ADVERTISEMENT

ഏറെ നേരമായി മഴ തകർത്തു പെയ്യുന്നു. റൈനർവുളുദ് സ്വദേശിയായ ജെഫ്രി ഷെപ്പർ ആ യുവാവിനെ ശ്രദ്ധിക്കുകയായിരുന്നു. നെതർലൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിന് വടക്ക് ഏകദേശം 80 മൈൽ ദൂരെയായിരുന്നു റൈനർവുളുദ് ഗ്രാമം. അവിടെ ഒരു കാർ ഡീലർഷിപ് കേന്ദ്രം നടത്തി വരികയായിരുന്നു ജെഫ്രി. പതിവു പോലെ വൈകിട്ട് ബാറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആ യുവാവിനെ കണ്ടത്. ആകെ ആശയക്കുഴപ്പത്തിലായ മട്ടിലായിരുന്നു അയാൾ. ജെഫ്രി അവനെ കൂട്ടിക്കൊണ്ടു പോയി ഒരു ബീയർ വാഗ്ദാനം ചെയ്തു. ചുറ്റിലുമുള്ളവരും അവനെ അപ്പോഴാണു ശ്രദ്ധിക്കുന്നത്. ഒന്നോ രണ്ടോ തവണ ആ പ്രദേശത്തു കണ്ടിട്ടുണ്ട്. എവിടെയാണു വീടെന്നു ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല. 

ബാറുടമയും ഒന്നോ രണ്ടോ തവണ ആ യുവാവ് വന്നത് ഓർത്തെടുത്തു. ഒരിക്കൽ അഞ്ച് ബീയറും വാങ്ങിയിട്ടുണ്ട്. ബാറിലെ ഡിസ്കോ പ്രകാശ വിന്യാസം ഇന്നേവരെ കാണാത്ത വിധം അമ്പരപ്പോടെയാണ് അയാൾ നോക്കി നിന്നതെന്നും ബാറുടമ ഓർത്തു. പാറിപ്പറന്ന മുടി, വളർന്നു കിടക്കുന്ന താടി. എൺപതുകളിലെ വസ്ത്രങ്ങളാണു യുവാവ് ധരിച്ചിരിക്കുന്നത്. ജോലി തേടി വന്നതാണെന്നും തന്റെ കുടുംബം പ്രശ്നത്തിലാണെന്നും സഹായിക്കണമെന്നും പറഞ്ഞു. വീട്ടിൽ നിന്ന് ഓടിപ്പോന്നതാണെന്നും ഇനി തിരികെപ്പോകാനാകില്ലെന്നും കൂടി പറഞ്ഞതോടെയാണ് ബാറിലുള്ളവർ അപകടം മണത്തത്. അപ്പോഴും ജെഫ്രിക്ക് അറിയില്ലായിരുന്നു വലിയൊരു രഹസ്യത്തിന്റെ നിലവറയിലേക്കാണ് ആ യുവാവ് അവരെയും പൊലീസിനെയും നയിക്കാൻ പോകുന്നതെന്ന്. 

DOUNIAMAG-NETHERLANDS-SOCIAL-FAMILY
റൈനർവുളുദ് ഗ്രാമത്തിലെ ഫാം ഹൗസ്.

ഒക്ടോബർ 17നായിരുന്നു ഇരുപത്തിയഞ്ചുകാരനായ ജാൺ സൻ വാൻ ഡോർസ്റ്റനെ ജെഫ്രിയും സുഹൃത്തുക്കളും കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. അതിനു മുൻപ് മൂന്നു തവണ മാത്രമാണ് റൈനർവുളുദ് ഗ്രാമത്തിരക്കിലേക്ക് ജാൺ‍ വാൻ എത്തിയിട്ടുള്ളത്. ബാക്കിയുള്ള സമയങ്ങളിലെല്ലാം തന്റെ സഹോദരങ്ങൾക്കൊപ്പം നിലവറയിൽ തടവിലായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്ത് ഒരു ഫാം ഹൗസിനോടു ചേർന്നായിരുന്നു ജാൺ വാനിന്റെ വീട്. അവിടെയെത്തിയ പൊലീസിന് ആദ്യം അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാൽ ഒരു മേശവലിപ്പ് തുറന്ന പൊലീസ് ഞെട്ടിപ്പോയി. ആ വലിപ്പിനകത്ത് കട്ടപിടിച്ച ഇരുട്ട്. രഹസ്യനിലവറയിലേക്കുള്ള വാതിലായിരുന്നു അത്. 

അകത്തേക്കിറങ്ങിയപ്പോൾ കണ്ടതാകട്ടെ ഏഴു പേരെ. അതിൽ ആറു പേർ തന്റെ സഹോദരങ്ങളാണെന്ന് ജാൺ വാൻ പറയുന്നു. 18നും 25നും ഇടയ്ക്കു പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളുമായിരുന്നു അവർ. ഏഴാമത്തെയാളുടെ പേര് ഗെറി–ജാൺ വാൻ ഡോർസ്റ്റൻ എന്നായിരുന്നു. അറുപത്തിയേഴുകാരനായ അയാൾ മസ്തിഷ്കാഘാതത്തെത്തുടർന്ന് കിടപ്പിലായ അവസ്ഥയിലും. ദുരിതാവസ്ഥയിലായിരുന്നു നിലവറയിലെ ജീവിതം. വെളിച്ചം പോലും ആവശ്യത്തിന് എത്തിയിരുന്നില്ല. പെൺമക്കളടക്കമായിരുന്നു ഗെറിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. പൊലീസിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി തരാതിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്തു. 

NETHERLANDS-CRIME-SOCIAL-FAMILY
റൈനർവുളുദിൽ രഹസ്യ നിലവറ കണ്ടെത്തിയ ഫാം ഹൗസ്.

ഇവരെ പുറംലോകത്തെത്തിച്ചതിനു പിന്നാലെ ഫാം ഹൗസിന്റെ വാടക നൽകിയിരുന്ന ജോസഫ് ബ്രണ്ണറെന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. 58 വയസ്സുള്ള ഇയാൾ ഓസ്ട്രിയക്കാരനായിരുന്നു. ബ്രണ്ണറും ഗെറിയും വർഷങ്ങളായി സുഹൃത്തുക്കളാണ്. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചാണ് ഇയാൾ ഗെറിക്കൊപ്പം ചേർന്നത്. ഫാം ഹൗസിനു ചുറ്റും സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിരുന്നു. ആരെങ്കിലും വീടിനു സമീപത്തേക്കു വരുമ്പോൾ മോശമായിട്ടായിരുന്നു ബ്രണ്ണറുടെ പെരുമാറ്റം. പലപ്പോഴും വീടിനു ചുറ്റും ബൈനോക്കുലറുമായി ഇയാൾ നിരീക്ഷണം നടത്തുന്നതും പ്രദേശവാസികൾ കണ്ടിട്ടുണ്ട്. ഫാം ഹൗസ് പൂട്ടി ഇയാൾ പുറത്തുപോയാലും അവിടെ നിന്നു ശബ്ദം കേട്ടിരുന്നതായും അവർ പറയുന്നു.

എന്നാൽ ഫാം ഹൗസിൽ അസ്വാഭാവികമായി എന്തെങ്കിലും നടക്കുന്നതായി അറിയില്ലെന്നായിരുന്നു യഥാർഥ ഉടമയായ വനിത പറഞ്ഞത്. വാടക കൃത്യമായി ലഭിച്ചിരുന്നതായും പറഞ്ഞു. 2010 മുതൽ ആ നിലവറയിലാണു കഴിയുന്നതെന്ന് എല്ലാവരും മൊഴി നൽകി. അവിടെത്തന്നെ പച്ചക്കറിത്തോട്ടമുണ്ടാക്കിയായിരുന്നു ഭക്ഷണം കണ്ടെത്തിയത്. പുറംലോകത്ത് മനുഷ്യവാസമുണ്ടോയെന്നറിയാൻ പോലുമാകാത്ത വിധമായിരുന്നു നിലവറയിലെ തടവ്. ഒരാളുടെ പോലും ജനനവും സർക്കാർ രേഖകളിൽ റജിസ്റ്റർ ചെയ്തിരുന്നുമില്ല. 

Dutch-Farm-House-3
നിലവറയിൽ നിന്നു പുറത്തേക്കു തുറക്കുന്ന വാതിലുകളിലൊന്ന്.

എന്തുകൊണ്ടാണ് ഒൻപതു വർഷത്തോളം പുറത്തിറങ്ങാതിരുന്നതെന്ന ചോദ്യത്തിന് ഏഴു പേരിൽ ചിലർ പറഞ്ഞത് അതു വിശ്വാസത്തിന്റെ ഭാഗമായിട്ടാണെന്നായിരുന്നു. പ്രത്യേകതരം ആരാധനാക്രമമുള്ള ‘കൾട്ട്’ ആണ് നടപ്പാക്കുന്നതെന്നും പൊലീസ് സംശയിച്ചു. കുടുംബാംഗങ്ങളെ ബലമായി തടവിൽ പാർപ്പിച്ചതിനും പീഡിപ്പിച്ചതിനും ഉൾപ്പെടെ ഇരുവർക്കുമെതിരെ ആദ്യഘട്ടത്തിൽ കേസെടുത്തു. പിന്നീടാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

നിലവറയിൽ കണ്ടെത്തിയ ഏഴു പേരെ കൂടാതെ രണ്ടു മക്കൾ കൂടി ഗെറിക്കുണ്ടായിരുന്നു. ഒൻപതു വര്‍ഷം മുൻപ് ഇവർ വീട് വിട്ടതാണ്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ടു പേരെ ഗെറി ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നു മനസ്സിലായത്. എല്ലാവരും ഗെറിയുടെ മക്കളാണെന്ന് ഡിഎൻഎ പരിശോധനയിലും തെളിഞ്ഞു. ഇവരുടെ മാതാവ് 2004 ഒക്ടോബർ ആറിനു മരിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഇവർ കൊല്ലപ്പെട്ടതാണോയെന്നാണു സംശയം. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.

Dutch-Farm-House-4
നിലവറയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന പ്രദേശം. ചിത്രത്തിനു കടപ്പാട്: BackGrid

2009ൽ ഓസ്ട്രിയക്കാരനായ മറ്റൊരു അറുപത്തിയൊൻപതുകാരനെ അകാരണമായി തടവിൽ വച്ചെന്ന കുറ്റവും ഗെറിക്കും ബ്രണ്ണര്‍ക്കുമെതിരെയുണ്ട്. മാസങ്ങളോളം ഇയാളെ തടവിൽ വച്ച കാര്യം ചോദ്യം ചെയ്യലിലാണ് ഇരുവരും ഏറ്റുപറഞ്ഞത്. എന്നാൽ ഇയാൾക്കു പിന്നീട് എന്തു സംഭവിച്ചെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ആ വിവരങ്ങൾ പുറത്തുവിടുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പിടിയിലായ രണ്ടു പേരും ദക്ഷിണ കൊറിയയിൽ രൂപപ്പെട്ട ‘മൂണീസ്’ എന്ന കൾട്ട് സംഘത്തിന്റെ ആരാധകരാണെന്ന സംശയവും ഡച്ച് പൊലീസ് പങ്കുവയ്ക്കുന്നു. 

സൺ മ്യുങ് മൂൺ എന്നയാൾ  രൂപീകരിച്ചതാണിത്. അയാളുടെ അനുയായികളാണ് ‘മൂണീസ്’ എന്നറിയപ്പെടുന്നത്. 1974ൽ യുഎസ് മാധ്യമങ്ങളാണ് മൂണീസ് എന്ന വിശേഷണം പ്രചരിപ്പിച്ചത്. ഇന്ന് യൂണിവേഴ്സൽ പീസ് ഫെഡറേഷൻ എന്ന പേരിൽ അറിയപ്പെടുന്ന മൂണീസ് കൂട്ടായ്മ ഡച്ച് സംഭവത്തിൽ വിശദീകരണവും നൽകിയിട്ടുണ്ട്. ഗെറി 1980കളിൽ മൂണീസിന്റെ ഭാഗമായിരുന്നെന്നായിരുന്നു അത്. പിന്നീട് ഇയാൾ ജർമനിയിലേക്കു പോവുകയായിരുന്നു. അതിനു ശേഷം യാതൊരു ബന്ധവും സംഘടനയുമായുണ്ടായിരുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ബ്രണ്ണറിനും മൂണീസുമായി ബന്ധമുണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇയാളെപ്പറ്റിയും വിവരമുണ്ടായില്ലെന്നും സംഘടന വ്യക്തമാക്കുന്നു.

Dutch-Farm-House-5
നിലവറയ്ക്കു സമീപത്തെ കാഴ്ചകളിലൊന്ന്. ചിത്രത്തിനു കടപ്പാട്: BackGrid

നെതർലൻഡ്സിൽ ഇന്നേവരെ സംഭവിക്കാത്ത അപൂർവ സംഭവം എന്നാണു മേയർ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒൻപതു വർഷത്തെ തടവു ജീവിതത്തിനൊടുവിൽ കൂട്ടത്തിൽ ചിലർക്കു സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ലോകത്ത് ആകെ അവശേഷിക്കുന്നത് അവർ മാത്രമാണെന്നു നിലവറയിലുള്ളവരോട് ഗെറിയും ബ്രണ്ണറും പറഞ്ഞിരുന്നതായാണു വിവരം. ‘അന്ത്യനാളുകൾക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു’ നിലവറയിൽ എല്ലാവരുമെന്നും ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള വിശ്വാസവുമായി സംഭവത്തെ ബന്ധപ്പെടുത്തിയുള്ള ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കേസിൽ അടുത്ത വാദം കോടതി 2020 ജനുവരി 21നു കേൾക്കും.

English Summary: Dutchman in cult case 'sexually abused children': Prosecutors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com