ADVERTISEMENT

തിരുവനന്തപുരം∙സർക്കാർ വാടകയ്ക്ക് എടുക്കാനുദ്ദേശിക്കുന്ന പവൻഹംസിന്റെ ഹെലികോപ്റ്ററിൽ കമാൻഡോകളെ കയറിലൂടെ ഇറക്കാനും (വിൻചിങ്) കയറ്റാനുമുള്ള സംവിധാനം ഇല്ലെന്ന് ചിപ്‌സാൻ എവിയേഷൻ. മാവോയിസ്റ്റുകളെ തിരയാൻ ഈ സംവിധാനം വേണമെന്നാണ് പൊലീസ് ഉപദേശകൻ രമൺശ്രീവാസ്തവ ചിപ്‌സാൻ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നത്. പവൻഹംസിനും ചിപ്സാനും ഈ സംവിധാനമില്ല. പിന്നെ എന്തു കാരണത്താലാണ് പവൻഹംസിന്റെ ഹെലികോപ്റ്ററുകൾ അധികവില നൽകി വാടകയ്ക്കെടുക്കുന്നതെന്നും കമ്പനി ചോദിക്കുന്നു.

ഈ ആശങ്ക ഡിജിപിക്ക് അയച്ച കത്തിലും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഹെലികോപ്റ്റർ ഇടപാട് ലഭിക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യപത്രം നൽകിയ കമ്പനികളിലൊന്നാണ് ചിപ്‌സാൻ. ഇവരെ തഴഞ്ഞ് പവൻഹംസിന് കരാർ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. മാവോയിസ്റ്റ് വേട്ടയുടെ മറവിൽ വിഐപിയാത്രയാണ് ലക്ഷ്യമെന്ന ആരോപണങ്ങൾക്ക് ബലം പകരുന്നതാണ് ചിപ്സാന്റെ കത്തിന്റെ ഉള്ളടക്കം. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയിലുള്ള ചിപ്‌സാന്‍ ഏവിയേഷന്‍ പ്രളയഘട്ടത്തില്‍ കേരളത്തിൽ സൗജന്യ സേവനം നൽകിയിരുന്നു.

സൈനികരെ ഓപ്പറേഷൻ നടക്കുന്ന സ്ഥലങ്ങളിൽ ഇറക്കാൻ ഒറ്റഎൻജിൻ ഹെലികോപ്റ്ററാണ് സാധാരണ ഉപയോഗിക്കുന്നത്. സൈന്യം സിയാച്ചിനിൽ ഉൾപ്പെടെ ഉപയോഗിക്കുന്നതും ഒറ്റ എൻജിൻ ഹെലികോപ്റ്ററാണ്. ഇരട്ട എൻജിൻ ഹെലികോപ്റ്ററുകൾ വിഐപി ഡ്യൂട്ടിക്കാണ് ഉപയോഗിക്കുന്നത്. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ(ലൈറ്റ് ) ഹെലികോപ്റ്ററാണ് ചിപ്‌സാൻ വാഗ്ദനം ചെയ്തിരുന്നത്. മണിക്കൂറിൽ രണ്ടുലക്ഷം രൂപയിൽ താഴെയായിരുന്നു പറക്കൽ ചെലവ്. 

ഇതുപേക്ഷിച്ച് മണിക്കൂറിന് ഏഴു ലക്ഷംരൂപ ചെലവുവരുന്ന പവൻഹംസിൻറെ ഇരട്ട എൻജിൻ ഹെലികോപ്റ്ററായ എഎസ് 365 ഡൗഫിൻ എൻ 3 ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനാണ് സർക്കാർ തീരുമാനം. വിഐപി ഡ്യൂട്ടിക്ക് മാത്രമേ ഈ ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയൂ. മാസവാടക 1.45കോടി. ഈ തുകയ്ക്ക് 20 മണിക്കൂർ പറക്കാം. അധികസമയത്തിന് മണിക്കൂറിന് 67,926 രൂപ നൽകണം. ഇതിൻറെ മൂന്നിലൊന്ന് തുകയ്ക്ക് ചിപ്‌സാൻ മൂന്നു ഹെലികോപ്റ്ററുകളാണ് വാഗ്ദാനം ചെയ്തത്. രണ്ട് ഇരട്ട എൻജിൻ ഹെലികോപ്റ്ററും ഒരു ഒറ്റ എൻജിൻ ഹെലികോപ്റ്ററും.

ഈ വാഗ്ദാനങ്ങളെല്ലാം തള്ളിയാണ് ടെണ്ടറില്ലാതെ സർക്കാർ പവൻസംഹിന്റെ ഹെലികോപ്റ്റർ സ്വീകരിക്കാനൊരുങ്ങുന്നത്. ചിപ്സാന് സാങ്കേതിക യോഗ്യത ഇല്ലെന്നാണ് സർക്കാർ കമ്പനിയെ അറിയിച്ചത്. എങ്ങനെയാണ് സർക്കാർ ഈ നിഗമനത്തിലെത്തിയതെന്നും അതിന്റെ മാനദണ്ഡമെന്താണെന്നും കത്തിൽ ആരാഞ്ഞിട്ടുണ്ട്.

വലിയ സംസ്ഥാനങ്ങളുടെ ഹെലികോപ്റ്റർ ഉപയോഗം മാതൃകയാക്കി കേരളത്തിൽ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനോടും കമ്പനി വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങൾ ഒരു മാസം 40–45 മണിക്കൂറുകൾ ഹെലികോപ്റ്റർ  ഉപയോഗിക്കുന്നതിനാൽ 1.45 കോടി അവർക്ക് പ്രശ്നമല്ല. കേരളത്തിന് അതിന്റെ ആവശ്യമില്ലെന്നും ഉപയോഗത്തിനനുസരിച്ച് ഹെലികോപ്റ്റർ തിരഞ്ഞെടുക്കണമെന്നും കമ്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അഗസ്ത കമ്പനിയുടെ (എഡബ്ല്യൂ 109) ഇരട്ട എൻജിൻ ഹെലികോപ്റ്റർ, എയർബസിന്റെ (ഇസി 135) ഇരട്ട എൻഡിൻ ഹെലികോപ്റ്റർ, ബെൽ കമ്പനിയുടെ (407) ഒറ്റ എൻജിൻ ഹെലികോപ്റ്ററുമാണ് ചിപ്‌സാൻ കമ്പനി വാഗ്ദാനം ചെയ്തത്. 

English Summary: Anti-Maoist drive, Kerala Police attempt to hire helicopter comes in for flak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com