ADVERTISEMENT

‘മൃഗങ്ങൾ, പുസ്തകങ്ങൾ, കുടുംബം.. ഇതു മൂന്നുമായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ’. തെലങ്കാനയിൽ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറെ കുറിച്ച് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമ്മാവന്റെ വാക്കുകൾ. ‘അവളുടെ ശരീരമാണ് കത്തിക്കരിഞ്ഞ നിലയിൽ കിട്ടിയതെന്ന് വിശ്വസിക്കാൻ ഇനിയും കഴിയുന്നില്ല’. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനാണ് ഇദ്ദേഹം.

‘അവൾ സുന്ദരിയാണ്, ആയിരുന്നു എന്നല്ല, ആണ് എന്നേ എനിക്കു പറയാൻ കഴിയൂ അവളുടെ മരണത്തിനു ശേഷം അന്വേഷണത്തിനു വന്ന ഒരു ഉദ്യോഗസ്ഥൻ എന്റെ പേരു ചോദിച്ചു, എനിക്കു പേരു പോലും പറയാൻ കഴിഞ്ഞില്ല. അത്തരം ഒരു മാനസികാവസ്ഥയിലൂടെയാണ് ഈ കുടുംബം കടന്നുപോകുന്നത്. അവളുടെ അമ്മയെയും സഹോദരിയേയും അശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല. എല്ലാവരും വന്ന് ഞങ്ങളോടു പറയുന്നു നീതി ലഭിക്കുമെന്ന്. എന്തു നീതിയാണ് ഇനി ലഭിക്കാനുള്ളത്? ഞങ്ങളുടെ മകളുടെ ചിരിച്ച മുഖം ഇനി കാണാനാകുമോ? നിർഭയയ്ക്കു ശേഷവും രാജ്യത്ത് ഒന്നും മാറിയിട്ടില്ല. അതാണ് ഈ രാജ്യത്തിന്റെ ദുരന്തവും’– വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

‘മൃഗങ്ങളെ ചെറുപ്പം മുതലേ വലിയ ഇഷ്ടമായിരുന്നു അവൾക്ക്. മുതിർന്നപ്പോഴും അത് തുടർന്നു. അതാണ് മെഡിസിന് കിട്ടിയിട്ടും വെറ്ററിനറി ഡോക്ടറാവാൻ പോയത്. തെരുവുനായകളെ പോലും ഭക്ഷണം നൽകി നോക്കിയിരുന്ന പെൺകുഞ്ഞിനെയാണ് ക്രൂരൻമാർ ഇല്ലാതെയാക്കിയത്’. സാധാരണ കർഷക കുടുംബമാണ് പെൺകുട്ടിയുടേത്. പണമെല്ലാം മകളുടെ വിദ്യാഭ്യാസത്തിന് ചെലവഴിച്ച് ഒരു ചെറിയ വീട്ടിലൊതുങ്ങിയാണ് അവർ കഴിഞ്ഞത്. സ്വന്തമായി ഒരു പട്ടിക്കുട്ടിയെ വാങ്ങി വളർത്തണമെന്നായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അതൊരിക്കലും നടന്നില്ലെന്നും അദ്ദേഹം സങ്കടത്തോടെ പറയുന്നു.

പഠനവും വായനയുമായി കഴിഞ്ഞതിനിടയിൽ ചുറ്റുമുള്ള ലോകം ഇത്രയും മോശമായത് അവൾ ശ്രദ്ധിച്ചില്ല, അല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് മറ്റൊരു ബന്ധുവും പറയുന്നു. രാജ്യമാകെ പ്രതിഷേധം ഇരമ്പുമ്പോഴും നഷ്ടപ്പെട്ട മകൾക്ക് ഇനിയെന്തു നീതി കിട്ടാനാണ് എന്നാണ് വീട്ടുകാർ കണ്ണീരോടെ ചോദിക്കുന്നത്.

ജോലി കിട്ടിയതോടെ മൂന്നു വർഷം മുമ്പാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം അവൾ വീടെടുത്തു മാറിയത്. ‘ഞങ്ങളുടെ സമുദായത്തിൽ അവിവാഹിതയായ പെൺകുട്ടി മരിച്ചാൽ സംസ്കാരത്തിനു മുമ്പ് മരവുമായി പ്രതീകാത്മക വിവാഹം നടത്തണം. പക്ഷേ ഞങ്ങൾക്ക് ആ ചടങ്ങുപോലും നടത്താൻ കഴിയില്ലല്ലോ? ഇനി ചെയ്യാനുള്ളത് അവളുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കുക മാത്രമാണ്’ – അമ്മാവൻ പറഞ്ഞു.

ഷംഷാദ് ടോൾ പ്ലാസയിൽ നാട്ടുകാർ മിക്കവരും വണ്ടി പാർക്ക് ചെയ്യുന്നത് പോലെ അവളും വണ്ടി പാർക്ക് ചെയ്ത ശേഷം ടാക്സിയിലോ ബസിലോ ജോലിക്കെത്തും. അന്നും അതു തന്നെയാണ് ചെയ്തത്. എന്നാൽ തിരിച്ചെത്തിയപ്പോൾ വണ്ടി പഞ്ചറായി ഇരിക്കുന്നത് കണ്ടു. തൊട്ടടുത്ത ലോറിയിലെ നാലുപേർ സഹായിക്കാമെന്നു പറഞ്ഞ് അടുത്തുകൂടി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ വ്യാഴാഴ്ച പുലർച്ചെയാണു കത്തിക്കരിഞ്ഞ നിലയിൽ വനിതാ ഡോക്ടറുടെ ശരീരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചതിനു ശേഷം യുവതിയെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയും തുടർന്നു പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നെന്നുമാണ് പൊലീസ് പറഞ്ഞത്.

കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ പലയിടങ്ങളിലും പ്രതിഷേധം കനക്കുകയാണ്. അതിനിടെ, ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ അനാസ്ഥ കാണിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് മൂന്നു പൊലീസുകാരെ സസ്പെൻഡു ചെയ്തു.

English Summary : ‘Is a beautiful person, still can’t say was’: Kin of vet raped, killed in Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com