sections
MORE

അധികാരത്തിലെത്തി ഒരാഴ്ച: മോദിയുടെ സ്വപ്നപദ്ധതിക്കെതിരെ മുഖ്യമന്ത്രി ഉദ്ധവ്

uddhav%20thackerey-devendra%20fadnavis
SHARE

മുംബൈ ∙ അധികാരത്തിലെത്തി ഒരാഴ്ച തികയും മുൻപേ ഫഡ്നാവിസ് സർക്കാരിന്റെ തീരുമാനങ്ങൾ ഒന്നൊന്നായി തിരുത്തി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊങ്കണിലെ നാനാർ റിഫൈനറി പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തിയ ഗ്രാമീണർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ സർക്കാർ പിൻവലിച്ചു. മെട്രോ പദ്ധതിക്കായി രണ്ടായിരത്തിലേറെ മരങ്ങൾ മുറിച്ച് കാർഷെഡ് നിർമിക്കാനുള്ള പദ്ധതി മരവിപ്പിക്കാനും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പുനരവലോകനത്തിനും തീരുമാനിച്ചതിനു പിന്നാലെയാണ് നാനാർ പ്രക്ഷോഭകർക്കെതിരെയുളള കേസുകൾ പിൻവലിച്ചിരിക്കുന്നത്. ശിവസേനയ്ക്കു വേരോട്ടമുള്ള കൊങ്കൺ മേഖലയിൽ അതു പിടിച്ചുനിർത്താൻ അവർക്ക് ഉപകാരപ്പെടുന്നതാണു കേസ് പിൻവലിക്കാനുള്ള തീരുമാനം. 

സഖ്യക്ഷിയായ ശിവസേനയുടെ അഭിപ്രായം അവഗണിച്ച് ബിജെപിയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളാണ് മെട്രോ കാർ ഷെഡ് നിർമാണവും ബുള്ളറ്റ് ട്രെയിൻ പദ്ധതിയും. നാനാർ പദ്ധതിക്കെതിരെ ശിവസേന പരസ്യമായി രംഗത്തുണ്ടായിട്ടും അതും അവഗണിച്ച് ഫഡ്നാവിസ് സർക്കാർ മുന്നോട്ടു പോയി. ഇപ്പോൾ അധികാരത്തിന്റെ ചുക്കാൻ കയ്യിൽ ലഭിച്ചതോടെ പ്രഥമ പരിഗണനയോടെ അവയിലെല്ലാം തങ്ങളുടെ നിലപാട് അനുസരിച്ച് തീരുമാനങ്ങളെടുത്തിരിക്കുകയാണ് ഉദ്ധവ്. 

അധികാര വിഭജനം: അഘാഡി നേതാക്കൾ ചർച്ചയ്ക്ക്

മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിപദം, മന്ത്രിപദങ്ങൾ എന്നിവ സംബന്ധിച്ച് തീരുമാനം നീളുമ്പോൾ  മഹാ വികാസ് അഘാഡി നേതാക്കൾ അധികാര വിഭജനം സംബന്ധിച്ച് വൈകാതെ ചർച്ച ആരംഭിക്കുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. വിശ്വാസവോട്ട്,  സ്പീക്കർ തിരഞ്ഞെടുപ്പ് എന്നിവ പൂർത്തിയാക്കി നിയമസഭ 16-ാം തീയതി വരെ പിരിഞ്ഞിരിക്കെ, സാവകാശമെടുത്തു മതി മന്ത്രിസഭാ വികസനം എന്ന നിലപാടിലാണ് അഘാഡി. 

16ന് ആരംഭിക്കുന്ന ശീതകാല സമ്മേളനവേളയിൽ മന്ത്രിസഭാ വികസനത്തിനാണു സാധ്യത. സത്യപ്രതിജ്ഞ ചെയ്ത 6 മന്ത്രിമാരുടെ വകുപ്പുകൾ അതിനു മുൻപ് പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി ഉദ്ധവ് സൂചന നൽകി. സ്പീക്കർസ്ഥാനം കോൺഗ്രസ് ഏറ്റെടുത്തതോടെ അവർക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കാനിടയില്ല. എൻസിപിയുടെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് അജിത് പവാറിന്റെ പേരു തന്നെയാണ് ഇപ്പോഴും ഉയർന്നു കേൾക്കുന്നത്. ഉപമുഖ്യമന്ത്രിസ്ഥാനം ജയന്ത് പാട്ടീലിനു നൽകി പകരം അജിത്തിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കുന്നതു സംബന്ധിച്ച ചർച്ചയും പാർട്ടിയിലുണ്ട്. എന്നാൽ, അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല.

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കും പുനഃപരിശോധന

മുംൈബ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പുനഃപരിശോധിക്കാൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ തീരുമാനിച്ചത് കേന്ദ്ര-സംസ്ഥാന ബന്ധത്തിലും ബിജെപി-സേന ബന്ധത്തിലും വിള്ളൽ രൂക്ഷമാക്കും. അധികാരമേറ്റ് ഒരാഴ്ച തികയും മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിക്കെതിരെ മുഖ്യമന്ത്രി ഉദ്ധവ് രംഗത്തെത്തിയിരിക്കുന്നത്. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള 508 കിലോമീറ്റർ വരുന്ന പാതയ്ക്ക് 1.1 ലക്ഷം കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. 

കർഷകരും ആദിവാസികളും അടക്കം ബുള്ളറ്റ് ട്രെയിൻ പാത കടന്നുപോകുന്ന മേഖലയിലെ ജനങ്ങൾ പദ്ധതിക്കെതിരാണ്. ശിവസേനയും എതിർക്കുന്നു. യാത്രാത്തിരക്ക് ഏറിയ മുംൈബ-ഡൽഹി പാതയ്ക്കു പകരം അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിൻ പദ്ധതി കൊണ്ടുപോകുന്നതിനെയും സേനയടക്കം വലിയൊരു വിഭാഗം നേരത്തെ എതിർത്തിരുന്നു. ഉദ്ധവ് സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് രേഖാമൂലം അറിയിപ്പു ലഭിച്ചിട്ടില്ലെന്നും പദ്ധതി പുനഃപരിശോധിച്ച ശേഷം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് എംഡി അചൽ ഖരെ പറഞ്ഞു.

മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചും പുനഃപരിശോധന നടത്തുമെന്നും സംസ്ഥാനത്തിന്റെ പൊതുകടം 5 ലക്ഷത്തോളം കോടി രൂപയിലെത്തിനിൽക്കെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലേറെ മരം മുറിച്ചു നീക്കി മുംബൈയിൽ മെട്രോ റെയിൽ പദ്ധതിയുടെ കാർ ഷെഡ് നിർമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തടഞ്ഞിരുന്നു. പദ്ധതിക്കായി മരം മുറിക്കുന്നത് നേരത്തെ ശിവസേന എതിർത്തെങ്കിലും അതു വകവയ്ക്കാതെ ഫഡ്നാവിസ് സർക്കാർ മുന്നോട്ടു പോയിരിക്കെയാണ് ഉദ്ധവ് കാർഷെഡ് നിർമാണം സ്റ്റേ ചെയതിരിക്കുന്ന്. 

English Summary: Maharashtra Government to review bullet train project: Uddhav Thackeray

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA