വരുന്നു അറബിക്കടലിൽ പവൻ ചുഴലിക്കാറ്റ്; കേരളത്തെ കാര്യമായി ബാധിക്കില്ല

cyclone
SHARE

പത്തനംതിട്ട ∙ ന്യൂനമർദങ്ങൾക്കും ചുഴലിക്കൊടുങ്കാറ്റുകൾക്കും ശമനമില്ല. അറബിക്കടലിൽ പവൻ എന്ന പേരിൽ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റുകളുടെ പട്ടികയിലേക്കു ശ്രീലങ്ക നിർദേശിച്ച പേരാണിത്. ഈ സീസണിൽ അറബിക്കടലിൽ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. സമുദ്രോപരിതല താപനില വർധിച്ചതു മൂലമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

‌പടിഞ്ഞാറൻ അറബിക്കടലിൽ ഇപ്പോഴുള്ള ശക്തമായ തീവ്ര ന്യൂനമർദമാണ് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെട്ട് പവൻ ചുഴലിക്കാറ്റായി മാറി സൊമാലിയൻ തീരത്തേക്കു പോവുക. അതേസമയം മറ്റൊരു ന്യൂനമർദം കേരള തീരത്തോട് അടുത്തു രൂപപ്പെട്ടിട്ടുണ്ട്. ഇതും വടക്കോട്ടു നീങ്ങാനാണ് സാധ്യത. രണ്ടു ചുഴലികളും കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ ഇരട്ട ന്യൂനമർദങ്ങളുടെ ഫലമായി ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. 

അതേസമയം, ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമർദം പിറവിയെടുക്കും. തുലാമഴക്കാലത്തിന‌ു സമാപനം കുറിച്ചുകൊണ്ട് തമിഴ്നാട് തീരത്ത് ഇത് മഴ എത്തിക്കും. കേരളത്തിൽ ഇപ്പോൾത്തന്നെ ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള രണ്ടു മാസം 78 ശതമാനമാണ് തുലാമഴ അധികം ലഭിച്ചിരിക്കുന്നത്. കാസർകോട്ടാണ് ഏറ്റവും അധികം മഴ– 32 സെന്റീമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 158 സെമീ. 381 ശതമാനം കൂടുതലാണിത്.

English Summary: Pawan Cyclone to be formed in Arabian Sea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA