sections
MORE

അഭിജിത്തിനോടും ശ്രീലക്ഷ്മിയോടും മാത്രമല്ല അനാസ്ഥ; ബെംഗളൂരു സംഭവം ഒറ്റപ്പെട്ടതുമല്ല

bengaluru-murder-srilakshmi-abhijith
അഭിജിത്, ശ്രീലക്ഷ്മി (Representative Image)
SHARE

ബെംഗളൂരുവിലേക്ക് എത്തിയ ഒരു മലയാളി പെൺകുട്ടി ഫ്ലാറ്റിലെ സീലിങ് ഫാനിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നു. ഏഴു മാസം മുൻപായിരുന്നു ഈ സംഭവം. ഫ്ലാറ്റിലുണ്ടായിരുന്ന മറ്റൊരു യുവാവിന്റെ പിറന്നാളാഘോഷത്തിനു തൊട്ടുപിന്നാലെയായിരുന്നു മരണം. ആ സമയം ഒപ്പമുണ്ടായിരുന്ന യുവാക്കളെ പിന്നീട് കുറേ നേരത്തേക്കു കാണുന്നില്ല. അതിലൊരാളെ പിന്നീട് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടു. പക്ഷേ 15 മണിക്കൂർ മുൻപ് മരിച്ച ആ ഇരുപത്തിമൂന്നുകാരിയുടെ മൃതദേഹം അഴുകിത്തുടങ്ങിയെന്നാണ് പൊലീസ് പറഞ്ഞത്.

എത്രയും പെട്ടെന്ന് നാട്ടിലേക്കു കൊണ്ടുപൊയ്ക്കൊള്ളാനായിരുന്നു പൊലീസിന്റെ നിർബന്ധം. ആ നിർബന്ധത്തിനിടെ, പൊലീസ് പറഞ്ഞയിടത്തെല്ലാം പാലക്കാട് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ ഒപ്പിട്ടു. അപ്പോഴും പെൺകുട്ടിക്ക് എന്തുസംഭവിച്ചെന്ന് ആർക്കും അറിയില്ലായിരുന്നു. നാളുകൾക്കു ശേഷം കേസിനെപ്പറ്റി അറിയാൻ പെൺകുട്ടിയുടെ സഹോദരൻ തിരിച്ചെത്തിയപ്പോൾ നേരിടേണ്ടി വന്നത് പൊലീസിന്റെ തികഞ്ഞ അനാസ്ഥയോടെയുള്ള പെരുമാറ്റം. ബെംഗളൂരു കെആർ പുര പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. 

ചിന്തന മഡിവാളയിൽ മലയാളികളായ ഐടി ജീവനക്കാർ അഭിജിത്തിന്റെയും ശ്രീലക്ഷ്മിയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പാരപ്പന അഗ്രഹാര പൊലീസ് സ്വീകരിച്ച അതേ സമീപനമാണു തന്റെ സഹോദരിയുടെ കാര്യത്തിലും സംഭവിച്ചതെന്നും ഈ യുവാവ് പറയുന്നു. അവിടെനിന്ന് ഏതാനും കിലോമീറ്റർ മാത്രം മാറിയാണ് കെആർ പുര സ്റ്റേഷൻ. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സഹോദരിയുടെ മരണം. മാസങ്ങളോളം പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി പ്രതീക്ഷ അവസാനിച്ച മട്ടിലായിരുന്നു ആ യുവാവ് ‘മനോരമ ഓൺലൈനി’ലേക്കു വിളിച്ചത്.

പൊലീസ് ഇടപെടലിൽ ശ്രീലക്ഷ്മിയുടെ ബന്ധുക്കൾക്കുണ്ടായ അതേ അനുഭവമാണു തനിക്കും ബെംഗളൂരുവിൽ നേരിടേണ്ടി വന്നതെന്ന് ഇദ്ദേഹം പറയുന്നു. കേസ് മായ്ച്ചു കളയാൻ അത്രയേറെ തിടുക്കമായിരുന്നു പൊലീസിന്. ബെംഗളൂരുവിൽ അപകടത്തിൽപ്പെടുന്ന മലയാളികളോട് പൊലീസ് സമീപനം എപ്രകാരമാണെന്നു വിശദമാക്കാനാണ് താനിക്കാര്യം പറയുന്നതെന്നും അവൻ വ്യക്തമാക്കി. ആ വാക്കുകളിലേക്ക്...

ഏപ്രിലിലാണ് കെആർ പുര സ്റ്റേഷനിൽ നിന്ന് യുവാവിന് ഫോൺ സന്ദേശം ലഭിക്കുന്നത്. സഹോദരിയെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്നായിരുന്നു ആ ഫോൺ സന്ദേശം. എത്രയും പെട്ടെന്ന് ബെംഗളൂരുവിലേക്ക് എത്തണമെന്നും പൊലീസ് പറഞ്ഞു. ‘ആദ്യം വിശ്വസിക്കാനായില്ല. കെആർ പുര പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പറഞ്ഞത് മരണം സംഭവിച്ച് 15 മണിക്കൂറായെന്നായിരുന്നു. കേട്ടപ്പോൾ തന്നെ ഷോക്കായിപ്പോയി. ഒരു യുവാവും ആ സമയത്തു സ്റ്റേഷനിലുണ്ടായിരുന്നു. പക്ഷേ എത്രയും പെട്ടെന്ന് മൃതദേഹവുമായി പോകാനായിരുന്നു പൊലീസിൽ നിന്നുള്ള നിർദേശം. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നെന്നും പൊലീസ് പറഞ്ഞു.’–യുവാവ് പറയുന്നു.

മൃതദേഹവുമായി പോയി സംസ്കാരം കഴിഞ്ഞ് 10 ദിവസത്തിനപ്പുറം തിരികെ ബെംഗളൂരുവിലെത്തിയപ്പോഴാണു കൂടുതൽ കാര്യങ്ങളറിഞ്ഞത്. സ്റ്റേഷനിൽ നേരത്തെ പൊലീസ് കസ്റ്റഡിയിൽ വച്ചിരുന്ന യുവാവിനെ അപ്പോഴേക്കും പറഞ്ഞുവിട്ടിരുന്നു. എഫ്ഐആർ പ്രകാരം ദുർബല വകുപ്പായിരുന്നു ചുമത്തിയിരുന്നത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസ് റിപ്പോർട്ടും. യുവാവിന്റെ പരാതി കേൾക്കാൻ പോലും പൊലീസ് തയാറായില്ല. ഒപ്പം, ഇംഗ്ലിഷ് അറിഞ്ഞിട്ടും കന്നഡയിൽ സംസാരിക്കുന്ന പൊലീസിന്റെ ദുഃശ്ശാഠ്യവും. 

ഫ്ലാറ്റിൽ നടന്ന പിറന്നാൾ ആഘോഷത്തിനു പിന്നാലെയായിരുന്നു പെൺകുട്ടിയുടെ മരണം. അന്നു മുറിയിൽ മദ്യപാനവും കേക്ക് മുറിച്ചുള്ള ആഘോഷവുമെല്ലാമുണ്ടായിരുന്നു. യുവാവിനൊപ്പം, മറ്റു രണ്ടു പേർ കൂടിയുണ്ടായിരുന്നതായും സഹോദരൻ പറയുന്നു. അവരിലൊരാൾ തലശേരി സ്വദേശിയായിരുന്നു. ഇവർക്ക് കഞ്ചാവ് ഇടപാടുകളുണ്ടായിരുന്നെന്നും യുവാവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെയെല്ലാം തെളിവുകളും കയ്യിലുണ്ട്.

bengaluru-techie-couple-death

പെൺകുട്ടി ആത്മഹത്യ ചെയ്തെന്നു പറയുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ ഫോട്ടോ ഉൾപ്പെടെ സഹോദരൻ പിന്നീട് കണ്ടെത്തിയിരുന്നു. ഇതെല്ലാം കെആർപുര സ്റ്റേഷനിൽ അറിയിച്ചിട്ടു പോലും നടപടിയൊന്നുമുണ്ടായില്ല. സംശയമുനയിലുള്ള യുവാക്കളെ സ്റ്റേഷനിലേക്ക് നേരിട്ടെത്തിക്കാൻ സഹോദരനോട് ആവശ്യപ്പെടുകയായിരുന്നു പൊലീസ് ചെയ്തത്.

പെൺകുട്ടി മരിച്ച് 15 മണിക്കൂറിനു ശേഷമാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ആ സമയം കൊണ്ട് ഫ്ലാറ്റിലെ യുവാക്കൾ അഭിഭാഷകനെ ഉൾപ്പെടെ ഏർപ്പാടാക്കിയിരുന്നു. പാലക്കാട് നിന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തും മുൻപുതന്നെ യുവാക്കളുടെ ബന്ധുക്കള്‍ അവിടെയെത്തിയിരുന്നു. അവർ പണം നൽകി കേസൊതുക്കിയെന്നാണു പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി. അതിനെ സാധൂകരിക്കുന്നതായിരുന്നു പൊലീസ് നീക്കങ്ങളും.

പെൺകുട്ടിയുടെ മരണത്തിന്മേൽ ചുമത്തിയത് ദുർബല വകുപ്പായിരുന്നു. അന്നു കസ്റ്റഡിയിലെടുത്ത യുവാവിന്റെ പാസ്പോർട്ടും പിടിച്ചുവച്ചില്ല. വൈകാതെ ഇയാൾ വിദേശത്തേക്കു കടക്കുകയും ചെയ്തു. ആരൊക്കെ ഫ്ലാറ്റിലുണ്ടായിരുന്നു? അവിടെയുണ്ടായിരുന്നവർ മരണം സംഭവിച്ച് 15 മണിക്കൂറായിട്ടും എന്തുകൊണ്ട് വിവരം പുറത്തെത്തിച്ചില്ല? എന്നീ സംശയങ്ങൾക്കൊന്നും ഇതുവരെ ഉത്തരവും ലഭിച്ചിട്ടില്ല. 

അതിനിടെ കമ്മിഷണർക്കു പരാതി നൽകിയതിനെത്തുടർന്ന് മഹാദേവപുരയിലെ ഓഫിസിലേക്കു വിളിപ്പിച്ചു. അവിടെയെത്തി മൊഴിയും രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും ശബ്ദ സന്ദേശങ്ങളും പെൺകുട്ടിക്കൊപ്പമുള്ള സുഹൃത്തുക്കളുടെ ഫോട്ടോകളുമെല്ലാം സിഡിയിലാക്കി പരാതിക്കൊപ്പം കൊടുത്തു. അപ്പോഴേക്കും അന്വേഷണത്തിനെന്നു പറഞ്ഞ് പെൺകുട്ടിയുടെ ഫോൺ  പൊലീസ് തിരികെ വാങ്ങിയിരുന്നു. അതിനു മുൻപ് വാട്സാപ് ചാറ്റുൾപ്പെടെ സ്ക്രീൻഷോട്ടെടുത്തതു പക്ഷേ രക്ഷയായി. പിന്നീട് നാളുകൾക്കു ശേഷം കമ്മിഷണർ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് കേസ് ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങിയിട്ടില്ലെന്നു വ്യക്തമായത്.

ആവശ്യമില്ലാതെ വിഷയത്തിൽ ഇടപെടേണ്ടെന്നായിരുന്നു സഹോദരനോടുള്ള പൊലീസിന്റെ ഉപദേശം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അസ്വാഭാവികമായൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താതെ യുവാക്കൾക്കെതിരെ നിയമനടപടി സാധ്യമല്ലെന്നും നിയമവിദഗ്ധരും പറയുന്നു. അഭിജിത്തിന്റെയും ശ്രീലക്ഷ്മിയുടെയും മരണത്തിൽ കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോൾ അതിനെ എല്ലാതരത്തിലും അട്ടിമറിക്കുന്ന നിലപാടായിരുന്നു പൊലീസിന്റേതെന്നാണ് രണ്ടുപേരുടെയും ബന്ധുക്കളുടെ ആരോപണം. ബന്ധുക്കൾക്കെതിരെ തെറ്റായ വാർത്ത പോലും അവർ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്.

ആ അന്വേഷണത്തിൽ സഹായകരമാകുമെങ്കിൽ കോടതിയിൽ തന്റെ അനുഭവവും പങ്കുവയ്ക്കാൻ തയാറാണെന്നും പാലക്കാട്ടെ യുവാവ് വ്യക്തമാക്കുന്നു. പേരോ മറ്റു വിവരങ്ങളോ ചേർക്കാതെ ഇത്തരമൊരു വാർത്ത കൊടുത്താൽ എന്തെങ്കിലും കാര്യമുണ്ടോയെന്ന് യുവാവിനോടു ചോദിച്ചു. അഭിജിത്തിനും ശ്രീലക്ഷ്മിക്കും സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് എഴുതിത്തള്ളാതിരിക്കാനെങ്കിലും വാർത്ത ഉപയോഗപ്പെടുമെന്നായിരുന്നു സഹോദരന്റെ വാക്കുകൾ...

English Summary: Bodies of Malayali Techies Found Hanging Near Bengaluru Forest- Another Girl's Death Incident Surface

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA