ADVERTISEMENT

കൊളംബോ ∙ ചൈനയ്ക്കു വേണ്ടപ്പെട്ടവനായിരുന്നു മഹിന്ദ രാജപക്സെ. മഹിന്ദയുടെ പത്തു വർഷത്തെ ഭരണത്തിനിടെയാണു ശ്രീലങ്ക ചൈനയോട് അടുക്കാനും ഇന്ത്യയോട് അകലാനുമുള്ള നയത്തിലേക്ക് ചാഞ്ഞുതുടങ്ങിയത്. ചൈനയോടുള്ള രാജപക്സെയുടെ അമിത വിധേയത്വവും പക്ഷപാതിത്വവും ശ്രീലങ്കയെ 3440 കോടി ഡോളറിന്റെ വിദേശ കടത്തിലാണ് എത്തിച്ചത്.

ഹമ്പന്തോഡ മട്ടള രാജപക്സെ രാജ്യാന്തര വിമാനത്താവളം, ഹമ്പന്തോഡ തുറമുഖം ഉൾപ്പെടെ നിരവധി പദ്ധതികൾക്കാണ് ചൈനീസ് വായ്പയുടെ ബലത്തിൽ ലങ്ക തുടക്കമിട്ടത്. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഹമ്പന്തോഡ തുറമുഖം 2017 ലാണ് ശ്രീലങ്ക ചൈനയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിൽ സ്ഥിതി ചെയ്യുന്ന ഹമ്പന്തോഡ തുറുമുഖം കൈമാറുന്നതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായ സിൽക്ക് റോഡ് (പട്ടുപാത) പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ ‘വൺ ബെൽറ്റ്, വൺ റോഡ്’ (ഒരു മേഖല, ഒരു പാത) നിക്ഷേപപദ്ധതി മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൻമേലുളള കടന്നു കയറ്റമാണെന്നും അനാക്കോണ്ട ഇരയെ വിഴുങ്ങുന്നതു പോലെ കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങളെ ചൈന വിഴുങ്ങുമെന്നുമുള്ള യുഎസ് താക്കീത് ഹമ്പന്തോഡയിൽ അക്ഷരംപ്രതി ശരിയാകുകയായിരുന്നുവെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

2017 ൽ, വായ്പ തിരികെയടയ്ക്കാന്‍ ബുദ്ധിമുണ്ടാണെന്നു ചൂണ്ടിക്കാട്ടി അന്നത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയാണ് ഹമ്പന്തോഡ ചൈനയ്ക്കു കൈമാറാനുള്ള പാട്ടക്കരാറില്‍ ഒപ്പിട്ടത്. 99 വർഷത്തേക്കു ഹമ്പന്തോഡയുടെ നിയന്ത്രണം കൈവശം വയ്ക്കാൻ ചൈനയെ അനുവദിക്കുന്നതായിരുന്നു കരാർ.
മഹിന്ദ രാജപക്സെ വിതച്ചത് പിൽക്കാലം െകായ്തെടുക്കുകയായിരുന്നു ശ്രീലങ്ക. 2019 ൽ ഗോട്ടബയ രാജപക്സെ ശ്രീലങ്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുമ്പോൾ നടത്തിയ ആദ്യത്തെ വാഗ്ദാനം ഹമ്പന്തോഡ തുറമുഖം ചൈനയിൽനിന്നു തിരിച്ചെടുക്കുമെന്നായിരുന്നു.

ശ്രീലങ്കയിലെ തിരഞ്ഞെടുപ്പ് ഫലം അവിടത്തെ പൗരാവകാശ വാദികൾക്കും  ന്യൂനപക്ഷ വിഭാഗങ്ങൾക്കും മാത്രമല്ല, ഇന്ത്യയ്ക്കും ഉൽക്കണ്ഠയ്ക്ക് ഇടയാക്കുന്നു. കാരണം, പുതിയ 
പ്രസിഡന്റും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയാകാൻ പോകുന്ന സഹോദരനും കടുത്ത ചൈനീസ് പക്ഷപാതികളാണ്
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ

പാട്ടക്കരാർ അസ്ഥിരപ്പെടുത്തി, ചൈനയ്ക്കു നൽകാനുള്ള കടം തിരികെയടച്ച് തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രീലങ്കയുടെ ശ്രമം അത്തരം എളുപ്പം നടക്കുന്നതല്ലെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരു പരമാധികാര കരാർ എങ്ങനെയാണു പൂർണമായി റദ്ദാക്കാനോ മാറ്റം വരുത്താനോ സാധിക്കുകയെന്ന സംശയവും ഉയരുന്നുണ്ട്.

റനിൽ വിക്രമസിംഗെയുടെ നടപടിയെ ചോദ്യം ചെയ്യുമെന്ന പ്രഖ്യാപനം രാഷ്ട്രീയമായി കൈയടി നേടി. ഹമ്പന്തോഡ തിരികെ പിടിക്കാൻ കഴിഞ്ഞാലും ചൈനയെ അകറ്റിനിർത്തിയുള്ള നടപടികള്‍ രാജപക്സെ സഹോദരൻമാരിൽനിന്ന് ഉണ്ടാകാൻ സാധ്യതയില്ലെന്നു രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നടത്തിയ പ്രഖ്യാപനം ഈ വസ്തുതയിലേക്കു വിരൽ ചൂണ്ടുന്നതാണ്. ‘ഇന്ത്യ, ജപ്പാൻ, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളോട് എനിക്കു പറയാനുള്ളത്, നിങ്ങൾ ശ്രീലങ്കയിൽ നിക്ഷേപം നടത്തൂ. ഇല്ലെങ്കിൽ ചൈനയിൽനിന്ന് ഇനിയും സഹായം അഭ്യർഥിക്കാൻ ശ്രീലങ്ക നിർബന്ധിതമാകും. ഒരു മേഖല, ഒരു പാത പദ്ധതിയിൽ ഏഷ്യൻ രാജ്യങ്ങൾ പങ്കാളികളാകുന്നത് ഒരു ബദൽ സംവിധാനം നിലവിൽ ഇല്ലാത്തതു കൊണ്ടുതന്നെയാണ്. ഹമ്പന്തോഡ തിരിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത തലമുറയോട് ഞങ്ങൾ ചെയ്യുന്ന കടുത്ത ദ്രോഹമാകും അത്. ഭാവി തലമുറ ഞങ്ങളെ പഴിക്കും’ – ഗോട്ടബയ ഒരു ദേശീയ മാധ്യമത്തിനു ഞായറാഴ്ച നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

2014 ൽ ചൈനയുടെ മുങ്ങിക്കപ്പലിനും പടക്കപ്പലിനും കൊളംബോ തുറമുഖത്തടുക്കാനും ഇന്ധനം നിറയ്ക്കാനും മഹിന്ദ രാജപക്സെ അവസരം ഒരുക്കി നൽകിയതിനെതിരെ വൻ പ്രതിഷേധമാണ് ഇന്ത്യ ഉയർത്തിയത്. ഹമ്പന്തോഡ ചൈനയുടെ നിയന്ത്രണത്തിലായതോടെ സമാന സംഭവങ്ങൾ ആവർത്തിക്കാൻ‍ സാധ്യതയുണ്ടെന്ന് ഇന്ത്യ സംശയിക്കുന്നു. അത് അസ്ഥാനത്താണെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിലൂടെ ഗോട്ടബയ. ഗോട്ടബയയ്ക്ക് ഇന്ത്യയെ വേണം, ചൈനയേയും. ആരെയും തുറന്ന് എതിർക്കാതെ വികസനപദ്ധതികളിൽ ഇരുരാജ്യങ്ങളുമായി കൈകോർക്കാനാകും ഗോട്ടബയ ശ്രമിക്കുന്നതെന്നു വേണം കരുതാനെന്നു രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. ഇന്ത്യയുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതോ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതോ ആയതൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറയുമ്പോഴും ചൈനയെ പിണക്കാൻ ഉദ്ദേശിക്കുന്നില്ലെന്നതു വ്യക്തമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. തന്ത്രപ്രധാനവും ദേശസുരക്ഷയെ ബാധിക്കുന്നതുമായി പദ്ധതികളുടെ നിയന്ത്രണം വിദേശരാജ്യങ്ങൾക്കു തീറെഴുതി നൽകില്ലെന്നും ഗോട്ടബയ പറയുന്നു. ഗോട്ടബയ അമിത ചൈന വിരുദ്ധനോ ഇന്ത്യ അനുകൂലിയോ ആകില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

1.1 ബില്യണ്‍ ഡോളറിന്റെ നവീകരണം ചൈന ഇതിനകം തന്നെ ഹമ്പന്തോഡയിൽ നടത്തിക്കഴിഞ്ഞു. വികസ്വര രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ വൻതോതിൽ പണം മുടക്കി വായ്പാ കെണിയിലാക്കിയ ശേഷം, ആസ്തി തന്നെ കൈവശപ്പെടുത്തുന്ന ചൈനയുടെ തന്ത്രം ഹമ്പന്തോഡയിൽ ഫലം കാണുകയായിരുന്നുവെന്നു യുഎസ് കുറ്റപ്പെടുത്തുന്നു. ലോകത്തെങ്ങും തുറമുഖങ്ങള്‍ പണിയാനുള്ള ചൈനയുടെ നടപടിക്കു പിന്നില്‍ മികച്ച കപ്പല്‍ നിര്‍മാതാക്കളോ കടല്‍പാതകളുടെ സംരക്ഷകരോ ആവാനുള്ള ആഗ്രഹമല്ലെന്നും ദേശീയ സുരക്ഷാ താല്‍പര്യങ്ങളാണെന്നും യുഎസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.

ranil-wickramasinghe-sri-lanka
റനിൽ വിക്രമസിംഗെ

ഒരു സാമ്പത്തിക വാഗ്ദാനത്തിനപ്പുറം, ഇര പിടിക്കുന്ന സ്വഭാവത്തോടെയുള്ള വായ്പാ പദ്ധതികളുമായി ചാടിവീഴാനുള്ള ചൈനയുടെ മനോഭാവം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചു ബോധ്യമുണ്ടാകണമെന്നും ലോകത്തുടനീളം ചൈന നിര്‍മിക്കുന്ന അടിസ്ഥാന സൗകര്യ, റോഡ്-റെയിൽ പദ്ധതികളുടെ മറവിൽ ചൈനയുടെ നാവിക സേനയെ വളർത്താനാണു ശ്രമമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഷീ ചിൻപിങിന്റെ സ്വപ്ന പദ്ധതിയിൽ അണിചേരാൻ മറ്റു രാജ്യങ്ങളെ പ്രലോഭിപ്പിക്കുകയും സമ്മർദ്ദത്തിലാക്കുകയുമാണു ചൈന. കോടാനുകോടി ഡോളർ ലോണാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി രാജ്യങ്ങൾക്കു ചൈനയുടെ വാഗ്ദാനം. ചൈനയുടെ നാവികസേനയെ ലോകത്തിന്റെ നെറുകയിൽ വയ്ക്കാൻ നയതന്ത്രപരവും സാമൂഹികവും സൈനികവും സാമ്പത്തികവുമായ ഘടകങ്ങളെ കൂട്ടുപിടിക്കുകയാണെന്നും യുഎസ് ആരോപിച്ചിരുന്നു.

hambanthota-port-srilanka
ഹമ്പന്തോഡ

ഇന്ത്യയും യുഎസും ‘വൺ ബെൽറ്റ്, വൺ റോഡ്’പദ്ധതിയെ അതിശക്തമായി എതിർത്തിരുന്നു. 2017 മേയ് മാസം നടന്ന ആദ്യ ബിആര്‍ഐ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത യുഎസ് രണ്ടാം സമ്മേളനമായപ്പോഴേക്കും നിലപാട് മാറ്റി. ബിആര്‍ഐ സമ്മേളനങ്ങൾ ബഹിഷ്കരിക്കാനുളള ഇന്ത്യയുടെ നീക്കത്തെ ശരിവയ്ക്കുന്നതായിരുന്നു യുഎസിന്റെ നിലപാട് മാറ്റം. ചൈനീസ് വിപണികൾ അടച്ചിട്ട് ലോക വിപണികൾ കീഴടക്കി തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ എത്തിപ്പിടിക്കാനുളള ഷീ ചിൻപിങിന്റെ ശ്രമമാണ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ മറവിലുളള വൻ നിക്ഷേപങ്ങളെന്നായിരുന്നു യുഎസ് ‘വൺ ബെൽറ്റ്, വൺ റോഡ്’പദ്ധതിയെ വിശേഷിപ്പിച്ചത്.

2013 ൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിച്ച വൺ ബെൽറ്റ്, വൺ റോഡ് പദ്ധതി പൗരാണിക വ്യാപാര പാതയായ പട്ടുപാത (സിൽക്ക് റോഡ്) പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ്. മധ്യ, പശ്ചിമ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയിൽവേയും ഊർജനിലയങ്ങളും അടക്കം അടിസ്ഥാന സൗകര്യവികസനത്തിലൂന്നിയ പദ്ധതികളിൽ നിക്ഷേപിക്കുകയാണു ലക്ഷ്യം. ഏഷ്യ–യൂറോപ്പ്–ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ വരുന്നതാണു പട്ടുപാത. പ്രകൃതിവാതക പൈപ്പ് ലൈൻ, എണ്ണ പൈപ്പ് ലൈൻ, റെയിൽപാത, നിർദിഷ്ട സാമ്പത്തിക ഇടനാഴി, ചൈനീസ് നിക്ഷേപമുള്ള തുറമുഖങ്ങൾ, പദ്ധതിയിലുള്ളതോ നിർമാണത്തിലുള്ളതോ ആയവ എന്നിവയാണു ചൈനയുടെ ‘ഒരു പാത, ഒരു പ്രദേശം’പദ്ധതിയിൽ ലക്ഷ്യമിടുന്നത്.

മറ്റ് ഏഷ്യൻ രാജ്യങ്ങളുമായും യൂറോപ്പുമായുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കുകയാണു ചൈനയുടെ ലക്ഷ്യം. ഈ മേഖലയെ ബന്ധിപ്പിച്ചു പുതിയ റോഡുകളും റെയിലുകളും നിർമിക്കും. പുതിയ സമുദ്രപാതകൾക്കും രൂപം നൽകും. പാക്ക് അധീന കശ്മീരിലൂടെ പണിയുന്ന 3,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചൈന–പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയോടാണ് (സിപിഇസി) ഇന്ത്യയുടെ പ്രധാന എതിര്‍പ്പ്.

English Summary: New Sri Lanka government wants to undo Hambanthota lease deal from China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com