sections
MORE

സമീപവീടുകളുടെ തകരാറ് കമ്പനി പരിഹരിക്കണം; ഫ്ലാറ്റ് പൊളിക്കലിൽ സബ്കലക്ടർ

maradu-flat-demolition
SHARE

കൊച്ചി∙ മരടിൽ ഫ്ലാറ്റ് പൊളിക്കൽ നടപടി പുരോഗമിക്കുന്നതിനിടെ സമീപ വീടുകൾക്ക് വിള്ളലുണ്ടായ സംഭവത്തിൽ കേടുപാടുകൾ കരാറെടുത്ത കമ്പനി സ്വന്തം നിലയിൽ പരിഹരിക്കണമെന്ന് നടപടികളുടെ മേൽനോട്ട ചുമതലയുള്ള സബ്കലക്ടർ സ്നേഹിൽ കുമാർ. ആൽഫാ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നതിൽ കമ്പനിക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. ഇൻഷൂറൻസ് കരാർ പ്രാബല്യത്തിൽ വരുന്നതു വരെയുള്ള കേടുപാടുകൾക്ക് ഫ്ലാറ്റ് പൊളിക്കുന്ന കമ്പനിയായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ നീക്കാനുള്ള ചുമതല മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിക്കു നൽകുന്നതിനു തീരുമാനിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ പ്രോംപ്റ്റ് എന്റർപ്രൈസസ് എന്ന കമ്പനിക്കായിരിക്കും അവശിഷ്ടങ്ങൾ നീക്കാനുള്ള ഉത്തരവാദിത്തം. മരട് നഗരസഭയിൽ ചേർന്ന സാങ്കേതിക സമിതിയാണ് പതിനാറ് അപേക്ഷകരിൽ നിന്ന് പ്രോംപ്റ്റിനെ തിരഞ്ഞെടുത്തത്. മുപ്പത്തിമൂന്ന് ലക്ഷമാണ് കരാർ തുക.

ഫ്ലാറ്റ് പൊളിക്കുമ്പോൾ ചുറ്റുമുള്ള വീടുകളുടെ സുരക്ഷയടക്കം ഉറപ്പാക്കുന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടും ആൽഫ സെറീൻ പൊളിക്കുന്ന വിജയ് സ്റ്റീൽസ് അത് പാലിച്ചില്ല. പണി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതോടെയാണ് സുരക്ഷാ മറയടക്കം കമ്പനി നിർമിച്ചത്. നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചെന്നും സബ് കലക്ടർ പറഞ്ഞു. 

കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാറി താമസിക്കുന്നവർക്ക് വാടകയടക്കമുള്ള സഹായങ്ങൾ ചെയ്യാനാണ് ശ്രമം. പ്രദേശവാസികൾക്ക് ഒരു വർഷത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 125 കോടിയുടെ പരിരക്ഷയ്ക്ക് ഇൻഷുറൻസ് കമ്പനികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഫ്ലാറ്റ് പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്ന വിദഗ്ധൻ എസ്.ബി. സർവത്തേ ഫ്ലാറ്റുകൾ സന്ദർശിച്ചു. 

English Summary: Sub Collector On Maradu Flat Demolition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA