ADVERTISEMENT

ന്യൂഡൽഹി∙ നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാകുമെന്ന സൂചനകൾ പുറത്തു വരുമ്പോൾ വധശിക്ഷ നടപ്പിലാക്കാൻ ആരാച്ചാർ ഇല്ലാത്തത് തിഹാർ ജയിൽ അധികൃതരെ വിഷമത്തിലാക്കുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്നാണു ജയിൽ അധികൃതരുടെ കണക്കുകൂട്ടൽ.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിക്കു ഹർജി നൽകുക എന്ന മാർഗം മാത്രമാണു മുന്നിലുള്ളത്. എന്നാൽ പ്രതികളിൽ വിനയ് ശർമ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹർജി നൽകാൻ തയാറായത്. 

വിനയ് ശർമ്മയുടെ ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ആഭ്യന്തര മന്ത്രാലയത്തോട് ശക്തമായി ശുപാർശ ചെയ്തിരുന്നു. ചെയ്ത കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ശക്തമായി വാദിച്ചിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളുന്ന സാഹചര്യമുണ്ടായാൽ കോടതി വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി ‘ബ്ലാക് വാറണ്ട്’ പുറപ്പെടുപ്പിക്കുന്നതാണ് അടുത്ത ഘട്ടം. 

പൊടുന്നനെ വധശിക്ഷയിലേക്കു കടക്കേണ്ട ഒരു സാഹചര്യമുണ്ടായാൽ എന്ത് ചെയ്യാനാകുമെന്നു ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി. ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ ആരാച്ചാർക്കായി പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. പാർലമെന്റ് ഭീകരാക്രമണ കേസ് പ്രതി അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ സന്ദർഭത്തിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു.

ആരാച്ചാരെ ലഭിക്കാതെ വന്ന സാഹചര്യത്തിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ തന്നെയാണ് ലിവർ വലിച്ച് വധശിക്ഷ നടപ്പാക്കിയത്. തിഹാർ ജയിലിൽ ആരാച്ചാർ പോസ്റ്റിൽ സ്ഥിര നിയമനമില്ല. വധശിക്ഷ അപൂർവ്വമായതിനാൽ കരാർ അടിസ്ഥാനത്തിൽ ആവശ്യഘട്ടത്തിൽ ആളുകളെ നിയോഗിക്കുകയാണ് നിലവിലെ രീതി.

രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്.

മുകേഷ്, പവന്‍, അക്ഷയ് എന്നിവർ ദയാഹർജി നൽകാൻ തയാറായിട്ടില്ല. ദയാഹർജി നൽകാൻ ഏഴു ദിവസം സമയം അനുവദിച്ചെങ്കിലും വിനയ് ശർമ്മ ഒഴികെയുള്ള പ്രതികൾ അതിനു തയാറായില്ല. ഇവർക്കു കൂടുതൽ സമയം അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും. ദയാഹര്‍ജി നല്‍കിയിട്ടില്ലെങ്കില്‍ വധശിക്ഷ വാറന്‍റ് പുറപ്പെടുവിക്കാന്‍ ജയില്‍ അധികൃതര്‍ക്കു വിചാരണക്കോടതിയെ സമീപിക്കാം. 2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗം നടക്കുന്നത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.

English Summary: Nirbhaya: Execution nears, but Tihar has no hangman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com