളി മുഴക്കിയ ശേഷം കെഎസ്‌യുക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്ത എം.ആര്‍. മഹേഷ് കുമാറാണു സംഘര്‍ഷങ്ങളിലെ മുഖ്യപ്രതി. നാലു ദിവസം പലയിടങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. തലസ്ഥാനത്തെ ഏതെങ്കിലും സിപിഎം കേന്ദ്രത്തിൽത്തന്നെ ഒളിവിലുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു.

കെഎസ്‌യുക്കാർ ആക്രമിച്ചെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ചെങ്കിലും ആദ്യം പരാതി നല്‍കാതിരുന്ന എസ്എഫ്ഐ ഇന്നലെ വൈകിട്ടോടെ പരാതിയുമായെത്തി. നാല് വിദ്യാര്‍ഥിനികളടങ്ങിയ എട്ടംഗ കെഎസ്‌യു സംഘം ക്യാംപസിൽ ഫഹദ് എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണു പരാതി. കേസെടുത്തെങ്കിലും കള്ളപ്പരാതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കാരണം, മര്‍ദിച്ചു എന്ന് പറയുന്ന സമയത്ത്, ആരോപണ വിധേയരായ കെഎസ്‌യുക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പൊലീസുകാര്‍ സാക്ഷികളാണ്. മാത്രമല്ല, ഫഹദിനു പരുക്കേല്‍ക്കുന്നത് പിന്നീടു നടന്ന കല്ലേറിലാണെന്നതിനു ദൃശ്യങ്ങളും തെളിവായുണ്ട്. അതിനാല്‍ പരാതിയുടെ ആധികാരികത പരിശോധിച്ച ശേഷമേ തുടര്‍നടപടിയുണ്ടാകൂ.

നാല് മാസം മുന്‍പ് കോളജിനുള്ളില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ ഒളിവിലായിരുന്ന ഹൈദര്‍ സുലൈമാനെന്ന പ്രതിയും കീഴടങ്ങി. ഇതോടെ പത്തൊൻപതു പ്രതികളും പിടിയിലായതിനാല്‍ ഈ ആഴ്ച തന്നെ കുറ്റപത്രം നല്‍കും.

English Summary: University college violence, SFI KSU clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com