sections
MORE

2024 പൊതു തിരഞ്ഞെടുപ്പിനു മുൻപ് രാജ്യമാകെ ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കും: അമിത് ഷാ

Amit-shah
SHARE

ബഹറഗോര (ജാർഖണ്ഡ്) ∙ വിവാദമായ ദേശീയ പൗരത്വ റജിസ്റ്റർ (എൻ‌ആർ‌സി) 2024 ഓടെ പൂർണമായും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയും തിരിച്ചറിഞ്ഞ് അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന 2024 ഓടെ പുറത്താക്കും. എൻ‌ആർ‌സി രാജ്യവ്യാപകമായി നടപ്പിലാക്കും’– ജാർഖണ്ഡിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.

‘അവരെ പുറത്താക്കരുതെന്ന് രാഹുൽ ബാബ (കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി) പറയുന്നു. അവർ എവിടെ പോകും, അവർ എന്ത് കഴിക്കും? എന്നാൽ 2024 ലെ തിരഞ്ഞെടുപ്പിനു മുൻപ് അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു’– അമിത് ഷാ പറഞ്ഞു. 

ദേശീയ പ്രശ്‌നങ്ങളായ ഭീകരതയെ പിഴുതെറിയുക, മാവോയിസം, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുക തുടങ്ങിയവ രാജ്യത്തിന്റെ വികസനത്തോളംതന്നെ  പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ‘സുപ്രീംകോടതിയിൽ അയോധ്യ കേസിന്റെ വാദം കേൾക്കുന്നത് തടയാൻ കോൺഗ്രസ് ശ്രമം നടത്തി. കേസ് കേൾക്കേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാക്കൾ കോടതിയിൽ പറഞ്ഞു. ജന പിന്തുണയോടെ കേസ് മുന്നോട്ടു കൊണ്ടുപോകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതിന്റെ ഫലമായി അയോധ്യയിൽ രാമക്ഷേത്രം നിര്‍മിക്കാമെന്ന് കോടതി വിധിച്ചു’– ഷാ പറഞ്ഞു. 

മാവോയിസ്റ്റ് ഭീഷണിയെ പിഴുതെറിഞ്ഞതിനും വികസനം കൊണ്ടുവന്നതിനും ജാർഖണ്ഡിലെ ബിജെപി സർക്കാരിനെ അദ്ദേഹം പ്രശംസിച്ചു. ജാർഖണ്ഡിൽ ബിജെപിക്കെതിരെ മത്സരിക്കുന്ന ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ‘കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ, ജാർഖണ്ഡിനുവേണ്ടി പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കുകയും ലാത്തിപ്രയോഗം നടത്തുകയും ചെയ്തു. ഇപ്പോൾ ഹേമന്ത് സോറൻ (ജെഎംഎം നേതാവ്) അതേ കോൺഗ്രസിന്റെ മടിയിൽ ഇരിക്കുന്നത് അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാനാണ്’– അദ്ദേഹം പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ‘ഇരട്ട എൻജിൻ’ പ്രവർത്തനം കാരണം ജാർഖണ്ഡിൽ വികസനത്തിന്റെ ‘ഗംഗാ പ്രവാഹ’മാണ്. മോദി സർക്കാർ ദിയോഗറിൽ എയിംസ് നിർമിച്ചു. വൈകാതെ അവിടെയും ബൊക്കാറോ, ദുംക, ജംഷഡ്പുർ എന്നിവിടങ്ങളിലും വിമാനത്താവളങ്ങൾ നിർമിക്കും. വിള ഇൻഷുറൻസ് പദ്ധതിയിലൂടെ 20 ലക്ഷത്തോളം കർഷകർക്ക് നേട്ടമുണ്ടായി. മുഖ്യമന്ത്രി രഘുബർ ദാസ് അഴിമതിരഹിത ഭരണം നടത്തുകയും സംസ്ഥാനത്തിന് രാഷ്ട്രീയ സ്ഥിരത നൽകുകയും ചെയ്തു. ജാർഖണ്ഡിന്റെ ചരിത്രത്തിൽ ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ സർക്കാരാണിത്. 

രാഹുൽ ഗാന്ധി ഇന്ന് ജാർഖണ്ഡിലാണ്. കോൺഗ്രസ് സർക്കാരുകൾ 55 വർഷത്തെ ഭരണത്തിനിടെ ജാർഖണ്ഡിനായി എന്തു ചെയ്തു എന്നതിനെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങൾ എന്തുചെയ്തുവെന്നതിനെക്കുറിച്ചും പറയണം’– അദ്ദേഹം പറഞ്ഞു.

‘തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വം വിൽക്കുന്ന, ആദിവാസികളെ ചൂഷണം ചെയ്യുന്ന, ജാർഖണ്ഡ് രൂപീകരണത്തെ എതിർത്ത, കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയ പാർട്ടികൾക്ക് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല’– അമിത് ഷാ പറഞ്ഞു. 

English Summary: Amit Shah Sets 2024 Deadline For Citizens List NRC, Says Infiltrators Will Be Expelled By Then

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA