ADVERTISEMENT

ന്യൂഡൽഹി ∙ മോദി സർക്കാരിനെ വിമർശിക്കാൻ ഇന്ത്യക്കാർ ഭയപ്പെടുന്നുവെന്ന ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജിന്റെ പ്രസ്താവന ദേശീയ താൽപര്യത്തെ മുറിപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ‘രാഹുൽ ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരം നൽകിയിട്ടുണ്ട്. ചോദ്യങ്ങളും വിമർശനങ്ങളും കേൾക്കുകയും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ഒരാളുടെ തോന്നലുകൾ പ്രചരിപ്പിക്കുന്നതിനേക്കാൾ ഉത്തരം തേടുന്നതാണ് മികച്ച മാർഗ്ഗം. അല്ലാത്തപക്ഷം അത് ദേശീയ താൽപര്യത്തെ ബാധിക്കും’– ധനമന്ത്രി ട്വീറ്റ് ചെയ്തു. 

സർക്കാരിനെതിരെ സംസാരിക്കാൻ ജനങ്ങൾ ഭയക്കുകയാണെന്ന് മുംബൈയിൽ അമിത് ഷാ പങ്കെടുത്ത ഒരു ചടങ്ങിൽ രാഹുൽ ബജാജ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായി, ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഷാ പറഞ്ഞു. ‘സർക്കാരിനെ മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്. അത്തരമൊരു അന്തരീക്ഷമുണ്ടെന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിൽ, അത് മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്’– അദ്ദേഹം പറഞ്ഞു. 

രാഹുൽ ബജാജിന്റെ പ്രസ്താവനയ്ക്കു പിന്നാലെ, അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് മുതിർന്ന മന്ത്രിമാർ അഭിപ്രായപ്പെട്ടു. ‘രാഹുൽ ബജാജിന് അമിത് ഷായുടെ മുഖത്തു നോക്കി സംസാരിക്കാനും സ്വതന്ത്രമായി ആശയം പ്രകടിപ്പിക്കാനും മറ്റുള്ളവരെ തന്നോടൊപ്പം ചേരാൻ പ്രേരിപ്പിക്കാനും കഴിയുന്നത് അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഇന്ത്യയിൽ സജീവമാണെന്നതിന്റെ സൂചനയാണ്,– ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. 

English Summary: Bajaj criticism can hurt national interest: Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com