sections
MORE

വിവാദച്ചിറകേറി പൊലീസ് ‘കോപ്റ്റർ’ ഇടപാട്; കുറഞ്ഞ വാടക പരിഗണിച്ചില്ല

pawan-hans-halo
പവൻ ഹംസ് ഹെലികോപ്റ്റർ, (ഇടത്) ഹാലൊ എയർവേഴ്സ് ഹെലികോപ്റ്റർ (വലത്)
SHARE

കൊച്ചി∙ പൊലീസ് ആവശ്യങ്ങൾക്കെന്ന പേരിൽ വൻ നിരക്ക് നൽകി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ കുറഞ്ഞ വാടകയ്ക്ക് സർവീസ് നൽകുന്ന കേരളത്തിൽ തന്നെയുള്ള എയർ സർവീസ് കമ്പനിയെ അവഗണിച്ചെന്ന് ആരോപണം. 

കേരള സ്റ്റാർട്ട് അപ് മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹാലൊ എയർവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപേക്ഷ സർക്കാർ പരിഗണിക്കുക പോലും ചെയ്തില്ലെന്നു സിഇഒ ഷോബി പോൾ മനോരമ ഓൺലൈനോടു പറഞ്ഞു. ഇതിന്റെ പകുതി നിരക്കിൽ ഇതിലും മികച്ച എയർക്രാഫ്റ്റ് ദീർഘകാല വാടകയ്ക്ക് ലഭിക്കും എന്നിരിക്കെയാണ് വലിയ നിരക്കിൽ സർക്കാർ മറ്റൊരു കമ്പനിയിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്.

സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നു എന്നറിഞ്ഞ് നേരിട്ട് അപേക്ഷ നൽകുകയായിരുന്നു. ഇതിനു മറുപടി നൽകിയില്ലെന്നു മാത്രമല്ല, പ്രതികരിക്കുന്നതിനു പോലും ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ തയാറായില്ലെന്നും അദ്ദേഹം പറയുന്നു. 

ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനായി പൊതു ടെണ്ടർ പോലും ക്ഷണിക്കാതെ ഏകപക്ഷീയമായി ഡൽഹിയിൽ കേന്ദ്രീകരിച്ചുള്ള പവൻ ഹംസ് എന്ന കമ്പനിയിൽ നിന്ന് ദീർഘകാലത്തേയ്ക്ക് വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എട്ടു മാസം മുമ്പ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് മാവോവാദി ആക്രമണങ്ങൾ നേരിടാനും പ്രളയകാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാമെന്ന ആശയം മുന്നോട്ടു വച്ചത്.

ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ സമിതിയാണ് ഡൽഹിയിൽ നിന്നുള്ള കമ്പനിയിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിക്കുകയും കരാറിലെത്തുകയും ചെയ്തിരിക്കുന്നത്. സർക്കാരിന്റെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയാണ് കരാറിന് ചുക്കാൻ പിടിച്ചത് എന്നാണ് റിപ്പോർട്ട്.

നിലവിൽ കേരളം ഉൾപ്പടെ ആറു സംസ്ഥാനങ്ങളിൽ ഹാലൊ എയർവേഴ്സ് ഹെലികോപ്റ്റർ വാടകയ്ക്കു നൽകുന്നുണ്ട് എന്ന കമ്പനി. ഇപ്പോൾ സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്ന നിരക്ക് വളരെ ഉയർന്നതാണെന്നു മാത്രമല്ല, കുറഞ്ഞ മണിക്കൂറുകളുടെ സർവീസാണ് കരാർ പ്രകാരമുള്ളതെന്ന് ഷോബി പോൾ പറയുന്നു.

സാധാരണ ഒരു മാസത്തേയ്ക്ക് 30 മണിക്കൂർ അല്ലെങ്കിൽ 40 മണിക്കൂർ സർവീസാണ് കമ്പനികൾ ഓഫർ ചെയ്യാറുള്ളത്. 40 മണിക്കൂർ പറക്കുന്നതിന് 11 പേർക്ക് യാത്ര ചെയ്യാവുന്ന ബെൽ 412 പോലെയൊരു ഹെലികോപ്റ്റർ വാടകയ്ക്ക് നൽകുന്നത് ഇന്ധനവും മറ്റ് ചെലവും ഉൾപ്പടെ മണിക്കൂറിന് 2,45,000 രൂപയ്ക്കാണ്. ഇങ്ങനെ വരുമ്പോൾ ഒരു കോടിയിൽ താഴെ മാത്രമാണ് സർക്കാരിനു വരുന്ന ചെലവ്. ഇങ്ങനെയിരിക്കെയാണ് സർക്കാർ 20 മണിക്കൂർ സർവീസിന് 1.44 കോടി രൂപ ചെലവഴിക്കുന്നത്. പിന്നീട് വരുന്ന ഓരോ മണിക്കൂറിനും 75,000 രൂപ വീതം നൽകുകയും വേണം. പ്രതിവർഷം 17.28 കോടി രൂപയാണ് ഇത്തരത്തിൽ പവൻ ഹംസിന് ലഭിക്കുക.

തിരഞ്ഞെടുപ്പു സമയത്ത് ഹാലൊ എയർ സർവീസ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് അഗസ്റ്റ 135 എന്ന കോപ്റ്റർ 3,55,000 രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയിരുന്നത്. ബിജെപി ഔദ്യോഗിക യാത്രകൾക്കു പുറമേ സിയാലിനു വേണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കു വേണ്ടിയും കമ്പനി സർവീസ് നടത്തിയിട്ടുണ്ട്. പ്രളയ കാലത്ത് എഡിജിപി മനോജ് ഏബ്രഹാമിനൊപ്പം ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേക സർവീസ് നടത്തിയിരുന്നതായും ഷോബി പറയുന്നു.

English Summary: Halo Airways Pvt Ltd offers helicopters at lower rate, but refuses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA