ADVERTISEMENT

മുംബൈ∙ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ പുകഴ്ത്തിയും വിമർശിച്ചും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഫഡ്നാവിസിൽ നിന്നു നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ഉദ്ധവ് താക്കറെ നിയമസഭയിൽ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ‘ഫഡ്നാവിസ് നല്ലതീരുമാനം എടുത്തിരുന്നെങ്കിൽ ബിജെപി–ശിവസേന ബന്ധം കൂടുതൽ ദൃഢമാകുമായിരുന്നു. പക്ഷേ, താങ്കൾ അതുചെയ്തില്ല.

എന്നാൽ, രാഷ്ട്രീയത്തിനു പുറത്ത് നല്ല സുഹൃത്താണ് താങ്കൾ. ആ സൗഹൃദം എക്കാലവും നിലനിൽക്കും. അതുകൊണ്ടു തന്നെ താങ്കളെ എനിക്ക് പ്രതിപക്ഷ നേതാവെന്ന് വിളിക്കാൻ സാധിക്കില്ല. പക്ഷെ ഞാൻ താങ്കളെ ഉത്തരവാദിത്തമുള്ള നേതാവ് എന്ന് വിളിക്കും’– പുതിയ മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

25 വർഷമായി തങ്ങളൊരുമിച്ചുണ്ട്. ഇങ്ങനെ ഒരു ദിനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും‌‌‌‌‌ ഉദ്ധവ് താക്കറെ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ചുമതലയേറ്റത്. അധികാര തർക്കത്തെ തുടർന്ന് ശിവസേന–ബിജെപി സഖ്യം തകർന്നിരുന്നു. മുഖ്യമന്ത്രി പദം നൽകണമെന്ന സേനയുടെ ആവശ്യം ബിജെപി നിരസിച്ചതോടെയാണ് സഖ്യം പിളർന്നത്. 

എക്കാലവും ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണ് താനെന്നും അതിൽ ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷക്കാലവും ബിജെപിക്കൊപ്പമായിരുന്നു. അപ്പോഴൊന്നും സർക്കാരിനെ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.  ശിവസേന തങ്ങളുടെ ഹിന്ദുത്വ വാദം സോണിയ ഗാന്ധിയുടെ കാൽക്കൽ അടിയറവുവച്ചെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഹിന്ദുത്വ നിലപാട് വ്യക്തമാക്കി കൊണ്ടുള്ള ഉദ്ധവിന്റെ പ്രതികരണം. 

English Summary: "Won't Call You Opposition Leader": Uddhav Thackeray To Devendra Fadnavis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com