ആഡംബര കാർ റജിസ്ട്രേഷൻ കേസ്: സുരേഷ് ഗോപി എംപിക്കെതിരെ കുറ്റപത്രം

Suresh Gopi
സുരേഷ് ഗോപി.
SHARE

തിരുവനന്തപുരം ∙ പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ രണ്ട് ആഡംബരക്കാറുകൾ റജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായ സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം. സുരേഷ്ഗോപിക്കെതിരെ കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി അനുമതി നൽകി.

സുരേഷ്ഗോപിയുടെ 60 –80 ലക്ഷം രൂപയുടെ കാറുകൾ 3,60,000 രൂപയ്ക്കും 16,00,000 രൂപയ്ക്കും നികുതി വെട്ടിപ്പു നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പോണ്ടിച്ചേരിയിലെ എല്ലെപ്പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്മെൻറിൽ താൽക്കാലിക താമസക്കാരനാണെന്നു കാണിച്ചാണ് വെട്ടിപ്പു നടത്തിയതെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

ഈ മേൽവിലാസത്തിൽ എൽഐസി പോളിസി കരസ്ഥമാക്കി അവിടെയുള്ള നോട്ടറിയെക്കൊണ്ട് വ്യാജ സത്യവാങ്മൂലം സംഘടിപ്പിച്ചു. വ്യാജസീൽപതിച്ചാണ് വാഹനം റജിസ്റ്റർ ചെയ്തത്.

സുരേഷ്ഗോപിക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മോട്ടർ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

ഏഴു വർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുന്നത്. ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ സുരേഷ്ഗോപിയെ 2018 ജനുവരി 15ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട മറ്റുള്ള കേസുകളുടെ അന്വേഷണം അവസാനഘട്ടത്തിലാണ്.

English Summary : Crime Branch to submit charge sheet against Suresh Gopi MP for registering Luxurious cars in fake address

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ