ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂര്‍ അഴീക്കലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് കേരളത്തോടുള്ള അവഗണനയും അനീതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറുകയും എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തിട്ടും കേന്ദ്രം നിഷേധനിലപാടാണു സ്വീകരിക്കുന്നത്.

വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അനുമതി നല്‍കാത്തതുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പ്രതിരോധ സഹമന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. ഈ പ്രശ്നം ഇപ്പോഴത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ ശ്രദ്ധയില്‍ താന്‍ നേരിട്ട് പെടുത്തിയിരുന്നതാണ്. 2011-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന് 2018 ജൂലൈ 2-ന് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. അതു സംബന്ധിച്ച വിജ്ഞാപനവും വന്നു. കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഉള്‍പ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അതനുസരിച്ച് പാരിസ്ഥിതിക അനുമതി നല്‍കാവുന്നതാണ്. എന്നാല്‍ ഈ നിലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

2009-ലാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ എടുത്തത്. അതനുസരിച്ച് 2011 ആദ്യം തന്നെ വളപട്ടണത്ത് അറബിക്കടല്‍ തീരത്ത് 164 ഏക്കർ സര്‍ക്കാര്‍ കൈമാറി. 2011 മേയില്‍ അന്നത്തെ പ്രതിരോധ മന്ത്രി അക്കാദമിക്ക് തറക്കല്ലിട്ടു. അക്കാദമി സ്ഥാപിക്കുന്നതിന് ഇതിനകം 65.56 കോടി രൂപ കോസ്റ്റ് ഗാര്‍ഡ് ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി 2015ല്‍ തന്നെ ശുപാര്‍ശ ചെയ്തു.

പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പ്രതിരോധമന്ത്രിയോടും നേരിട്ട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കു വേണ്ടി സംസ്ഥാനം എല്ലാവിധ സഹായവും വാഗ്ദാനം നല്‍കി. ഇത്രയൊക്കെയായിട്ടും പാരിസ്ഥിതിക അനുമതിയുടെ പേരില്‍ കേരളത്തിന്‍റെ പദ്ധതി ഇല്ലാതാക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഈ നിലപാട് പുനഃപരിശോധിക്കണമെന്നും തീരദേശ നിയന്ത്രണത്തില്‍ 2018 ല്‍ വരുത്തിയ ഭേദഗതി പ്രകാരം പദ്ധതിക്ക് അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English Summary: Coast Guard Academy; CM wants the Center to change its stance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com