ADVERTISEMENT

മുംബൈ∙ ബിജെപി നേതാവും മുൻമന്ത്രിയുമായ പങ്കജ മുണ്ടെയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ വിമത നീക്കമെന്നു സൂചന. തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ബിജെപി നേതാവ് എന്ന വിശേഷണം നീക്കിയ മുണ്ടെ, നിയമസഭാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കുകയോ പാർട്ടിയിൽ ഉയർ‌ന്ന സ്ഥാനം നൽകുകയോ ചെയ്തില്ലെങ്കിൽ ശിവസേനയിലേക്കു പോകുമെന്നു മുന്നറിയിപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാവി പരിപാടികൾ സംബന്ധിച്ച് സൂചന നൽകുന്ന കുറിപ്പ് കഴിഞ്ഞ ദിവസം പങ്കജ മുണ്ടെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.

മറാത്തിയിലുള്ള കുറിപ്പിൽ ഭാവിപരിപാടികൾ സംബന്ധിച്ച അന്തിമപ്രഖ്യാപനം ഡിസംബർ 12ന് നടത്തുമെന്നു പങ്കജ മുണ്ടെ വ്യക്തമാക്കിയിരുന്നു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 12 ന് അനുഭാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. 12 എംഎൽഎമാർക്കൊപ്പം പങ്കജ മുണ്ടെ ബിജെപി വിടുമെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന വാട്സാപ്പ് ഡിപിയും നീക്കം ചെയ്തു.

മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ പാർട്ടി വിടാതിരിക്കാൻ ഏതാനും ഉപാധികളും നേതൃത്വത്തിനു മുന്നിൽ വച്ചിട്ടുണ്ട്. നിയസഭാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കുകയോ പാർട്ടി അധ്യക്ഷയാക്കുകയോ ചെയ്യാത്ത പക്ഷം തനിക്കൊപ്പമുള്ള 12 എംഎൽമാർക്കൊപ്പം ശിവസേനയിൽ ചേരുമെന്നാണ് ഭീഷണി. എൻസിപിയുടെ ധനഞ്ജയ് മുണ്ടെയോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30,000 ത്തോളം വോട്ടുകൾക്കു തോറ്റ പങ്കജ, പ്രമുഖ ബിജെപി നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചതു കൊണ്ടാണ് തോറ്റതെന്ന് ആരോപിച്ചിരുന്നു.

ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ, 182 പേരുടെ പിന്തുണ വൈകാതെ ത്രികക്ഷി സർക്കാരിനു ലഭിക്കുമെന്ന പരമാർശം പങ്കജ മുണ്ടെയുടെ ശിവസേന പ്രവേശനത്തിനു മുന്നോടിയാണെന്നു വാദിക്കുന്നവരുമുണ്ട്. മാറിയ സാഹചര്യത്തിൽ ഭാവിപരിപാടികൾ ആസൂത്രണം ചെയ്യണ്ടതുണ്ടെന്ന പങ്കജയുടെ സമൂഹമാധ്യമ പോസ്റ്റിലെ പരാമർശവും ഇത്തരം സൂചനയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിൽ വന്നാൽ ദേവേന്ദ്ര ഫഡ്‌നാവിസിനു പകരം താൻ മുഖ്യമന്ത്രിയാകുമെന്ന പങ്കജയുടെ പരാമർശം ബിജെപി പ്രവർത്തകർക്കിടയിൽ നീരസം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനയാണ് തന്റെ തോൽവിയിൽ കലാശിച്ചതെന്നു പങ്കജ പറയുന്നു. എന്നാൽ പങ്കജ മുണ്ടെ പാർട്ടി വിടുമെന്ന വാർത്തകൾ ഭാവനാ സൃഷ്ടി മാത്രമാണെന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രതികരിച്ചു.

English Summary: Day after Facebook post on future plans, Pankaja Munde removes BJP from Twitter bio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com