ADVERTISEMENT

ന്യൂഡൽഹി ∙ വിമർശനങ്ങളോട് എപ്പോഴും അനുകൂലമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ. ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജിന്റെ പരസ്യവിമർശനം ചൂണ്ടിക്കാട്ടിയായിരുന്നു ലോക്സഭയിൽ ധനമന്ത്രിയുടെ പ്രസ്താവന. രാഹുൽ ബജാജിനോടുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം വിമർശനങ്ങൾക്കു സർക്കാർ ചെവികൊടുക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്നും നിർമല പറഞ്ഞു.

‘അമിത് ഷായാടൊപ്പം ഞാനും വേദിയിൽ ഉണ്ടായിരുന്നു. വിമർശനം കേൾക്കാനും അതിനോടു പ്രതികരിക്കാനുമുള്ള മനോഭാവം സർക്കാരിനുണ്ട്. വിമർശനങ്ങൾ കേൾക്കുന്നത് സന്തോഷമാണെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.’ നിർമല സീതാരാമൻ പറഞ്ഞു. രാഹുൽ ബജാജിന്റെ പ്രസ്താവന രാജ്യതാൽപര്യത്തെ മുറിപ്പെടുത്തുന്നതാണെന്ന് നിർമലാ സീതാരാമൻ തിങ്കളാഴ്ച രാവിലെ ട്വിറ്ററിൽ കുറിച്ചിരുന്നു.

മോദി സർക്കാരിനെ വിമർശിക്കാൻ ഇന്ത്യക്കാർ ഭയപ്പെടുന്നുവെന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ബജാജ് പൊതുവേദിയിൽ പറഞ്ഞത്.തുടരുന്ന ആൾക്കൂട്ടക്കൊലകൾ, ഗോഡ്സെ ദേശസ്നേഹിയാണെന്ന ബിജെപി എംപി പ്ര‍‍ജ്ഞ സിങ് ഠാക്കൂറിന്റെ പ്രസ്താവന, വ്യവസായികൾക്കുള്ള ഭയാശങ്കകൾ തുടങ്ങിയ ഉദാഹരണങ്ങൾ ഒന്നൊന്നായി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരസ്യവിമർശനം.

റിലയൻസ് മേധാവി മുകേഷ് അംബാനി, ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാരമംഗലം ബിർല, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ എന്നിവരും സന്നിഹിതരായിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും ഭീതിയുടെ അന്തരീക്ഷമുണ്ടെങ്കിൽ അതു മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും വിമർശനങ്ങൾ പരിശോധിക്കുമെന്നുമായിരുന്നു രാഹുൽ ബജാജിന് അമിത് ഷായുടെ മറുപടി‍.

English Summary: "We Listen To Criticism": Nirmala Sitharaman After Rahul Bajaj's Remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com