ADVERTISEMENT

തിരുവനന്തപുരം∙ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ഫോൺ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്നത് പൊലീസ് പരിശോധിക്കുന്നു. ബഷീർ ഉൾപ്പെട്ടിരുന്ന മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നും കുടുംബ ഗ്രൂപ്പിൽനിന്നും തിങ്കളാഴ്ച രാത്രിയോടെ ബഷീർ ‘ലെഫ്റ്റ്’ ആയതോടെയാണ് ഫോൺ ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായത്. 

അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. ബഷീർ വാട്സാപ്പിനായി ഉപയോഗിച്ചിരുന്ന സിം കാണാതായ ഫോണിലായിരുന്നു. കേസ് അന്വേഷണത്തിൽ ബഷീറിന്റെ ഫോൺ നിർണായകമായതിനാൽ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈൽ കമ്പനികളുടേയും സഹായം തേടി.

ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് മ്യൂസിയം ജംക്‌ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നിൽവച്ച് കെ.എം.ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോൺ കണ്ടെടുക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മറ്റേതെങ്കിലും സിം ഫോണിൽ ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പർ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല. അതിനിടയിലാണ് മരണം നടന്ന് നാലു മാസം പൂർത്തിയാകുന്ന വേളയിൽ ബഷീറിന്റെ നമ്പർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്ന് ‘ലെഫ്റ്റ്’ ആകുന്നത്. 

ഇതു സംബന്ധിച്ച് സൈബർ വിദഗ്ധര്‍ നൽകുന്ന വിശദീകരണം ഇങ്ങനെ: ബഷീറിന്റെ കാണാതായ ഫോണിലെ  വാട്‌സാപ് ആരെങ്കിലും ഡിസേബിൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആൻഡ്രോയിഡ് റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിന്റെ വാട്‌സാപ് ലഭിക്കാൻ ഫോണിൽ ബഷീറിന്റെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരുതവണ റജിസ്റ്റര്‍ ചെയ്താൽ സിം ഇട്ടില്ലെങ്കിലും ഫോണിൽ വാട്‌സാപ് കിട്ടും.

ബഷീറിന്റെ ഫോൺ കിട്ടിയ ആൾ ആ സിം ഊരിമാറ്റിയശേഷം  വൈഫെ ഉപയോഗിച്ച് വാട്‌സാപ് ഡിസേബിൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആൻഡ്രോയിഡ് റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ ഐപി അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താനാകും. ബഷീറിന്റെ നമ്പരിനു പകരം പുതിയ സിം ഫോണിൽ ഉപയോഗിച്ചാൽ ഐഎംഇഐ നമ്പർ ഉപയോഗിച്ച് ആളെക്കുറിച്ചുള്ള വിവരം അനായാസം ശേഖരിക്കാം. ഫോൺ എങ്ങനെ അയാൾക്കു കിട്ടിയെന്നതിന്റെ ഉത്തരം ക്രൈംബ്രാഞ്ചിന് ലഭിക്കും. കേസ് അന്വേഷണത്തിനു സഹായകരമായ രേഖകൾ ഫോണിലുണ്ടോയെന്നു ക്രൈംബ്രാഞ്ചിനു പരിശോധിക്കാനും കഴിയും. 

കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അങ്ങനെ സംഭവിക്കില്ലെന്നാണ് സൈബർ വിദഗ്ധർ നൽകിയ മറുപടി.

English Summary : Police investigation over K M Basheer's phone that lost after accident continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com