sections
MORE

സമ്പദ്‌വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെയെന്ന് ചിദംബരം; പരിഷ്കാരങ്ങൾക്കു തയ്യാറെന്ന് ധനമന്ത്രി

nirmala%20sitharaman-chidambaram
SHARE

ന്യൂഡൽഹി ∙ ഭാവിയിൽ ജിഡിപിക്ക് വലിയ പ്രസക്തിയില്ലെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ പ്രസ്താവനയ്ക്കു പിന്നാലെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെയെന്ന് മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. ‘ജിഡിപി സംഖ്യകൾ അപ്രസക്തമായി. വ്യക്തിഗത നികുതി കുറച്ചു. കയറ്റുമതി തീരുവ കൂട്ടി. ഇതൊക്കൊയാണ് ബിജെപിയുടെ പരിഷ്കാരങ്ങൾ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ’– അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോക്സഭയിൽ നടന്ന ചര്‍ച്ചക്കിടെയായിരുന്നു നിഷികാന്ത് ദുബെയുടെ പ്രസ്താവന. 1934 ന് മുൻപ് സാമ്പത്തിക സൂചകം നിലവിലില്ലാത്തതിനാൽ ഇത് ഒരു ആത്യന്തിക സത്യമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിഷികാന്ത് ദുബെയുടെ പ്രസ്താവനയ്ക്കു പിന്നാലെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും വിമർശിച്ച് ട്വീറ്റ് ചെയ്തു. പുതിയ ഇന്ത്യയിലെ പുതിയ സാമ്പത്തിക വിദഗ്ധരിൽ നിന്ന് ദൈവം ഞങ്ങളെ രക്ഷിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കൂടുതൽ പരിഷ്കാരങ്ങൾക്ക് സർക്കാർ തയാർ: ധനമന്ത്രി

ഇന്ത്യയെ കൂടുതൽ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പരിഷ്കാരങ്ങൾക്ക് സർക്കാർ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോർപറേറ്റ് നികുതി കുറയ്ക്കുന്നതുൾപ്പെടെ വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യ-സ്വീഡൻ ബിസിനസ് ഉച്ചകോടിയിൽ അവർ പറഞ്ഞു. ‘ബാങ്കിങ്, ഖനനം, ഇൻഷുറൻസ് എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ കൂടുതൽ പരിഷ്കാരങ്ങൾക്കായി ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്’– ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിക്ഷേപം നടത്താൻ അവർ സ്വീഡിഷ് സ്ഥാപനങ്ങളെ ക്ഷണിച്ചു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ മേഖലയിൽ ഏകദേശം 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

∙ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ജിഡിപി കണക്ക് പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.5 ശതമാനമായി കുറഞ്ഞു. ഇത് ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 

കഴിഞ്ഞ വർഷം ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായി. ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം നടപ്പ് സാമ്പത്തിക വർഷത്തിൽ 5.6 ശതമാനമായി കുറച്ചു. 2024 ഓടെ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിന് ലഭിച്ച തിരിച്ചടിയായിരുന്നു അത്. 

English Summary: 'God Save India's Economy': P Chidambaram, Govt open to further reforms: Nirmala Sitharaman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA